
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്ന ബി.ജെ.പി - എൻ.സി.പി ബാന്ധവത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എൻ.സി.പി കേരള ഘടകം. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ സംഭവിച്ചതെന്നും മഹാരാഷ്ട്രയിൽ ശിവസേനയയെ പിന്തുണയ്ക്കാനുള്ള എൻ.സി.പി തീരുമാനത്തെ തങ്ങൾ പിന്തുണച്ചത് ബി.ജെ.പി അധികാരത്തിൽ എത്തുന്നത് തടയുന്നതിന് വേണ്ടിയാണെന്നും എൻ.സി.പി സംസ്ഥാന സമിതി അംഗം സലീം പി.മാത്യു പറഞ്ഞു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത അമർഷവും പ്രതിഷേധവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെങ്കിൽ ആ തീരുമാനത്തിനോടൊപ്പം നിൽക്കാൻ തങ്ങളെ കിട്ടില്ലെന്നും സലീം പി. മാത്യു പറഞ്ഞു. ഈ തീരുമാനത്തിലുള അതൃപ്തി ദേശീയ ഘടകത്തെ തങ്ങൾ തീർച്ചയായും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ എൻ.സി.പി പിളർപ്പാണ് ഉണ്ടായതെന്നാണ് വിചാരിക്കുന്നതെന്നും എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അനുമതിയോടെ ഇങ്ങനെയൊരു സഖ്യം സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും സലീം പി.മാത്യു പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ഇന്ന് രാവിലെയോടെയാണ് ക്ളൈമാക്സിലേക്കെത്തിയത്. ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിപ്പിച്ചുകൊണ്ട് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എൻ.സി.പി-ബി.ജെ.പി സഖ്യത്തിലാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം ഇവിടെ നിലവിൽ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ അൽപ്പം മുൻപാണ് രാജ്ഭവനിൽ നടന്നത്. ഉപമുഖ്യമന്ത്രിയാകുന്നത് എൻ.സി.പിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ മരുമകൻ അജിത് പവാറാണ്. ഫഡ്നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.