ഓട്ടോറിക്ഷകൾ സാധാരണക്കാരന്റെ വാഹനമാണെങ്കിലും മറ്റ് വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ അത്ര സുഖകരമായ യാത്രാനുഭവമല്ല അവ നൽകുക. എന്നാൽ തന്റെ ഓട്ടോയിൽ കയറുന്നവരെ കാര്യമായിത്തന്നെ സുഖിപ്പിക്കാനാണ് മുംബയിലെ ഒരു ഓട്ടോ ഡ്രൈവർ നിശ്ചയിച്ചിരിക്കുന്നത്. അതിനായി സ്വന്തം ഓട്ടോയിൽ ഈ വിദ്വാൻ ഘടിപ്പിക്കാത്ത സംവിധാനങ്ങളില്ല. വാഷ് ബേസിൻ, ടെലിവിഷൻ, മൊബൈൽ ചാർജിംഗ് പോയിന്റ്, അലങ്കാര സസ്യങ്ങൾ എന്നിവയാണ് മുംബയിലെ ഓട്ടോ ഡ്രൈവറായ സത്യവാൻ ഗീഥെ തന്റെ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ശുദ്ധമാക്കിയ വെള്ളവും യാത്രക്കാർക്ക് കുടിക്കാനായി സത്യവാൻ നൽകും. അത് മാത്രമല്ല, ഒരു കിലോമീറ്ററിനകത്ത് മാത്രമാണ് യാത്ര ചെയ്യേണ്ടതെങ്കിൽ സവാരിക്കാർക്ക് കൂലി നൽകാതെ സൗജന്യമായി യാത്ര ചെയ്യാനും സത്യവാൻ അനുവദിക്കും. മുതിർന്ന പൗരന്മാർക്കാണ് ഇയാൾ ഈ ആനുകൂല്യം നൽകുക.
Mumbai: Satyawan Gite, an auto-rickshaw driver has equipped his auto with facilities ranging from wash basin, mobile phone charging points, plants to desktop monitor, in order to provide comfortable rides to passengers. (20.11) pic.twitter.com/gLjZTSG7Yo
ഉപാധികളില്ലാത്ത സൗകര്യങ്ങൾ തന്റെ യാത്രക്കാർക്ക് നൽകുന്ന ഈ ഓട്ടോക്കാരൻ വാഹനത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനായി രസകരമായ പരസ്യ വാചകങ്ങളും ഓട്ടോയുടെ മേൽ എഴുതി ചേർത്തിട്ടുണ്ട്. 'മുംബൈയുടെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോ റിക്ഷ', "ദ കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ', 'മുംബയുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ' എന്നിങ്ങനെയാണ് സത്യവാന്റെ ഓട്ടോയ്ക്ക് മേൽ കാണാനാകുന്ന വാചകങ്ങൾ. ഏതായാലും ഇദ്ദേഹത്തിന്റെ ഈ 'സംരംഭം' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോളിവുഡ് നടി ട്വിങ്കിൾ ഖന്നയും സത്യവാന്റെ 'ഓൾ പർപ്പസ്' ഓട്ടോയുടെ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളുടെ ആരാധകനായ സത്യവാൻ ട്വിങ്കിൾ ഖന്നയേയും നടൻ അക്ഷയ് കുമാറിനെയും ഏറെ ഇഷ്ടപെടുന്നു. അക്ഷയ് കുമാറിനെ നേരിൽ കാണുക എന്നതാണ് സത്യവാൻ ഗീഥെയുടെ ജീവിതാഭിലാഷം.