mb-rajeesh

ഭീകരരുമായി ബന്ധമുള്ളവരിൽനിന്ന്‌ ബി.ജെ.പി 21.5 കോടി രൂപ സംഭാവന വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരപ്രവർത്തനത്തിന്‌ പണം നൽകിയതിന്‌ അന്വേഷണം നേരിടുന്ന കമ്പനിയിൽനിന്ന്‌ നേരിട്ട് 10 കോടി രൂപയും കമ്പനി ഡയക്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ 11.5 കോടിയും വാങ്ങിയെന്നാണ് കണക്കുകൾ. സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് സി.പി.എം നേതാവ് എം.ബി.രാജേഷ്.

"ഭീകരപ്രവർത്തനത്തിന് പണം കൊടുത്തതിന് അന്വേഷണം നേരിടുന്ന കമ്പനികളിൽ നിന്ന് ബി.ജെ.പിയും പണം വാങ്ങിയെന്നതാണ് ഫ്രോഡുകളെ കുറിച്ചുള്ള പുതിയ വാർത്ത .21.5 കോടിയാണ് അവരിൽ നിന്ന് വാങ്ങി കീശയിലിട്ടത്! ഏതാ കമ്പനി? മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഇഖ്ബാൽ മേമനും അന്താരാഷ്ട്ര അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ആർ.കെ.ഡബ്ല്യു.ഡെവലപ്പേഴ്സും സഹസ്ഥാപനങ്ങളും"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സത്യാനന്തര കാലത്ത് സംഭവിക്കുന്നത് ......... ........... ........... ........... കേസ് കൊടുക്കെടാ കേസ്. സംഘികളുടെ പതിവ് പല്ലവിയാണിത്. ഉത്തരം മുട്ടുന്ന ഏത് വിമർശനത്തിനുമുള്ള ഏക പ്രതിരോധം.(അയോദ്ധ്യ, ശബരിമല, റാഫേൽ തുടങ്ങിയ വിധികൾക്കു ശേഷമാണ് കോടതിയിലൊക്കെ വിശ്വാസം അവർക്ക് വന്നു തുടങ്ങിയത്.) എന്നാൽ ഇനി പറയുന്നതിനെതിരെ അവരും കേസ് കൊടുക്കട്ടെ. അല്ലെങ്കിൽ തെറ്റ് സമ്മതിച്ച് രാജ്യത്തോട് മാപ്പു പറയട്ടെ.


ഭീകരപ്രവർത്തനത്തിന് പണം കൊടുത്തതിന് അന്വേഷണം നേരിടുന്ന കമ്പനികളിൽ നിന്ന് ബി.ജെ.പിയും പണം വാങ്ങിയെന്നതാണ് ഫ്രോഡുകളെ കുറിച്ചുള്ള പുതിയ വാർത്ത .21.5 കോടിയാണ് അവരിൽ നിന്ന് വാങ്ങി കീശയിലിട്ടത്! ഏതാ കമ്പനി? മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഇഖ്ബാൽ മേമനും അന്താരാഷ്ട്ര അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ആർ.കെ.ഡബ്ല്യു.ഡെവലപ്പേഴ്സും സഹസ്ഥാപനങ്ങളും. 2014-15 ൽ സംഭാവന വാങ്ങിയ വിവരം പുറത്തായത് ബി.ജെ.പി.തന്നെ ഇലക്ഷൻ കമ്മീഷന് കൊടുത്ത കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ.

തീർന്നില്ല ഇതേ കമ്പനിയുടെ ഉടമകൾ തന്നെയാണ് 4355 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പി.എം.സി.ബാങ്കിന്റെയും പ്രൊമോട്ടർമാർ. അതായത് ഇവരെല്ലാം ഫ്രോഡുകളുടെ ഒരു കറക്കു കമ്പനിയാണ്. പുറത്തു പറയുന്നത് രാജ്യസ്നേഹം, ഭീകരതക്കെതിരായ പോരാട്ടം അകത്ത് ദേശവിരുദ്ധരുമായും ഭീകരതയെ പാലൂട്ടുന്നവരുമായി കച്ചവടം !പുൽവാമ യിലെ സൈനികരുടെ ചോര വിറ്റ് അധികാരത്തിലേറിയവരുടെ തനിനിറം.

മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പോലീസ് ഓഫീസർ ഹേമന്ദ് കർക്കറെയുടെ വിധവ കവിത രണ്ടു കോടിയുമായി വന്ന 56 ഇഞ്ചനോട് കാണാൻ സൗകര്യമില്ല എന്ന് ധീരമായി പറഞ്ഞത് ഓർക്കുന്നില്ലേ? ഹേമന്ദ് ഉൾപ്പെടെയുള്ളവരെ കൊന്നവരുടെ പണം പറ്റിയവർ മറ്റെല്ലാവരേയും രാജ്യദ്രോഹികളാക്കുന്നു. സത്യാനന്തര കാലത്ത് ഈ രാജ്യ സ്റ്റേഹികളുടെ പുതു ചൊല്ല് ഇങ്ങനെ. " പണത്തിന് മീതെ ഒരു രാജ്യ സ്നേഹവും പറക്കില്ല" വാൽക്കഷണം: ഈ കുറിപ്പ് തീരാറായപ്പോഴാണ് മഹാരാഷ്ട്രയിൽ ഇരുട്ടിന്റെ മറവിലെ ജനാധിപത്യ ഹത്യയുടെ വാർത്ത വരുന്നത്. ഇവർ രാഷ്ട്രീയത്തെത്തന്നെ ഒരു അധോലോക പ്രവർത്തനമാക്കിത്തീർക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.