
അഹമ്മദാബാദ്: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് അതികഠിനമായ മാനസിക പീഡനമെന്ന് പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. നിത്യാനന്ദയുടെ തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിത്.
ആത്മീയ കാര്യങ്ങൾക്കെന്ന് പറഞ്ഞു തന്നെ രണ്ടു മാസത്തോളം മുറിയിൽ പൂട്ടിയിട്ടതായും മോശം ഭാഷയിലാണ് ആശ്രമത്തിലുള്ളവർ സംസാരിക്കാറുള്ളതെന്നും പെൺകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശിയായ ജനാർദ്ദന ശർമ്മ തന്റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയത്. രണ്ട് മക്കളെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെ മോചിപ്പിച്ചിരുന്നു. അതിലൊരു പെൺകുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.
'2013 മേയിലാണ് ഗുരുകുലത്തിൽ ചേർന്നത്. ആദ്യമൊക്കെ ജീവിതം രസകരമായിരുന്നു. എന്നാൽ 2017 മുതൽ അഴിമതി തുടങ്ങി. സ്വാമിജിക്കായി പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യാനാവശ്യപ്പെട്ടു. സംഭാവനകൾ കണ്ടെത്തണം. ആയിരങ്ങളായിരുന്നില്ല, ലക്ഷങ്ങളാണ് സംഭാവനയായി പിരിക്കേണ്ടത്. 3 ലക്ഷം മുതൽ 8 കോടി വരെ സംഭാവന വേണം. ഏക്കറു കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടിവന്നു. അർദ്ധരാത്രിയിൽ വിളിച്ചെഴുന്നേൽപ്പിച്ച് ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിക്കായി വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ആശ്രമത്തിൽ നിന്ന് പുറത്തുവരാൻ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ചെയ്തില്ല.'' പെൺകുട്ടി വിശദീകരിക്കുന്നു. പെൺകുട്ടി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ആശ്രമത്തിന്റെ നടപടിക്കെതിരെ പെൺകുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.