shahala-

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുടുംബത്തിനുളള ധനസഹായം അടുത്ത ക്യാബിനറ്റിൽ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാവിലെ മന്ത്രി വി.എസ്. സുനിൽ കുമാറിനൊപ്പമാണ് രവീന്ദ്രനാഥ് എത്തിയത്. ഷഹലയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അവർ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആരെല്ലാം കുറ്റക്കാരാണോ അവരുടെയെല്ലാം പേരിൽ നടപടി വരും. ഇപ്പോൾ നടപടിയെടുത്തത് പ്രാഥമിക അന്വേഷണത്തിന്റെ പേരിലാണ്. വിശദമായ അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് മുഖം നോക്കാതെയുളള നടപടി ഉണ്ടാകും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള നടപടി സ്വീകരിക്കുമെന്നും ഷഹലയുടെ വിയോഗത്തിൽ താങ്ങാനാവാത്ത വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും സർക്കാർ സ്വീകരിക്കും. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഏതെങ്കിലും വിദ്യാലയത്തിൽ ക്ലാസ് മുറികളിലും ശുചിമുറികളിലും എന്തെങ്കിലും തരത്തിലുള്ള അപാകതകളോ അസൗകര്യങ്ങളോ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും. ഇതിനായി സമഗ്ര പാക്കേജ് തയ്യാറാക്കി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്‌ രണ്ട് കോടി നൽകും

സംഭവമുണ്ടായ സർവജന സ്‌കൂളിന് കിഫ്ബി മുഖേന ഒരു കോടി രൂപ മുമ്പ് അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ അപാകത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ കൂടി സർവജന സ്‌കൂളിനായി നൽകും. ഇതിനായി നഗരസഭ ഉടൻ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണം. ഈ മാസം തന്നെ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.