മുംബയ്: അവസാന നിമിഷത്തിൽ മറുകണ്ടം ചാടി, ബി.ജെ.പിയെ പിന്തുണയ്ക്കാൻ അജിത് പവാർ പോയത് തലേദിവസം ശിവസേനയും കോൺഗ്രസുമായുള്ള ചർച്ചയിൽ പങ്കെടുത്ത ശേഷമെന്ന് വിവരം. ചർച്ചയിൽ നിന്നും ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോയ അജിത് പിറ്റേദിവസം നേരം പുലർന്നപ്പോൾ ബി.ജെ.പി പാളയത്തിൽ ചേർന്നതാണ് കോൺഗ്രസും ശിവസേനയും ഞെട്ടലോടെ കണ്ടത്. അതിനിടെ ഏറെനാളുകളായി പാർട്ടിയിലും കുടുംബത്തിലും അജിത് പവാറുമായി തർക്കങ്ങൾ നിലനിന്നിരുന്നതായി തുറന്നുപറഞ്ഞുകൊണ്ട് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ രംഗത്തെത്തി.
വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയും കുടുംബവും പിളർന്നെന്നാണ് സുപ്രിയ അറിയിച്ചത്. ജീവിതത്തിൽ ആരെയാണ് വിശ്വസിക്കാൻ കഴിയുക എന്നും സുപ്രിയ സുലെ തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ ചോദിക്കുന്നു. ഇതിനുമുൻപ് ഒരിക്കലും ഇങ്ങനെ ചതിക്കപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും താൻ അജിത്തിനെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നും അതിന് തനിക്ക് ചതിയാണ് പകരം കിട്ടിയതെന്നും സുപ്രിയ സുലെ പറയുന്നു. അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്ന് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നു.
എൻ.സി.പി ഈ തീരുമാനത്തെ അംഗീകരിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ലെന്നും തങ്ങൾക്ക് ഈ തീരുമാനത്തിൽ പങ്കില്ലെന്നും ശരദ് പവാർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ വഴിയാണ് ഇക്കാര്യം ശരദ് പവാർ അറിയിച്ചത്. അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും തമ്മിൽ മുൻപേ തന്നെ അധികാര വടംവലി നിലവിലുണ്ടായിരുന്നു. മാത്രമല്ല ശിവസേനയും കോൺഗ്രസുമായും സഖ്യം ചേരുന്നതിനോടും അജിത് പവാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഇരുപാർട്ടികളുമായുള്ള സഖ്യ ചർച്ചകളിലും അജിത് പവാർ നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.