maharashtra-congress

മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പി-എൻ.സി.പി സഖ്യ സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.ബി.ജെപിയെ മാറ്റി നിർത്തി ഭരണമുണ്ടാക്കാനാണ് കോൺഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നായിരുന്നു പവാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത് എല്ലാം മുൻകൂട്ടിയുള്ള നാടകമായിരുന്നെന്നാണ്. അതേസമയം ശരദ് പവാർ അറിഞ്ഞുകൊണ്ടാണോ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ല'- കെ.സി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യ സർക്കാർ മഹാരാഷ്ട്രയിൽ നിലവിൽ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. അൽപസമയം മുമ്പാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻ.സി.പിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ മരുമകൻ അജിത് പവാറാണ് ഉപമുഖ്യമന്ത്രി.