ഒരു ഗ്രന്ഥശാലയിൽ പലഭാഷകളിലുള്ള അനേകം ഗ്രന്ഥങ്ങളുണ്ടായിരിക്കും. അവയെല്ലാം പല വലിപ്പത്തിലുള്ളവയുമായിരിക്കും. ചില പുസ്തകത്തിൽ കുറച്ചു പേജുകളേ ഉണ്ടാവൂ. മറ്റു ചിലതിൽ ധാരാളം പേജുകളുണ്ടാവും. എന്നാൽ ഈ ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത് അതാതു ഭാഷകളിലെ നിശ്ചിതമായ അക്ഷരമാലകൾ മാത്രം ഉപയോഗിച്ചാണ്. ഉദാഹരണത്തിന് ലോകത്തുള്ള ഇംഗ്ലീഷ് ഗ്രന്ഥങ്ങളെല്ലാം എ യിൽ തുടങ്ങി ഇസഡി ൽ അവസാനിക്കുന്ന വെറും 26 അക്ഷരങ്ങളുടെ കൂടിച്ചേരലിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. വാക്കുകളും ഗ്രന്ഥത്തിന്റെ വലിപ്പച്ചെറുപ്പവും വിഷയവൈവിദ്ധ്യവും ഉള്ളടക്കവും ഗ്രന്ഥകാരന്മാരും വ്യത്യസ്തമായിരുന്നാലും അവയിലെല്ലാമുള്ള അക്ഷരങ്ങളാകട്ടെ ഒരേ ഇനത്തിൽപ്പെട്ടതു തന്നെയാണ്.
ഒരേ അക്ഷരങ്ങൾകൊണ്ടു തന്നെയാണ് ചീത്തയായതും മഹത്തായതുമായ ഗ്രന്ഥങ്ങളെല്ലാം പിറവികൊള്ളുന്നതെന്നതിനാൽ അക്ഷരങ്ങൾ നിഷ്പക്ഷമാണ്. അതുപയോഗിക്കുന്നവരാണ് അവയെ നല്ലതും ചീത്തയുമാക്കി ആവിഷ്കരിക്കുന്നത്. ഒരുദാഹരണം നോക്കുക. നന്ദി എന്ന വാക്കിലും നിന്ദ എന്ന വാക്കിലുമുള്ളത് ഒരേ അക്ഷരങ്ങൾ തന്നെ.
ഒരേ അക്ഷരങ്ങളെ പലതാക്കി പ്രയോഗിച്ചും പലപ്രകാരത്തിൽ വിന്യസിച്ചും സഭ്യേതരമാക്കുന്നവർ അക്ഷരങ്ങളുടെ ഘാതകന്മാരാണ്. ഭാഷയെ ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേല്പിനായി പ്രയോജനപ്പെടുത്താമെന്നതു പോലെ തന്നെ ഒരു സമൂഹത്തെ ജീർണതയിലേക്ക് തള്ളിവിടാനും സാധിക്കും. ഒരേ ലോഹവസ്തുവിൽ നിന്നും ശരീരത്തിന്റെ മുറിവ് തുന്നിക്കെട്ടുന്നതിനുള്ള ജീവൻരക്ഷാ സൂചിയും ഒരുവനെ കൊലപ്പെടുത്താനുള്ള ആയുധവുമുണ്ടാക്കിയെടുക്കാം എന്നതുപോലെയാണിതും. ഒരേ സാമഗ്രിതന്നെ നന്മയുടെയും തിന്മയുടെയും രക്ഷയുടെയും നാശത്തിന്റെയും ആരോഗ്യത്തിന്റെയും രോഗത്തിന്റെയും ശാന്തിയുടെയും അശാന്തിയുടെയും കരുവായി പരിണമിക്കുന്നുണ്ടെന്നു കാണാം.
ഒരേജലം തന്നെ കുടിക്കാനും കുളിക്കാനും ശുചിയാക്കാനും ഉപയോഗപ്പെടുന്നതുപോലെയും ശ്വാസംമുട്ടി മരണപ്പെടാൻ ഇടയാകുന്നതുപോലെയും ഏതൊന്നിനെയും ഗുണപ്പെടുത്തുന്നതും ദോഷപ്പെടുത്തുന്നതും പ്രധാനമായും അതുമായി വ്യവഹരിക്കുന്നവർ തന്നെയാണ്. അതുകൊണ്ടാണ് വ്യവഹാരദശയിൽ ഒരുവൻ അവ്യവഹാരിയെപ്പോലെയായിരിക്കണമെന്ന് ഗുരുക്കന്മാർ ഓർമ്മിപ്പിച്ചത്. അതല്ലെങ്കിൽ സംഗം അഥവാ ആസക്തി വന്നു വ്യവഹാരം ചെയ്യുന്നവനെ മൂടിക്കളയും. അതിനാണു രാഗാദി വൃത്തികളെന്നു പറയുന്നത്.തത്ത്വത്തിൽ നിന്നകന്ന് അല്ലെങ്കിൽ സത്യത്തിൽ നിന്നു വ്യതിചലിച്ചു നിന്നുകൊണ്ട് കർതൃത്വം വൃത്തികൾക്കു വിധേയമാകുന്ന അവസ്ഥയാണത്.
കർതൃത്വം എവിടെയെല്ലാം ഇങ്ങനെയായിത്തീരുന്നുവോ അവിടെയെല്ലാം ആത്മാവിന്റെ അകർതൃത്വം അപ്രകാശിതമായി നിലകൊള്ളും. ഈ പൊരുളിനെ അനാവരണം ചെയ്യുന്ന ഒരു ശ്ളോകം ഗീതയിലുണ്ട്. (ഗീത 5-10)
ആരാണോ ആസക്തികളെല്ലാമുപേക്ഷിച്ച് സർവവൃത്തികളും ഈശ്വരനിൽ സമർപ്പിച്ചു അനുഷ്ഠിക്കുന്നത്, അവൻ താമരയിലയിൽ ഇരിക്കുന്ന വെള്ളം അതിനൊരു ദോഷവും ഉണ്ടാകാത്തതുപോലെ, പുണ്യപാപദോഷങ്ങളൊന്നും ബാധിക്കാത്തവനായി നിലകൊള്ളുന്നു.
കർമ്മകർതൃത്ത്വബന്ധം ഒരേ അക്ഷരങ്ങളാൽ ചേർത്തുണ്ടാക്കപ്പെടുന്ന വാക്കുകൾ വിരുദ്ധാർത്ഥങ്ങളെ പ്രകാശിപ്പിക്കുന്നതുപോലെ, ഒരുവനെ രാഗിയും ദ്വേഷിയുമാക്കി മാറ്റുമെന്ന് കണ്ടിട്ടാണ് ഗുരുക്കന്മാർ അകർമ്മിയായും അസംഗനായും അകർതൃവാനായും കഴിയണമെന്നു ഉപദേശിച്ചത്. ഇവിടെ ഗുരുദേവതൃപ്പാദങ്ങൾ ദർശനമാലയിലെ കർമ്മദർശനത്തിലൂടെ ( അഞ്ചാംശ്ലോകം ) വെളിവാക്കുന്നതു നോക്കുക.
ഒരുവന്റെ ആത്മാവ് എല്ലായ്പ്പോഴും അസംഗമാണ്. യാതൊരു രാഗദ്വേഷാദികൾക്കും അതു വഴിപ്പെടുന്നതല്ലെന്നർത്ഥം. എന്നാൽ അജ്ഞതനിമിത്തം രാഗദ്വേഷാദികൾ സ്വാഭാവികമാണെന്ന വിചാരത്താൽ ഒരുവൻ കർതൃഭാവത്തിൽ കർമ്മങ്ങളനുഷ്ഠിക്കുന്നു. മറിച്ച് ആത്മതത്ത്വമറിഞ്ഞവനാകട്ടെ കർതൃഭാവത്തിൽ കർമ്മങ്ങളെ ചെയ്യുകയോ കർമ്മലാഭത്തിലോ ഫലത്തിലോ ആസക്തനാവുകയോ ചെയ്യുന്നില്ല.
ഈ ആത്മതത്ത്വം ലോകരുടെ അഭ്യുദയത്തിനും നിഃശ്രേയത്തിനുമായിട്ടാണ് ഗുരുദേവൻ വെളിവാക്കിത്തന്നിരിക്കുന്നത്. എപ്പോഴും കർതൃഭാവമാണ് നമ്മെ മറ്റൊന്നിന്റെ ഭാഗമാക്കുന്നത്. ബന്ധവും ബന്ധനവും ഇതിന്റെ ഭാഗം തന്നെ. സമത്വത്തെ അസമത്വമാക്കുന്നതും സ്വാതന്ത്ര്യത്തെ അസ്വാതന്ത്ര്യമാക്കുന്നതും വിവേകത്തെ അവിവേകമാക്കുന്നതും ഈ കർതൃഭാവത്തിന്റെ ബലമാണ്. സുഖവും ദുഃഖവും ലാഭവും നഷ്ടവും ഭയവും വിശ്വാസവും ഇഷ്ടവും അനിഷ്ടവും എന്നിങ്ങനെയുള്ള വൈകാരികതകളെല്ലാം ഈ ഭാവത്തിന്റെ സംഭാവനകളാണ്. ഇതുള്ളിടത്തോളം സ്വാതന്ത്രവും നിർവൃതവുമായ ഒരു ജീവിതത്തെ നമുക്ക് പ്രാപിക്കാനാവുകയില്ല.
അതുകൊണ്ട് എല്ലാം കാണുന്ന കണ്ണിനെ കണ്ണു കാണാതിരിക്കുന്നതുപോലെ, എല്ലാ വ്യവഹാരങ്ങളിലുമേർപ്പെടുന്ന കർതൃത്വത്തെ അകർതൃത്വം കൊണ്ട് കാണാതിരിക്കണം. ആ അസംഗത്വമാണ് നമ്മുടെ ഭാഷയും വിനിമയവും ആശയങ്ങളുമെല്ലാം കൊണ്ട് സാദ്ധ്യമാകേണ്ടത്.