ഇതുവരെ വനിതാ 'നിരീക്ഷകരും' വനിതാ എയർ ട്രാഫിക് കൺട്രോൾ ഓഫീസർ മാരുമാണ് ഇന്ത്യൻ നാവികസേനയിൽ ഉണ്ടായിരുന്നത്. എന്നാൽ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റായി ചാർജെടുക്കാൻ ഒരുങ്ങുകയാണ് ബിഹാറിലെ മുസാഫർപൂർ സ്വദേശിയായ സബ് ലഫ്റ്റനെന്റ് ശിവാംഗി. ഡിസംബർ 2നാണ് തന്റെ പരിശീലനം പൂർത്തിയാക്കിയ ശേഷം ശിവാംഗി സേനയിൽ പൈലറ്റായി പ്രവേശിക്കുക.
രണ്ട് ദിവസം കഴിഞ്ഞ് ഡിസംബർ 4നുള്ള 'നേവി ദിന'ത്തിന് മുൻപാണ് വനിതാ സബ് ലഫ്റ്റനെന്റ് തന്റെ പുതിയ ജോലി ഏറ്റെടുക്കുക. ഡിസംബർ രണ്ടിനാണ് ശിവാംഗിയുടെ പരിശീലനം അവസാനിക്കുന്നത്. കണ്ണൂരിലെ ഏഴിമലയിലുള്ള ഇന്ത്യൻ നേവൽ അക്കാദമിയിലൂടെയാണ് ശിവാംഗി നാവികസേനയുടെ ഭാഗമാകുന്നത്. 27 എൻ.ഒ.സി കോഴ്‌സിന്റെ ഭാഗമായി എസ്.എസ്.സി(പൈലറ്റ്) ആയിട്ടായിരുന്നു ശിവാംഗിയുടെ പ്രവേശനം. കഴിഞ്ഞ വർഷം ജൂണിലാണ് ഇവരെ വൈസ് അഡ്മിറൽ എ.കെ ചൗള ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.
കൊച്ചിയിലെ സതേൺ നേവൽ കമാന്റിന്റെ കീഴിൽ തന്റെ പരിശീലനം തുടരുകയായിരുന്ന ശിവാംഗിക്ക് ഡിസംബർ 2 മുതൽ ഡോർണിയർ 228 വിമാനങ്ങൾ പറപ്പിക്കാനുള്ള അനുവാദമാണ് ലഭിക്കുക. മുസാഫർനഗറിലെ ഡി.എ.വി സ്‌കൂളിലാണ് ശിവാംഗി വിദ്യാഭ്യാസം നേടിയത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തദ്ദേശീയമായി ഡോർണിയർ വിമാനങ്ങൾ നിർമ്മിച്ചെടുത്തത്. നിരീക്ഷണ റഡാർ, ഇലക്ട്രോണിക് സെൻസറുകൾ, നെറ്റ്വർക്കിങ് ഫീച്ചറുകൾ എന്നിവ ഈ വിമാനത്തിലുണ്ട്.
ഇന്ത്യൻ സമുദ്രപ്രദേശത്ത് നിരീക്ഷണ ദൗത്യങ്ങൾ നടത്താൻ ഏറ്റവും അനുയോജ്യമായ വിമാനങ്ങളാണിവ. ഇക്കാര്യത്തിൽ മറ്റ് വിമാനങ്ങളെ ഡോർണിയർ 228 വിമാനങ്ങൾ കവച്ചുവയ്ക്കും. ഈ വർഷം മേയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്തും ഇന്ത്യൻ വ്യോമ സേനയിൽ വ്യോമാക്രമണങ്ങൾ നടത്താൻ യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരുന്നു. മിഗ്-21 ബൈസൺ വിമാനം പറത്താനും അതുപയോഗിച്ച് ആക്രമണം നടത്താനും ഭാവന കാന്തിന് ഇനി കഴിയും.