2019 ഒക്ടോബർ 24
തിരഞ്ഞെടുപ്പം ഫലം പുറത്തുവന്നു. 105 സീറ്റിലൊതുങ്ങിയ ബി.ജെ.പിയെ തളയ്ക്കാനൊരുങ്ങി 56 സീറ്റുകളുള്ള ശിവസേന. മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ശിവസേനയുടെ ആവശ്യം. മുൻനിശ്ചയപ്രകാരമുള്ള 50: 50 അനുപാതത്തിനുവേണ്ടി സേനാ അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ വാദം. മയപ്പെടാതെ ബി.ജെ.പി.
ഒക്ടോബർ 25
മുഖ്യമന്ത്രിപദവും നിർണായക മന്ത്രിസ്ഥാനങ്ങളും തുല്യമായി വീതംവയ്ക്കണമെന്ന ആവശ്യത്തിലുറച്ച് ശിവസേന. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ബി.ജെ.പിയെയും വിമർശിച്ച് ശിവസേന മുഖപത്രമായ സാംമ്‌നയിൽ ലേഖനം. സർക്കാർ രൂപീകരണത്തിന് ശിവസേന- എൻ.സി.പി-കോൺഗ്രസ് സഖ്യമുണ്ടാകുമെന്ന ആദ്യസൂചനകൾ പുറത്ത്. നിഷേധിച്ച് ശരത് പവാറടക്കമുള്ള പാർട്ടിനേതാക്കൾ രംഗത്ത്.
ഒക്ടോബർ 26
ശിവസേന - ബി.ജെ.പി തർക്കം തുടരുന്നു. അയയാതെ ഇരുപാർട്ടികളും. പ്രതിപക്ഷത്തിരിക്കാനുള്ള ജനങ്ങളുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതായി എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. ചിത്രത്തിലില്ലാതെ കോൺഗ്രസ്.
ഒക്ടോബർ 27
മുഖ്യമന്ത്രിസ്ഥാനം തുല്യമായി വിഭജിക്കാനാകില്ലെന്ന നിലപാടിൽ ബി.ജെ.പിയും ഫഡ്നാവിസും. ശിവസേനയുമായി കൈകോർക്കാനില്ലെന്ന് എൻ.സി.പിയും കോൺഗ്രസും. വിദർഭയിലെ പ്രഹാർ ജനശക്തി പാർട്ടിയുടെ രണ്ട് എം.എൽ.എമാർ കൂടി ശിവസേനയ്ക്കൊപ്പം.
ഒക്ടോബർ 28
ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് ശിവസേന തൃപ്തിപ്പെടില്ലെന്നും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നും ആവർത്തിച്ചു മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത്.
ഒക്ടോബർ 29
മുൻനിലപാടിലുറച്ച് ഫഡ്നാവിസ്. പദവികളും ഉത്തരവാദിത്തങ്ങളും ബി.ജെ.പിയും ശിവസേനയും പങ്കിടുമെന്ന് ഫഡ്നാവിസ് പറയുന്ന പഴയ വിഡിയോ പുറത്തുവിട്ട്, ഭീഷണിസ്വരം തുടർന്ന് ശിവസേന.
ഒക്ടോബർ 30
തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തോട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ താക്കീത്. ശിവസേനയുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം.
നവംബർ 1
സർക്കാർ രൂപീകരണം നീളുന്നു. നവംബർ ഏഴിനകം തീരുമാനമായില്ലെങ്കിൽ രാഷ്ട്രപതി ഭരണം വരുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും ധനമന്ത്രിയുമായ സുധീർ മുൻഗൻതിവാർ. ശിവസേന മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഭരിക്കുമെന്ന് സഞ്ജയ് റാവുത്ത്. എത്രയും പെട്ടെന്ന് അന്തിമതീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ശരത് പവാർ.
നവംബർ 2
ചർച്ചകൾ തുടരുമെന്ന് ശിവസേന. ബി.ജെ.പിക്കെതിരെ സാംമ്‌നയിൽ വീണ്ടും ലേഖനം. പ്രശ്നപരിഹാരത്തിന് ഇടപെടലുകൾ നടത്താതെ ബി.ജെ.പിയും ശിവസേനയും.
നവംബർ 3
ശിവസേനയ്ക്കു 170 എം.എൽ.എമാരുടെ പിന്തുണയെന്നു പറഞ്ഞ സഞ്ജയ് റാവുത്തിൽനിന്നു ലഭിച്ച സന്ദേശം മാദ്ധ്യമങ്ങൾക്കു മുന്നിൽ ഉയർത്തിക്കാട്ടി എൻ.സി.പി നേതാവ് അജിത് പവാർ.ഇനി ചർച്ച അമിത് ഷായുമായി മാത്രമെന്ന് ഉദ്ദവ് താക്കറെ. വിട്ടുവീഴ്ചയില്ലാതെ ബി.ജെ.പിയും ഫഡ്നാവിസും.
നവംബർ 4
ചിത്രത്തിലേക്ക് കോൺഗ്രസിന്റെ സജീവരംഗപ്രവേശം. ഡൽഹിയിൽ മാരത്തൺ ചർച്ചകൾക്ക് തുടക്കം. കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ശരത് പവാറിന്റെ ചർച്ച. അമിത് ഷായുമായി ഫഡ്നാവിസിന്റെ ചർച്ച. സോണിയ - പവാർ ചർച്ചയിൽ നിർണായക തീരുമാനമില്ല, പകരം, അവസരത്തിനായി കാത്തിരിക്കാൻ ധാരണ.
നവംബർ 5
മുഖ്യമന്ത്രിപദം വിട്ടുവീഴ്ച ചെയ്യാതെ തന്നെ ശിവസേനയുമായുള്ള ചർച്ചകൾ തുടരാൻ തയാറാണെന്ന് ബി.ജെ.പി. പ്രശ്നപരിഹാരത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് ശിവസേന നേതാവിന്റെ കത്ത്. ബദൽമാർഗം നോക്കുമെന്ന് വീണ്ടും എൻ.സി.പി.
നവംബർ 6
ശിവസേനയുമായുള്ള സഖ്യസാദ്ധ്യത തള്ളി ശരത് പവാർ. മുഖ്യമന്ത്രി ഫഡ്നാവിസ് വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിൽ ആറു ശിവസേന മന്ത്രിമാർ പങ്കെടുത്തു. ഗഡ്കരിയുടെ പേര് മുഖ്യമന്ത്രിപദത്തിലേക്ക് ഉയർന്നുകേൾക്കുന്നു.
നവംബർ 7
മുഖ്യമന്ത്രിപദത്തിലേക്ക് തന്റെ പേരുയരുന്നുവെന്ന വാർത്ത ശരിയല്ലെന്ന് നിതിൻ ഗഡ്കരി. ശിവസേനയും ബി.ജെ.പിയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ശിവസേന പിന്തുണയോടെ ബി.ജെ.പി സർക്കാരുണ്ടാക്കുമെന്നും ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നും ഗഡ്കരി. ശിവസേന എം.എൽ.എമാരെ ബാന്ദ്രയിലെ ഹോട്ടലിലെത്തിച്ചു.
നവംബർ 8
ഫഡ്നാവിസ് രാജിവച്ചു. എല്ലാ പ്രശ്നങ്ങൾക്കും കാരണം ശിവസേനയെന്ന് ഫട്നാവിസിന്റെ ആരോേപണം. അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉദ്ദവ് താക്കറെ. ശിവസേന എം.എൽ.എമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി.
നവംബർ 9
മന്ത്രിസഭയുടെ കാലാവധി അവസാനിച്ചു. ഇടപെടലുമായി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ രംഗപ്രവേശം. സർക്കാർ രൂപീകരിക്കാൻ താൽപര്യമോ, അതിനുള്ള അംഗബലമോ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ഗവർണറുടെ കത്ത്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നിർദേശം.
നവംബർ 10
സർക്കാരുണ്ടാക്കാനില്ലെന്നു ഗവർണറെ അറിയിച്ച് ബി.ജെ.പി. ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയ്ക്കു ഗവർണറുടെ ക്ഷണം. വീണ്ടും 48 മണിക്കൂറിന്റെ അന്ത്യശാസനം. പിന്തുണയ്ക്കണമെങ്കിൽ, എൻ.ഡി.എ ബന്ധവും കേന്ദ്രമന്ത്രിസ്ഥാനവും ഉപേക്ഷിക്കണമെന്ന് ശിവസേനയോട് എൻ.സി.പി. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിസന്നദ്ധത അറിയിച്ചു. രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്നു കോൺഗ്രസ്.
നവംബർ 11
കേന്ദ്രമന്ത്രിസഭയിൽ ഘനവ്യവസായ, പൊതു സംരംഭ മന്ത്രിയായിരുന്ന അരവിന്ദ് സാവന്ത് രാജിവച്ചു. സർക്കാർ രൂപീകരണത്തിന് ഗവർണറോട് കൂടുതൽ സമയം ആവശ്യപ്പെട്ട് ശിവസേന. ആവശ്യം നിരസിച്ച് ഗവർണർ. സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ എൻ.സി.പിക്ക് ക്ഷണം.
നവംബർ 12
സർക്കാർ രൂപീകരണത്തിനു 48 മണിക്കൂർ കൂടി സമയം വേണമെന്ന് എൻ.പി.പി. പറ്റില്ലെന്ന് ഗവർണർ. രാഷ്ട്രപതി ഭരണത്തിന് ശുപാർശ. അടിയന്തര കേന്ദ്രമന്ത്രി സഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപർശ അംഗീകരിച്ചു. രാഷ്ട്രപതി ഭരണം സംബന്ധിച്ച വിജ്‍ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറ് മാസത്തേക്ക് രാഷ്ട്രപതിഭരണം. ഇതിനിടയിൽ ബിജെപി, ശിവസേന, എൻസിപി എന്നിവർക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം. അത് വരെ നിയമസഭ മരവിപ്പിക്കും.
നവംബർ 13
പന്ത് കോൺഗ്രസിന്റെ കോർട്ടിൽ. മുഖ്യമന്ത്രിപദം പങ്കിടൽ, പൊതു മിനിമം പരിപാടി എന്നിവയിൽ വ്യക്തമായ ധാരണയുണ്ടായിട്ട് മാത്രം ശിവസേനയുമായി സഹകരിച്ചാൽമതിയെന്ന് കോൺഗ്രസ് – എൻ.സി.പി തീരുമാനം. പൊതു മിനിമം പരിപാടിക്കുള്ള ചർച്ചകൾ ആരംഭിക്കാൻ സോണിയ ഗാന്ധിയുടെ നിർദേശം.
നവംബർ 14
പൊതുമിനിമം പരിപാടിയുടെ കരട് തയാർ. ശിവസേനയ്ക്ക് അഞ്ച് വർഷവും മുഖ്യമന്ത്രി പദം നൽകി, എൻ.സി.പിയും കോൺഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയെന്ന് ഒത്തുതീർപ്പ്. 14 വീതം മന്ത്രിസ്ഥാനം ശിവസേനയ്ക്കും എൻ.സി.പിക്കും. 12 കോൺഗ്രസിന്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നു പൊതുവികാരം. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യത്തിൽ നിന്ന് എൻ.സി.പി പിന്നോട്ട്.
നവംബർ 15
എൻ.സി.പി - ശിവസേന - കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുമെന്ന് ഈ പാർട്ടികളുടെ നേതാക്കളും, ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കളും അവകാശമുന്നയിക്കുന്നു.
നവംബർ 16
എൻ.സി.പി–ശിവസേന–കോൺഗ്രസ് കക്ഷി നേതാക്കൾ ഗവർണറുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചു. ബി.ജെ.പി കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നുവെന്ന് ആരോപണമുന്നയിച്ച് സാംമ്‌ന.
നവംബർ 17
സർക്കാർ രൂപീകരണത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള ബി.ജെ.പി നേതാക്കൾ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
നവംബർ 18
എൻ.ഡി.എയിൽനിന്നു പിൻമാറിയ ശിവസേനയുടെ എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബെഞ്ചിലേക്കു മാറി. എൻ.സി.പി, ബി.ജെ.ഡി പാർട്ടികളെ കണ്ടു പഠിക്കണമെന്നും അവർ ചട്ടങ്ങൾ പാലിക്കുന്നവരാണെന്നും
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുകഴ്ത്തൽ.
നവംബർ 19
ബി.ജെ.പി ഇതര സർക്കാരിനെക്കുറിച്ച് പവാറിന് മൗനം. പുതിയ നീക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ ശിവസേന എം.എൽ.എമാരുടെ യോഗം.
നവംബർ 20
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുകഴ്ത്തലിന് പിന്നാലെ മോദിയുമായി ശരത് പവാറിന്റെ കൂടിക്കാഴ്ച. ഇതിൽ കോൺഗ്രസിന് അതൃപ്തി.
നവംബർ 21
സഖ്യത്തിന് സോണിയ ഗാന്ധിയുടെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്.
നവംബർ 22
കോൺഗ്രസ് - ശിവസേന - എൻ.സി.പി സഖ്യത്തിന് വഴിതെളിയുന്നു. പൊതുമിനിമം പരിപാടിയിൽ ധാരണ. ഇതനുസരിച്ച്
മുഖ്യമന്ത്രി പദം അഞ്ച് വർഷവും ശിവസേനയ്ക്ക്. കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിസ്ഥാനം എന്നാണു ഡൽഹി ചർച്ചകളിലെ ധാരണയെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും നേതാക്കൾ. പൊതുമിനിമം പരിപാടിയിൽ ‘മതനിരപേക്ഷത’ ഉൾപ്പെടുത്തുന്നതിൽ ഉദ്ധവ് എതിർപ്പ് പ്രകടിപ്പിച്ചില്ല. ഡൽഹിയിലെ ഗവർണർമാരുടെ യോഗത്തിനു പോകാതെ ഗവർണർ മുംബയിൽ തങ്ങുന്നു.
നവംബർ 23
മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കം. ബി.ജെ.പി – എൻ.സി.പി സർക്കാർ അധികാരമേറ്റു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.