maharashtra

മുംബയ്: മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻ.സി.പി എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന. മദ്ധ്യപ്രദേശിലേക്ക് മാറ്റാനാണ് ആലോചന. അതേസമയം, തങ്ങൾക്കൊപ്പമുള്ള വിമത എം.എൽ.എമാരെ മാറ്റാൻ ബി.ജെ.പിയും നീക്കം നടത്തുന്നുണ്ട്. ഒമ്പത് എൻ.സി.പി എം.എൽ.എമാരെ ബി.ജെ.പി ഡൽഹിയിൽ എത്തിക്കും.

എൻ.സി.പിയുടെ 13 എം.എൽ.എമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ,​ സംയുക്തമായി ഉടൻ സുപ്രീം കോടതിയിൽ പോകണമെന്നാണ് കോൺഗ്രസ് എൻ.സി.പിക്കും ശിവസേനയ്ക്കും മുന്നിൽവച്ചിരിക്കുന്ന നിർദേശം.

വിശ്വാസവോട്ടെടുപ്പിൽ ഫഡ്നാവിസ് സർക്കാരിനെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗവർണറുടെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും. ബി.ജെ.പി നടപടി അന്തസില്ലായ്മയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് കരിദിനമെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. എൻ.സി.പിയും ശിവസേനയും കോൺഗ്രസും ഒന്നിച്ചുനിൽക്കും. സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഒരു നിമിഷം പോലും വൈകിച്ചില്ലന്നും അദ്ദേഹം വ്യക്തമാക്കി.