മുംബയ്: തിരഞ്ഞെടുപ്പ് ഫലം വന്നു ഒരാഴ്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കാതിരുന്നതിന് കാരണമായത് ശിവസേനയുടെ പിടിവാശിയായിരുന്നു. എന്നാൽ ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലും, പണിപ്പെട്ട സഖ്യ രൂപീകരണത്തിന് ശേഷവും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ശിവസേനയെ മലർത്തിയടിച്ചിരിക്കുകയാണ് ബി.ജെ.പി. ഫഡ്‌നാവിസ് മുൻപിൽ ഉണ്ടായിരുന്നെങ്കിലും ഗോവയ്ക്കും. കർണാടകത്തിനും, മിസോറാമിനും ഹരിയാനയ്ക്കും ശേഷം അമിത് ഷായുടെ തന്ത്രങ്ങൾക്കാണ് ഒടുവിൽ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത് എന്നുവേണം മനസിലാക്കാൻ. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോൺഗ്രസിനും ശിവസേനയ്ക്കും ഏറ്റിരിക്കുന്നത്. എന്നാൽ കോൺഗ്രസ് എൻ.സി.പി ശിവസേന സഖ്യചർച്ചകൾ ആരംഭിക്കും മുൻപുതന്നെ എൻ.സി.പി - ബി.ജെ.പി ബാന്ധവത്തിന് തുടക്കമായിരുന്നു എന്നും കരുതേണ്ടി വരും.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ശരദ് പവാർ പറഞ്ഞിരുന്നതെങ്കിലും കോൺഗ്രസിന് ഇക്കാര്യത്തിൽ സംശയം ആരംഭിച്ചിരുന്നു. എന്നാൽ സഖ്യചർച്ചകൾ ഏതാണ്ട് പൂർണമായ സ്ഥിതിക്ക് ഇത്തരത്തിൽ ഒരു അട്ടിമറിയുടെ സൂചനകൾ പാർട്ടി അവഗണിച്ചിരുന്നിരിക്കാം. ശിവസേനയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ശിവസേന ഇതരപാർട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനായി ശിവസേന കാര്യമായി പണിയെടുക്കുകയും ചെയ്തു. ആദ്യമായി ഇടഞ്ഞുനിന്ന കോൺഗ്രസിനെ അനുനയിപ്പിപ്പിക്കാനായിരുന്നു ശിവസേനയുടെ ശ്രമം. ഇതിനായി മുൻപെങ്ങും ഇല്ലാത്ത തരത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ഫോണിൽ ചർച്ചകൾ നടത്തി.
എന്നിട്ടും 'വർഗീയ' പാർട്ടിയെന്ന് വിളിച്ചുകൊണ്ട് ശിവസേനയോട് വഴങ്ങാതിരുന്ന കോൺഗ്രസിനെ എൻ.സി.പി ഇടപെട്ടാണ് ഒരുവിധം അനുനയിപ്പിച്ചെടുത്തത്. പിന്നീട് നീണ്ട ചർച്ചകളുടെ ദിവസങ്ങളായിരുന്നു. ഏതാണ്ട് തുടക്കം മുതൽ തന്നെ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആകുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ല എന്ന നിലപാടായിരുന്നു എൻ.സി.പിക്ക്. അഞ്ച് വർഷ കാലത്തേക്ക് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും എന്നതായിരുന്നു എന്നലെ ചേർന്ന ത്രികക്ഷി യോഗത്തിലും തീരുമാനം വന്നത്. ഇന്ന് രാവിലെ ഇക്കാര്യം പ്രഖ്യാപിക്കാനിരിക്കയായിരുന്നു ഒറ്റ രാത്രി കൊണ്ട് കാര്യങ്ങളെല്ലാം മലക്കം മറിഞ്ഞത്.
മൂന്ന് സുപ്രധാന നീക്കങ്ങളാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുന്നതിനായി അമിത് ഷാ എന്ന ബുദ്ധിരാക്ഷസൻ പ്രയോഗിച്ചതെന്ന് കരുതപ്പെടുന്നത്. എൻ.സി.പിയിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടുള്ളതായിരുന്നു ഇതിൽ ആദ്യത്തേത്.കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെയും സഹോദര പുത്രനും നിലവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെതിരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടിയുടെ ആരോപണമാണ് ഉയർന്നിരുന്നത്. ഈ ആരോപണം എൻ.സി.പിയെ വരുതിയിലാക്കാൻ ബി.ജെ.പി ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് അനുമാനം.
കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ കാലത്ത് ബി.ജെ.പിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എൻ.സി.പിയെ അട്ടിമറിച്ച് ശിവസേന ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചിരുന്നു. ഇത്തവണയും ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് അധികാരം പിടിക്കുന്നതിനായി രഹസ്യമായി എൻ.സി.പി നീങ്ങിയത് ബി.ജെ.പിക്ക് ഗുണകരമായി ഭവിച്ചു. ഇതിന്റെ ഭാഗമായാണ് എൻ.സി.പി ശിവസേനയുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് സഖ്യചർച്ചകൾക്ക് ചുക്കാൻ പിടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നു. ഇതിലൂടെ അധികാരത്തിനായി തങ്ങളെ കൈവിട്ട ശിവസേനയെ ഒരു പാഠം പഠിപ്പിക്കാനും ബി.ജെ.പിക്ക് സാധിച്ചു. മൂന്നാമതായി കോൺഗ്രസിന്റെ മതേതര നിലപാടിലെ കള്ളത്തരം പൊളിച്ചുകാട്ടാനായെന്നതും ബി.ജെ.പിയുടെ നേട്ടമാണ്. വർഗീയ സ്വഭാവം പ്രകടിപ്പിക്കുന്ന, ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായി സഖ്യം രൂപീകരിക്കാൻ തയാറായതിലൂടെ ഉയർത്തിപ്പിടിച്ച മതേതര മനോഭാവം അധികാരത്തിനായി വെടിയാൻ തങ്ങൾ തയാറാണെന്ന് നിശബ്ദം പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ്.