artificial-intelligence

കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ റഷ്യൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയും കൃത്രിമബുദ്ധിയുമാണ് സർക്കാർ ഇതിനായി ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യ പ്രവർത്തനത്തിൽ വരുത്താൻ സംസ്ഥാന ടെക്നോളജി മന്ത്രിയായ മേകാപതി ഗൗതം റെഡ്ഢി എൻ.എൻ.ടി.സി സോഫ്റ്റ്വെയർ കമ്പനി പ്രതിനിധികളുമായി ചർച്ചകൾ നടത്തി. സ്മാർട്ഗ്ളാസ്‌ ഉപയോഗിച്ച് ഒരു ഫ്രെയിം പെർ സെക്കൻഡിൽ 15 മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നും ഇത്തരത്തിൽ 10 ലക്ഷം മുഖങ്ങൾ ക്‌ളൗഡ്‌ ടെക്നോളജി വഴി സൂക്ഷിച്ച് വയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറയുന്നു. സ്മാൾ ഡാറ്റാ സർവറാണ് ഇതിനായി ഉപയോഗിക്കുന്നത്. മേകാപതി ഗൗതം റെഡ്ഢി പറയുന്നു. ഇത്തരം സ്മാർട്ട് കണ്ണടകൾ പൊലീസിനാണ് സർക്കാർ നൽകുക.

ഒരാൾ കുറ്റവാളി ആണെങ്കിൽ, ഒരു സ്വിച്ച് ഞെക്കുന്നത് വഴി സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് മുഖങ്ങളിൽ നിന്നും കുറ്റവാളിയുടെ മുഖം തിരിച്ചറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ മേന്മ. ബസ് സ്റ്റേഷനുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ ചെറിയ തോതിലാകും ഈ പദ്ധതി നടപ്പിൽ വരുത്തുക. ഉപയോഗപ്രദമെന്ന് തോന്നിയാൽ ഇത് വിപുലീകരിക്കും. ഡ്രോണുകൾ, കാറുകൾ, മറ്റ് വാഹനങ്ങൾ, മൊബൈലുകൾ, ശരീരത്തിൽ ഘടിപികുന്ന ക്യാമറകൾ ഈ സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കാൻ ആകുമെന്നും ഇതിന്റെ നിർമാതാക്കൾ പറയുന്നുണ്ട്. സാധാരണ കുറ്റവാളികളെ മാത്രമല്ല, തീവ്രവാദികളെയും നക്സലുകളെയും ഈ സംവിധാനം വച്ച് പിടികൂടാൻ സാധിക്കുമെന്നും സർക്കാർ കരുതുന്നു. ഈ പദ്ധതിക്ക് അന്തിമ രൂപം നൽകാനായി വീണ്ടും നിർമാണകമ്പനിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ആന്ധ്രാ പ്രദേശ് സർക്കാർ.