ബംഗളൂരു: ജീവനക്കാരെ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പ്രമുഖ അമേരിക്കൻ ഐ.ടി കമ്പനിയായ കോഗ്നിസന്റ് 'ബെഞ്ച്ടൈം" വെട്ടിക്കുറച്ചു. വിവിധ കമ്പനികളിൽ നിന്ന് പ്രോജക്‌ടുകൾ നേടാൻ ജീവനക്കാർക്ക് നൽകുന്ന സമയപരിധിയാണ് ബെഞ്ച്ടൈം. ഇതു കുറച്ചത് ജീവനക്കാർക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കും. ഇത്, സ്വയം ഒഴിഞ്ഞുപോകാൻ ജീവനക്കാരെ നിർബന്ധിതരാക്കും എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

60 ദിവസമായിരുന്ന ബെഞ്ച്ടൈം 35 ദിവസമായാണ് കുറച്ചത്. അതായത്, 35 ദിവസത്തിനകം പ്രോജഡ്‌ട് കണ്ടെത്താനാവാത്ത ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടും. അതേസമയം, ബെഞ്ച്ടൈം വെട്ടിക്കുറച്ചത് സംബന്ധിച്ച് കോഗ്നിസന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2020 മദ്ധ്യത്തോടെ ആഗോളതലത്തിൽ 13,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കോഗ്നിസന്റ് സി.ഇ.ഒ ബ്രയാൻ ഹംപ്‌റീസ് വ്യക്തമാക്കിയിരുന്നു.

കോഗ്നിസന്റിന്റെ തീരുമാനം ഏറ്രവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിരവധി മലയാളികളും കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ആകെ 2.9 ലക്ഷം ജീവനക്കാരാണ് കോഗ്നിസന്റിനുള്ളത്. ഇതിൽ 70 ശതമാനത്തോളവും ഇന്ത്യയിലാണ്. പിരിച്ചുവിടാനുദ്ദേശിക്കുന്ന 13,000 പേരിൽ 5,000 പേരെ വീണ്ടും പരിശീലനം കൊടുത്ത് കമ്പനിയിൽ നിലനിറുത്തിയേക്കും. ഇവരുടെ പ്രകടനം തുടർന്നും തൃപ്‌തികരമല്ലെങ്കിൽ പിരിച്ചുവിടും.