shahla-

സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീട്ടിലെത്തിയ

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് കുടുംബത്തോട് കൈകൂപ്പി മാപ്പുപറഞ്ഞു. മന്ത്രി വി.എസ്. സുനിൽ കുമാറിനൊപ്പമാണ് രവീന്ദ്രനാഥ് ഷെഹ്‍ലയുടെ വീട്ടിലെത്തിയത്. ഷെഹ്‌ലയുടെ പിതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മന്ത്രി പിതാവിൽ നിന്നും കുടുബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഷഹലയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച് പുറത്തിറങ്ങിയ ശേഷം മന്ത്രി സി.രവീന്ദ്രനാഥും മന്ത്രി സുനിൽകുമാറും, സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും ഷഹലയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും പറഞ്ഞു. കേരളത്തിൽ ഏറ്റവും നല്ല വിദ്യാഭ്യാസ രീതിയാണുള്ളതെന്നും വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് നടന്നിട്ടുള്ളതെന്നും ഈ ഒരു വിഷയത്തിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും സി.രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു. ചിലർ ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ എല്ലാവരെയും മോശമായി കാണരുത്. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകും.


ഷഹലയുടെ വീട് സന്ദർശിച്ചശേഷം മന്ത്രിമാർ ഷഹലയ്ക്ക് പാമ്പ് കടിയേറ്റ സ്‌കൂൾ സന്ദർശിച്ചു. ഷഹല ഇരുന്ന ബെഞ്ചിൽ ഇരുന്നുകൊണ്ടാണ് പാമ്പ് ഇരുന്ന മാളം വീക്ഷിച്ചത്. ഓഫീസിൽ അല്പനേരം ഇരുന്നശേഷം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഷഹലയുടെ മരണത്തോടെ വൻ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നത്.