തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് വിദേശത്തേക്ക് പോകുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഒരു ചർച്ച നടത്തുക പോലും ചെയ്യാതെയാണ് ഗതാഗതമന്ത്രിയുടെ വിദേശയാത്ര.
ഒരാഴ്ചയായി ശമ്പളത്തിനായി ഭരണകക്ഷി യൂണിയനുകൾ സമരം നടത്താൻ തുടങ്ങിയിട്ട്. സമരക്കാരിൽ ചിലർ ആത്മഹത്യ ചെയ്യാൻവരെ ശ്രമിച്ചിരുന്നു. സർക്കാരിനോട് അമ്പത് കോടി ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി തോമസ് ഐസക് ഇതിനെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടുമില്ല.
കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച നടത്താൻ രണ്ട് പ്രാവശ്യം മന്ത്രി തലത്തിൽ ചർച്ച തീരുമാനിച്ചെങ്കിലും അതും നടന്നില്ല. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗവും ശമ്പളകാര്യത്തില്‍ തീരുമാനമാകാത്തത് കാരണം മാറ്റിവെക്കേണ്ടി വന്നു.
15ദിവസത്തെ ശമ്പളം കിട്ടിയെങ്കിലും വായ്പ കുടിശികയിനത്തിൽ മിക്ക ജീവനക്കാരുടെയും പൈസ ബാങ്കുകാർ പിടിച്ചു. അടുത്തമാസം നാലാം തീയതിയെ ഗതാഗത മന്ത്രി തിരിച്ചെത്തുകയുള്ളു.അതുവരെ ചർച്ച നടക്കുകയുമില്ല. ചുരുക്കിപറഞ്ഞാൽ ശമ്പളത്തിനായി നിരാഹാരം കിടക്കുന്ന ജീവനക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായിരിക്കുകയാണ്.
അതേസമയം ഡ്രൈവർ,കണ്ടക്ടർ,മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് ഇന്നും നാളെയുമായി ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.