തിരുവനന്തപുരം: ട്രഷറി വകുപ്പിലെ വനിത ജീവനക്കാരെ അപമാനിക്കും വിധം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രഷറി ഡയറക്ടറേറ്റിനു മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി.
ജീവനക്കാരെ അപമാനിക്കുന്നതും വകുപ്പിൽ വ്യാപകമായ അസംതൃപ്തിക്ക് ഇടവരുത്തുന്നതുമായ തരത്തിൽ ട്രഷറി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാലും ആവശ്യപ്പെട്ടു. ട്രഷറി ഡയറക്ടറേറ്റിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കെ.ജി.ഒ.എ ജനറൽ സെക്രട്ടറി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹിം എന്നിവർ സംസാരിച്ചു.