പനാജി : തുടർച്ചയായ രണ്ടാംവട്ടവും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ ഇടംനേടിയ മലയാളി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇന്നലെ ഇഫിയിൽ പ്രേക്ഷകരെ ആവേശത്തിരയിലാക്കി.
നേരത്തെ തന്നെ ചിത്രത്തിന്റെ ടിക്കറ്റുകൾ മുഴുവൻ പ്രേക്ഷകർ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. സീറ്റ് ലഭിക്കാതെ നിരവധിപ്പേർ നിരാശരായി മടങ്ങി. " ഈ മ യൗ " എന്ന ചിത്രത്തിലൂടെ കഴിഞ്ഞ ഇഫിയിൽ ലിജോ മികച്ച സംവിധായകനുളള രജതമയൂരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ മത്സര വിഭാഗത്തിലുളള രണ്ട് ഇന്ത്യൻ എൻട്രികളിൽ ഒന്നായ ജല്ലിക്കെട്ട് അവാർഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. ടോറന്റോ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ജല്ലിക്കെട്ട് ശ്രദ്ധയാകർഷിച്ചിരുന്നു. സംവിധായകനും അണിയറ പ്രവർത്തകരും ഇഫിയിലെ പ്രഥമ പ്രദർശനത്തിനെത്തിയിരുന്നു.
തപ്സിയുടെ മൂന്ന് മാർഗങ്ങൾ
ഒരു ചിത്രത്തിൽ അഭിനയിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നതിന് തനിക്ക് മൂന്ന് മാർഗങ്ങൾ ഉണ്ടെന്ന്
പ്രശസ്ത നടി തപ്സി പറഞ്ഞു. ഇന്നലെ ഇഫിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഒന്ന്, തന്റെ മുന്നിൽ വരുന്ന പ്രമേയം സിനിമയായാൽ താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ചെലവഴിച്ച് സിനിമയ്‌ക്ക് ടിക്കറ്റെടുക്കാൻ സ്വയം തയാറാകുമോയെന്ന് ആലോചിക്കും.
രണ്ട്, തന്റെ കഥാപാത്രം സിനിമ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുമോയെന്ന് നോക്കും.
മൂന്നാമത്, ഭാവിയിൽ വിവാഹത്തിലൂടെ തനിക്കുണ്ടായേക്കാവുന്ന കുട്ടികൾക്ക് അവരുടെ അമ്മ ഇത്തരമൊരു വഷളൻ ചിത്രത്തിൽ എന്തിന് അഭിനയിച്ചുവെന്ന് ചോദിക്കാൻ ഇടയാക്കുന്നതാവരുത്.
ഈ മൂന്നു കാര്യങ്ങളും ഓകെയായാൽ ചിത്രത്തിന് കൈ കൊടുക്കും. ഹീറോയുടെ താത്പര്യത്തിനനുസരിച്ച് നടിമാർക്ക് അവസരം നഷ്‌ടമാകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ ചോദ്യോത്തരവേളയിൽ നിർബന്ധമായും ഹിന്ദിയിൽ സംസാരിക്കണമെന്ന ചിലരുടെ ആവശ്യം തപ്‌സി പന്നു തള്ളി. 'താനൊരു ദക്ഷിണേന്ത്യൻ നടി കൂടിയാണ്. മാത്രമല്ല, ഇവിടെ സന്നിഹിതരായവരിൽ നല്ലൊരു പങ്കും ഹിന്ദി അറിയാവുന്നവരുമല്ല.' ഇംഗ്ളീഷിലുള്ള സംസാരം തുടർന്നുകൊണ്ട് തപ്‌സി പറഞ്ഞു.
തിരുനാൾ ആഘോഷം
ഇന്നു മുതൽ
ഗോവയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഡിസംബർ മൂന്നിനാണ് തിരുനാൾ. ഇന്ന് ആദ്യ നൊവേന നടക്കും. മലയാളത്തിലും പ്രാർത്ഥന ഉണ്ടായിരിക്കും.