''ആദ്യം യശോധരന്റെ കഴുത്തിൽ നിന്ന് പാമ്പ് ചുറ്റഴിഞ്ഞു വീണു. പിന്നെ കോവിലകത്തിന്റെ മിനുസ്സമേറിയ തറയിലൂടെ ആയാസപ്പെട്ട് പുളഞ്ഞു പാഞ്ഞുപോയി.
ഇരുട്ടിൽ അത് എവിടെ മറഞ്ഞുവെന്നുപോലും കണ്ടെത്താൻ കഴിഞ്ഞില്ല കിടാക്കന്മാർക്ക്.
അടുത്ത സെക്കന്റിൽ മറ്റൊരു ശബ്ദം. ശ്രീനിവാസകിടാവും ശേഖരകിടാവും വെട്ടിത്തിരിഞ്ഞു.
അവർ കാണുന്നത് ഒരു ചാക്കുകെട്ടു പോലെ തറയിൽ കിടക്കുന്ന യശോധരനെയാണ്.
''യശോധരാ..."
ഭീതിയാൽ എം.എൽ.എ ശ്രീനിവാസ കിടാവിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി വീണു.
യശോധരൻ തറയിൽ കിടന്ന് ഒന്നു പുളഞ്ഞു പാമ്പിനെപ്പോലെ....
പിന്നെ കൈകാലുകൾ നിവർത്ത് തല ഒരു വശത്തേക്കു കുടഞ്ഞു. ഒപ്പം വായിൽ നിന്ന് പതപോലെ തുപ്പൽ പുറത്തുചാടി. കണ്ണുകൾ അവരെ നോക്കി തുറിച്ചുന്തി.
''തീർന്നു..." ശേഖരൻ മന്ത്രിച്ചു.
ഇനി നമ്മൾ എന്തുചെയ്യും ശേഖരാ?" ശ്രീനിവാസകിടാവ് അടിമുടി വിറച്ചു.
''അശനിപാതം ഓരോന്നായി നമ്മുടെ ശിരസ്സിലേക്കു പെയ്തിറങ്ങുകയാണല്ലോ... പിടിക്കപ്പെട്ടാൽ യശോധരന്റെ മരണത്തിനും നമ്മൾ ഉത്തരം പറയണ്ടേ?"
മിണ്ടാനായില്ല ശേഖരന്.
ഡൈനിങ് ടേബിളിലെ കസേരയിലേക്ക് അയാൾ വേച്ചുപോയി കുഴഞ്ഞിരുന്നു.
കൈമുട്ടുകൾ ടേബിളിനു മുകളിലൂന്നി മുഖം അതിലേക്കു ചായ്‌ച്ചു.
''ശേഖരാ..."
ശ്രീനിവാസ കിടാവിന് അസ്വസ്ഥതയേറി. ഞരമ്പുകളിലൂടെ തിരമാല കണക്കെ ചോര തലച്ചോറിലേക്ക് ഇരച്ചുകയറുന്ന പ്രതീതി.
ശേഖരൻ മുഖമുയർത്തി.
''കഴിഞ്ഞുപോയതിനെക്കുറിച്ച് ഒന്നും ഓർത്ത് പ്രഷർ കൂട്ടിയിട്ടില്ല ചേട്ടാ നമ്മള് ഇതുവരെ! ഇക്കാര്യത്തിലും അങ്ങനെ തന്നെ. വരുന്നിടത്തു വച്ചുതന്നെ നമ്മൾ നേരിടും." ശേഖരൻ ചാടിയെഴുന്നേറ്റു.
ഇക്കാര്യത്തിലും അങ്ങനെതന്നെ. പക്ഷേ ഇവിടെ നിന്ന് വാരിയെടുക്കാവുന്നത്രയും നമ്മൾ കൊണ്ടുപോകും. അക്കാര്യത്തിൽ സംശയം വേണ്ടാ. അതിനു മുമ്പ് കോവിലകത്തിനു പുറത്തിറങ്ങാനുള്ള വഴി കണ്ടെത്തണം."
ശേഖരൻ അടുക്കളയിലേക്കോടി. അവിടെ നിന്നു പുറത്തേക്കുള്ള വാതിലിന്റെ സാക്ഷകൾ നീക്കി.
വാതിൽ വലിച്ചു തുറക്കാൻ ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. അത് പുറത്തുനിന്നും ഓടാമ്പൽ ഇട്ടിരിക്കുകയാണ്.
അയാൾ തിരിഞ്ഞ് പുറത്തേക്കുള്ള മുൻ വാതിലിനു നേർക്കു പാഞ്ഞു. ആനവാതിൽ അനക്കാൻ പോലും കഴിയുന്നില്ല.
ഇനി രക്ഷപെടാനുള്ള ഏക മാർഗം നിലവറയിൽ നിന്നുള്ളതാണ്. അത് തങ്ങൾ ഇവിടേക്കു വന്ന വഴിയാണ്.
ആരോ പാറകൾ ഇറക്കിയിട്ടിരിക്കുന്നതിനാൽ അതിനും സാദ്ധ്യമല്ലെന്ന് കിടാക്കന്മാർക്ക് അറിയാം.
തട്ടിൻപുറത്തു കയറിയാലും രക്ഷയില്ല. ഓടുകൾക്കു താഴെ പലകകൾ അടുപ്പിച്ചു തറച്ചു പിടിപ്പിച്ചിരിക്കുകയാണ്.
കോവിലകത്തുകൂടി അങ്ങിങ്ങോടി ശേഖരൻ കുഴഞ്ഞു.
പൊടുന്നനെ ആ ശബ്ദം വീണ്ടും കേട്ടു.
''ഓടിത്തളർന്നോ കിടാവേ... ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് ഇവിടെ നിന്ന് ഇനി മോചനമില്ലെന്ന്. ശരിക്കും അരക്കില്ലത്തിൽ പെട്ടതു പോലെയാണു നിങ്ങൾ... ഇനി രക്ഷപെടാൻ ഒരു വഴി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളു. അത് ഞാൻ പറഞ്ഞുതരാം. പകരം എനിക്കെന്തു തരും?
ആ ചോദ്യം കേട്ടതും കിടാക്കന്മാരുടെ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം മിന്നി.
''എന്തും തരും. ചോദിച്ചോളൂ." പറഞ്ഞത് ശ്രീനിവാസ കിടാവാണ്.
''നിങ്ങൾക്ക് അതിനുള്ള കഴിവുണ്ടെന്ന് എനിക്കറിയാം. സൃഷ്ടിയും സംഹാരവും നടത്തുന്നവരാണല്ലോ നിങ്ങൾ? സൃഷ്ടി പക്ഷേ അന്യന്റെ ഭാര്യയുടെ ഗർഭപാത്രത്തിൽ ആണെന്നു മാത്രം! അതുപോകട്ടെ. എന്റെ ആവശ്യം എത്രയും വേഗം നിർവഹിച്ചാൽ നിങ്ങൾക്ക് അത്രയും വേഗത്തിൽ പോകാം."
''ഞങ്ങൾ സമ്മതിച്ചെന്നു പറഞ്ഞില്ലേ... ചോദിച്ചോളൂ."
ശ്രീനിവാസ കിടാവിനു തിടുക്കമായി.
''നല്ലത്. ആദ്യം എനിക്ക് രാമഭദ്രൻ തമ്പുരാനെയും വസുന്ധരത്തമ്പുരാട്ടിയെയും വേണം. പിന്നെ അനന്തഭദ്രൻ തമ്പുരാനെ. അവസാനം നിങ്ങൾ പെട്രോളിൽ മുക്കി കത്തിച്ചുകൊന്ന പാഞ്ചാലിയെയും അവളെ സ്നേഹിച്ച വിവേക് എന്ന ചെറുപ്പക്കാരനെയും... കൊണ്ടുത്താ. തന്നിട്ട് പൊയ്‌ക്കോ..."
കിടാക്കന്മാർ സ്തബ്ധരായി.
അവർ പരസ്പരം നോക്കിയതല്ലാതെ മിണ്ടിയില്ല.
ആ ശബ്ദം വീണ്ടും കേട്ടു.
''തരാൻ ബുദ്ധിമുട്ടാണ്. അല്ലേ? നമുക്ക് തിരികെ നൽകുവാൻ കഴിയാത്തതൊന്നും നശിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇതാണ് അനുഭവം. പിന്നെ.... ഇനി ഈ കോവിലകത്തെ സമ്പത്തുകളൊന്നും വാരിക്കൊണ്ട് പോകാമെന്ന് നിങ്ങൾ കരുതണ്ടാ. ചെയ്തുപോയ പാപങ്ങളുടെ കണക്കെടുക്കാനും പശ്ചാത്തപിക്കാനും മാത്രമാണ് ഇനി നിങ്ങളുടെ അല്പ ജീവിതം."
ശബ്ദം നിലച്ചു. ഒപ്പം എന്തോ നിരങ്ങി നീങ്ങുന്നതു പോലെ... ഏതോ വാതിൽ തുറന്നടയുന്നതു പോലെയും...
''ചേട്ടാ." ശേഖരൻ വിളിച്ചു.
''പുറത്തേക്കുള്ള വാതിലുകൾ വെട്ടിപ്പൊളിച്ചിട്ടായാലും നമ്മൾ രക്ഷപെടും. അക്കാര്യത്തിൽ സംശയം വേണ്ടാ. അതിനു മുൻപ് ഇവന്റെ ബോഡി ഒളിപ്പിക്കണം. പിടിക്ക്."
കിടാക്കന്മാർ യശോധരന്റെ രണ്ട് കൈകളിലും പിടിച്ചു. പിന്നെ നിലവറയ്ക്കു നേരെ വലിച്ചുകൊണ്ടുപോയി.
ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പണ്ട് തങ്ങൾ രത്നങ്ങൾ കവർന്ന കല്ലറയുടെ മൂടി ആയാസപ്പെട്ടു നീക്കി.
ശേഷം യശോധരന്റെ ശരീരം ഉയർത്തി അതിനുള്ളിലേക്കിട്ടു. പിന്നെ കല്ലറയുടെ സ്ളാബ് പഴയതുപോലെയാക്കി.
തുടർന്ന് നിലവറയിൽ നിന്നു പുറത്തിറങ്ങി.
ആ സെക്കന്റിൽ കോവിലകത്തെ ലാന്റ് ഫോൺ ശബ്ദിച്ചു. അത് ഇടിമുഴക്കമായി അവരുടെ കാതുകളിൽ പുളഞ്ഞിറങ്ങി...
(തുടരും)