മുംബയ്: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എൻ.സി.പിയുടെ കണ്ണും കരളുമായിരുന്നു, ശരദ്പവാറിന്റെ മകൾ സുപ്രിയ സുലെയും പവാറിന്റെ മൂത്ത സഹോദരൻ അനന്തറാവുവിന്റെ മകൻ അജിത് പവാറും. ദേശീയ രാഷ്ട്രീയത്തിലെ ഭാവിവാഗ്ദാനങ്ങളെന്നാണ് ഈ സഹോദരങ്ങളെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, സഹോദരിയാണെങ്കിലും സുപ്രിയ, അജിത് പവാറിന്റെ കണ്ണിലെ കരടായിരുന്നു. ശരദ് പവാറിന്റെയും അജിത് പവാറിന്റെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്തിയത് സുപ്രിയയാണെന്നാണ് വിലയിരുത്തുന്നത്. അജിത് പവാർ ബി.ജെ.പിക്കൊപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 'പാർട്ടിയും കുടുംബവും പിളർന്നെന്ന്' സുപ്രിയ സുലെ വാട്സാപ്പ് സ്റ്റാറ്റസിട്ടു. പവാർ കുടുംബത്തിലെ ഈ പടലപ്പിണക്കവും അധികാരപ്പോരും അവസരോചിതമായി മുതലെടുക്കാൻ ബി.ജെ.പിക്കായി.
ശരദ്പവാറിന്റെ പിൻഗാമിയായി അറിയപ്പെട്ടിരുന്നത് അജിത് പവാറായിരുന്നു. ഭാവിയിൽ എൻ.സി.പി അദ്ധ്യക്ഷനാകുമെന്ന് അജിത് കണക്കുകൂട്ടിയിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ സുപ്രിയ സുലെ പിടിമുറുക്കിയതോടെ അജിത് പവാർ ആശങ്കയിലായി. യു.പി.എ ഭരണകാലത്ത് സുപ്രിയയയെ കേന്ദ്രത്തിലും അജിത്തിനെ സംസ്ഥാനത്തും പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതോടെ സുപ്രിയ പാർട്ടിയുടെ പ്രധാന തീരുമാനങ്ങളിലെല്ലാം ഇടപെടുന്നതായി അജിത്തിന് തോന്നി. ശരദ് പവാറിന് ശേഷം പാർട്ടിയിലെ അധികാര കേന്ദ്രമായി സുപ്രിയ മാറുമെന്ന തിരിച്ചറിവാണ് അജിത്തിനെ കളം മാറ്റിച്ചവിട്ടാൻ പ്രേരിപ്പിച്ചത്.
ഇതോടൊപ്പം തന്റെ മകൻ പാർത്ഥ് പവാറിന് മാവെൽ ലോക്സഭാ തിരഞ്ഞടുപ്പിൽ ആദ്യം എൻ.സി.പി സീറ്റ് നിഷേധിച്ചത് അജിത്തിനെ ചൊടിപ്പിച്ചിരുന്നു. പിന്നീട് മത്സരിച്ചെങ്കിലും കനത്ത പരാജയമേറ്റുവാങ്ങി. അതേസമയം, ശരദ്പവാറിന്റെ മൂത്ത സഹോദരൻ അപ്പാസാഹേബിന്റെ കൊച്ചുമകൻ രോഹിത് പവാറിന് പാർട്ടിവേദികളിൽ കൂടുതൽ സ്വീകാര്യത കിട്ടി. കാർജത് - ജംഖേദ് അസംബ്ളി സീറ്റിൽ രോഹിത്ത് മിന്നും ജയം നേടിയതും അജിത്തിനെ ആശങ്കയിലാക്കി. തന്നെ മറികടന്ന് പവാർ കുടുംബത്തിലെ മൂന്നാംതലമുറ പാർട്ടിയിലും അധികാരത്തിലും പിടിമുറുക്കുകയാണെന്ന തോന്നലും മറുപാളയത്തിലേക്ക് ചാടാൻ അജിത്തിനെ പ്രേരിപ്പിച്ചു.
ശിവസേനയ്ക്കും കോൺഗ്രസിനും ഒപ്പം സഖ്യ സർക്കാരുണ്ടാക്കാനുളള ചർച്ചകളിൽ ഇളയച്ഛൻ ശരദ് പവാറിനൊപ്പം മുന്നിൽ നിന്നെങ്കിലും അത്തരമൊരു ത്രികക്ഷി സർക്കാരിന് മനസുകൊണ്ട് പവാർ എതിരായിരുന്നു. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാൻ ശിവസേനയെ കൂടെ കൂട്ടുന്നതിൽ തെറ്റില്ലെന്നായിരുന്നു
ശരദ് പവാറിന്റെയും മകൾ സുപ്രിയയുടെയും നിലപാട്.
പവാർ കുടുംബം (ഫാമിലി ട്രീ)
ഗോവിന്ദ് പവാർ, ശരദാ പവാർ
മക്കൾ- അപ്പാസാഹേബ് (മക്കൾ രാജേന്ദ്ര, രഞ്ജിത്ത്, കൊച്ചുമകൻ രോഹിത്ത്), അനന്തറാവു, (ശ്രീനിവാസ്, അജിത്പവാർ (മക്കൾ- പാർത്ഥ്, ജയ്), വിജയപാട്ടീൽ), ശരദ്പവാർ (സുപ്രിയ സുലെ), പ്രതാപ് (അഭിജീത്ത്), സരോജ്പാട്ടീൽ,