1. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിവസേന എന്‍.സി.പി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരയായിരുന്നു. സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആകുമെന്നും എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തില്‍ തീരുമാനം ആയിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ ആണ് ബി.ജെ.പിയുടെ നാടകീയ നീക്കം
2. എന്നാല്‍, വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്‍ക്ക് ഒടുവിലാണ് എന്‍.സി.പി ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ദേവേന്ദ്ര ഫഡ്നാവിസിനെയും ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകള്‍ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും പ്രധാനമന്ത്രി. മോദിയ്ക്കും അമിത് ഷായ്ക്കും നന്ദി പറയുന്നതായി ദേവേന്ദ്ര ഫട്നാവിസ്
3. പുതിയ നീക്കങ്ങളില്‍ അമ്പരന്ന് കോണ്‍ഗ്രസ്. നടന്നത് ചതി എന്ന് പ്രതികരണം. ചര്‍ച്ചകള്‍ക്ക് സമയം എടുത്തത് തിരിച്ചടി ആയെന്ന് അഭിഷേക് സിംഗ്വി. അജിത് പവാര്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിനെ കുറിച്ച് അറിയില്ലെന്ന് ശരത് പവാര്‍. അജിത് പവാറിന്റെ മാത്രം തീരുമാനം ആണിത് എന്നും തനിക്ക് പങ്കില്ലെന്നും പവാറിന്റെ ട്വിറ്റര്‍ പ്രതികരണം. 22 എം.എല്‍.എമാരുടെ പിന്തുണയോടെ ആണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയത്
4. മഹാരാഷട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് കേരള എന്‍.സി.പി നേതാക്കള്‍. ബി.ജെ.പിയുടെ കൂടെ നിന്ന എന്‍.സി.പിയുടെ തീരുമാനം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല എന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍. അജിത് പവാറിന് എതിരെ നടപടി എടുക്കും എന്നും പീതാംബരന്‍ മാസ്റ്റര്‍. ബി.ജെ.പിക്ക് എതിരായ പ്രഖ്യാപിത നിലപാടില്‍ എന്‍.സി.പി ഉറച്ച് നില്‍ക്കും എന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മഹാരാഷ്ട്രയിലെ നിലപാട് പാര്‍ട്ടി തീരുമാനം അല്ല. കേരളത്തില്‍ എല്‍.ഡി.എഫിന് ഒപ്പം തുടരും എന്നും ശശീന്ദ്രന്‍.ശരദി പവാറിനെ വിരട്ടാന്‍ ശ്രമിച്ചു എന്ന് മാണി. സി. കാപ്പന്‍. എന്‍ഫോഴ്സ്‌മെന്റ് കേസ് ഭയന്നിട്ടാവും അജിത് പവാറിന്റെ നീക്കം. കാപ്പന്‍. ശരദ് പവാര്‍ ഒരിക്കലും കോണ്‍ഗ്രസിനെ മറക്കില്ല എന്നും യു.പി.എയില്‍ തുടരും എന്നും കാപ്പന്റെ പ്രതികരണം
5. സംസ്ഥാന എന്‍.സി.പിയില്‍ ഭിന്നത ഇല്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ നേതൃത്വം അറിയാതെയാണ് എന്‍.സി.പി നിലപാട് എടുത്തത് എന്ന് എ. വിജയരാഘവന്‍. മഹാരാഷ്ട്രയിലെ രാഷ്ട്ട്രീയ അനിശ്ചിതത്വം മുതലാക്കാന്‍ ബി.ജെ.പി ശ്രമിച്ചു. എന്‍.സി.പി കേരള നേതാക്കള്‍ തീരുമാനത്തോട് യോജിക്കുന്നില്ല എന്നും വിജയരാഘവന്‍. ശരദ് പവാറിന് ബി.ജെ.പിയും ആയി കൂട്ടുകൂടാന്‍ കഴിയും എന്ന് വിശ്വസിക്കുന്നില്ല എന്ന് തോമസ് ചാണ്ടി. ശരദ് പവാര്‍ സ്ഥാനമോഹിയല്ല എന്നും തോമസ് ചാണ്ടി. എന്‍.സി.പിക്ക് അങ്ങനെ ഒരു ബന്ധം സാധ്യമല്ല. കോണ്‍ഗ്രസ് സുവര്‍ണാ അവസരം പാഴാക്കി. പിണറായിക്കൊപ്പം ഉറച്ചു നില്‍ക്കും എന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.
6. മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കാംപസിന് അകത്ത് തത്ക്കാലം സമരം വേണ്ടെന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി തീരുമാനം. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ നിലപാടെടുന്നത്. ഐ.ഐ.ടിയില്‍ പരീക്ഷകള്‍ നടക്കുന്ന സമയം ആയതിനാല്‍ ആണ് പ്രതിഷേധം മാറ്റിവച്ചത്. അടുത്തയാഴ്ച പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ ആക്ഷന്‍ കമ്മിറ്റിയോഗം ചേര്‍ന്ന് തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിയ്ക്കും.
7. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഡയറക്ടര്‍ നിഷേധിച്ച സാഹചര്യത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ആയി സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്. അന്വേഷണം സി.ബി.ഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്, എന്‍.എസ്.യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ മാറ്റി വച്ചിരുന്നു. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ തുടരാനാണ് മലയാളി അസോസിയേഷനു കളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും തീരുമാനം
8. വയനാട്ടില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടയെും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ കെ.കെ മോഹനന്‍, അദ്ധ്യാപകന്‍ ഷിജില്‍, പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍, ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ മെറിന്‍ ജോസ്, എന്നിവര്‍ക്ക് എതിരെ ആണ് കേസ്. കുറ്റം ചുമത്തപ്പെട്ട നാല് പേരില്‍ നിന്നും ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തും. ഇവര്‍ക്ക് എതിരെ ബത്തേരി പൊലീസ് ചുമത്തിയിരിക്കുന്നത് സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍. പ്രതിയായ ഡോക്ടര്‍ക്ക് പുറമെ കൂടുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നോ എന്ന് ആരോഗ്യ വകുപ്പും പരിശോധിക്കുന്നുണ്ട്. മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കി ഇരുന്നില്ല എങ്കിലും പൊലീസ് സ്വമേധയാ കേസ് എടുക്കുക ആയിരുന്നു.