
തിരുവനന്തപുരം: ഷഹല ഷെറിൻ (10) എന്ന അഞ്ചാം ക്ലാസുകാരി കേരള ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് മരണത്തിന് കീഴടങ്ങിയത്. ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന ആക്ഷേപം നിലനിൽക്കുകയാണ്. അതോടൊപ്പം തന്നെ വർഷങ്ങൾക്ക് മുമ്പ് മധുസൂദനെന്ന ഡോക്ടർ കാണിച്ച ധൈര്യം, ഷഹലയെ ചികിത്സിച്ച ഡോക്ടർമാർ കാണിച്ചിരുന്നെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമെന്ന അഭിപ്രായമുള്ള നിരവധിയാളുകളും സോഷ്യൽ മീഡിയയിലുണ്ട്.
1985ൽ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റ് അവശനിലയിലായ 17കാരി ഡോക്ടറിന്റെ മുന്നിലെത്തി. ഞരമ്പുകൾ തളരുകയും ശരീരം നീലിക്കുകയും ചെയ്തിരുന്നു. ജീവൻ രക്ഷാ മരുന്നായ ആന്റിവെനം സ്റ്റോക്കുമില്ല. ചില ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും കിട്ടിയുമില്ല. രോഗിയാണെങ്കിൽ പതിയെ പതിയെ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
എന്നാൽ അവളെ വെറുതെ മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്ടർ ഒരുക്കമല്ലായിരുന്നു.കളയാൻവെച്ചിരുന്ന മരുന്നുകളുടെ ശേഖരം അരിച്ചുപെറുക്കിയപ്പോൾ അതിൽ നിന്ന് 13വർഷം പഴക്കമുള്ള ആന്റിവെനം കണ്ടെത്തി. രോഗിയെങ്ങാനും മരിക്കുകയാണെങ്കിൽ പഴയ മരുന്ന് കുത്തിവെച്ചെന്ന പേരുദോഷം ഉണ്ടാകുമെന്നൊന്നും അദ്ദേഹം അപ്പോൾ ചിന്തിച്ചില്ല. കട്ടപിടിച്ചിരുന്ന മരുന്ന് ഡിസ്റ്റിൽഡ് വാട്ടറിൽ കലക്കി കൈവെള്ളയിൽ തിരുമ്മി ചൂടാക്കി നേർപ്പിച്ചെടുത്തു. ഈ മരുന്ന് സാവധാനം രോഗിയുടെ ശരീരത്തിൽ കുത്തിവച്ചു. പാർശ്വഫലമുണ്ടാകുമോയെന്ന പേടിയോടെയാണ് കുത്തിവച്ചത്. എന്നാൽ ദൈവം അവൾക്കൊപ്പമായിരുന്നു.17കാരി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
കാലം മാറി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിലെല്ലാം നിർബന്ധമായും സൂക്ഷിക്കേണ്ട മരുന്നായി ആന്റിവെനം മാറി. ബത്തേരി താലൂക്ക് ആശുപത്രിൽ ഈ മരുന്ന് ഉണ്ടായിട്ടും എന്തുകൊണ്ട് ഷഹലയ്ക്ക് ആ മരുന്ന് നൽകിയില്ല എന്ന് ചോദിക്കുന്നതിന് മുമ്പ് എന്താണ് ആന്റിവെനമെന്ന് അറിയണം.
എന്താണ് ആന്റിവെനം
രോഗിയുടെ രക്ഷിതാക്കളുടെ അനുമതിക്ക് പോലും കാത്തുനിൽക്കാതെ ഡോക്ടർക്ക് ഉപയോഗിക്കാനാകുന്ന മരുന്നാണിത്. അതേസമയം ഉയർന്ന മരുന്ന് കുത്തിവയ്ക്കുമ്പോഴുള്ള അപകട സാധ്യത മറ്റ് മരുന്നുകളേക്കാൾ ആന്റിവെനത്തിന് കൂടുതലാണ്. മരുന്നിന്റെ ഗുണദോഷാനുപാതം 100:10 (നൂറ് രോഗിയിൽ പ്രയോഗിച്ചാൽ പത്ത് പേർക്കെങ്കിലും മരണം സംഭവിക്കാം)ആണ്. ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർമാർക്ക് നേരെയും ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടാകാനും സാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികളിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ഈ മരുന്ന് നൽകാൻ തയ്യാറാവുകയുള്ളു.
അതേസമയം പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് തടിയൂരുന്ന ഡോക്ടർമാർ ഉണ്ടെന്ന ആക്ഷേപവുമുണ്ട്. മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ചാൽ ഒന്നിൽക്കൂടുതൽ സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭക്കുമെന്നത് ശരിതന്നെ. എന്നാൽ റഫർ ചെയ്ത് തലയൂരുന്നതിന് മുമ്പ് രോഗിയുടെ അപ്പോഴത്തെ അരോഗ്യസ്ഥിതിയും കണക്കാക്കേണ്ടതുണ്ട്. ഇവിടെയാണ് ഷഹലയെ ചികിത്സിച്ച ഡോക്ടർക്ക് തെറ്റുപറ്രിയതെന്ന് പറയേണ്ടിവരും. കാരണം അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മൂന്ന് മണിക്കൂറിൽ കൂടുതൽ ദൂരമുള്ള മെഡിക്കൽ കോളേജിലേക്ക് അയച്ചു. അത്രയും സമയം രോഗി അതിജീവിക്കുമോയെന്ന് ഡോക്ടർമാർ ചിന്തിക്കേണ്ടതായിരുന്നു. ഇത്തരത്തിൽ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് തള്ളിവിടുന്നതിലും ഭേദം ആന്റിവെനം കുത്തിവച്ച് ജീവൻ രക്ഷിക്കാൻ ഒന്ന് പരിശ്രമിക്കാമായിരുന്നു, ഒരുപക്ഷേ തിരുവനന്തപുരത്തെ 17കാരിയെപ്പോലെ ഷഹലയുടെ ജീവനും രക്ഷപ്പെടുത്താമായിരുന്നു എന്ന അഭിപ്രായവുമായി നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.