isro

തിരുവനന്തപുരം:അയോദ്ധ്യയിൽ പള്ളി പൊളിച്ചതിൻെറ പേരിൽ വർഷങ്ങളായി നടന്നുകൊണ്ടിരുന്ന നിയമപോരാട്ടം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ മാറിയിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള വഴക്കോ കലാപമോ ഒന്നുമില്ലാതെ രാജ്യത്തിൻെറ പുരോഗതിക്കായി പിറന്ന മണ്ണും ദേവാലയവും ത്യജിക്കാൻ തയ്യാറായ ഒരു കൂട്ടം ആളുകളുമുണ്ട്. തുമ്പയെന്ന കടലോര ഗ്രാമത്തിലെ ആളുകളാണ് രാജ്യത്തിൻെറ പുരോഗതിക്കായി അങ്ങനെയൊരു ത്യാഗം ചെയ്തത്. അതും ഒരു ജൈനമത വിശ്വാസിയുടെയും, ഒരു ഹിന്ദുവിൻെറയും, ഒരു മുസൽമാൻെറയും അഭ്യർത്ഥനയെത്തുടർന്ന്.

1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നൂറ്റാണ്ടുകൾ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്, ആയതിനാൽ അവ പൊളിച്ചുമാറ്റി ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.

പിൽക്കാലത്ത് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ, ജൈനമതക്കാരനായിരുന്ന ഡോക്ടർ വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ അബ്‌ദുൾ കലാം എന്നിവരായിരുന്നു.

അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ വന്നിട്ടില്ല. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും ഇന്ത്യയിലുണ്ടായിരുന്നില്ല. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും, അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി ഉണ്ടായിരുന്നൊള്ളൂ.പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽവച്ച് കാണാമെന്ന് അറിയിച്ചു.

ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് അദ്ദേഹം വിവരിച്ചു. അതോടൊപ്പം പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും പൊളിക്കാൻ ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും, ബിഷപ്പും, ഒറ്റക്കെട്ടായി നിന്നുകൊണ്ട് ശാസ്ത്രജ്ഞമാർക്ക് എല്ലാവിധ പിന്തുണയും നൽകി. കൂടാതെ നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായി.

പിൽക്കാലത്ത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ തുമ്പ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുണ്ടായി. തുമ്പയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം ഭൂമി സർക്കാർ നൽകിയെങ്കിലും പട്ടയം നൽകിയിരുന്നില്ല. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ അന്നത്തെ തുമ്പ അന്നത്തെ നിവാസികൾക്ക് നീതി ലഭിച്ചിരിക്കുകയാണ്. പള്ളിത്തുറ ദേവാലയത്തിനും സ്കൂളിനും പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.