തിരുവനന്തപുരം: ഹരിമോഹനെ കണ്ടാൽ പറയില്ല അവന്റെ കണ്ണുകളിൽ ഇരുട്ടാണെന്ന്. അവന്റെ കലാപ്രകടനം കാണുന്നവരും പറയില്ല അവന് വെളിച്ചം അന്യമാണെന്ന്. പക്ഷേ കാഴ്ചയുടെ വസന്തം ഹരിമോഹന്റെ മുന്നിൽ വാതിൽ കൊട്ടിയടച്ചപ്പോൾ ശബ്ദംകൊണ്ട് മനുഷ്യമനസുകൾ കീഴടക്കുകയാണ് ഈ കലാകാരൻ. ഇന്നലെ ഹയർസെക്കൻഡറി വിഭാഗം മിമിക്രിയിൽ കാണികൾ വിരസത മറന്ന് ചിരിച്ചത് ഹരിയുടെ പ്രകടനം ആസ്വദിച്ചപ്പോഴായിരുന്നു. മത്സരഫലം വന്നപ്പോൾ എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിലെ ഈ പ്ളസ് വൺകാരന് ഒന്നാം സമ്മാനം. അനൗൺസ്മെന്റ് കേട്ട് ഹരി ചിരിച്ചു. ജനിച്ച നാൾ മുതൽ ഇരുട്ട് മാത്രം ശീലിച്ചിട്ടുള്ള ഹരി ശബ്ദാനുകരണത്തിലൂടെ സ്വന്തം ഇടം നേടിയെടുക്കുകയായിരുന്നു.
ജില്ലാ കലോത്സവത്തിൽ ഒരു മുഴുദിന സംഭവ വികാസങ്ങളെ കോർത്തിണക്കി സ്വയം നിർമ്മിച്ച തിരക്കഥയാണ് ഹരി അവതരിപ്പിച്ചത്. പ്രകൃതിയുടെ നിരീക്ഷണപാഠത്തിൽ നിന്നുൾക്കൊണ്ട ശബ്ദങ്ങളെ കോർത്തിണക്കി വേദിയെ കൈയടക്കിയായിരുന്നു പ്രകടനം. പക്ഷികളും വാഹനങ്ങളും ക്ഷേത്രോത്സവവും ടിവി പരിപാടികളും ഷൈജു ദാമോദരന്റെ കമന്ററിയും സദസിനെ ഇളക്കി.
മുൻവർഷങ്ങളിൽ മത്സരിച്ച് മികവ് പുലർത്തിയിട്ടുണ്ട്. ഹരി തബലയും അഭ്യസിക്കുന്നുണ്ട്. ബീന ടീച്ചറാണ് അമ്മയുടെ സ്ഥാനത്ത് നിന്ന് ഹരിക്ക് എല്ലാ പിന്തുണയും നൽകുന്നത്.പ്ലാവറ സ്വദേശികളായ മോഹനന്റെയും ഉമാദേവിയുടെയും മകനാണ് ഹരി. കൂലിപ്പണിക്കാരനായ അച്ഛനാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഹരിയുടെ മൂത്തസഹോദരനായ ശരത്തിനും കാഴ്ച കുറവുണ്ട്. ഡിഗ്രി വിദ്യാർത്ഥിയാണ് ശരത്ത്. ഹരിയുടെ ഇരട്ട സഹോദരനായ ഗിരി പ്ലസ് ടു വിദ്യാർത്ഥിയാണ്.