ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണഘടനാപരമായ കർത്തവ്യം നിറവേറ്റാതെ ഗവർണർ അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് കോൺഗ്രസിന്റെ ആരോപണം. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണഘടന അട്ടിമറിക്കപ്പെട്ടുവെന്നും ഗവർണർ ഭഗത് സിംഗ് കോശിയാരി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാലെ വിമർശിച്ചു.. നിയമവിരുദ്ധമായാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പത്ത് ചോദ്യങ്ങൾ കോൺഗ്രസ് ഉന്നയിച്ചു.
സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി എപ്പോൾ അവകാശവാദം ഉന്നയിച്ചു?
രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ കേന്ദ്രം എപ്പോൾ ഗവർണറോട് ആവശ്യപ്പെട്ടു?
രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എപ്പോൾ ശുപാർശ നൽകി?
എപ്പോൾ രാഷ്ട്രപതി ഭരണം പിൻവലിച്ചു?
ഗവർണർ എങ്ങനെ ഈ പിന്തുണക്കത്ത് പരിശോധിച്ചു?
എത്ര ബി.ജെ.പി-എൻ.സി.പി എം.എൽ.എമാർ ഫട്നാവിസിനെ പിന്തുണക്കുന്നു?
എപ്പോഴാണ് സത്യപ്രതിജ്ഞക്ക് ഗവർണർ ഫട്നാവിസിനെയും അജിത് പവാറിനെയും ക്ഷണിച്ചത്?
മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയോ ഒരു സ്വകാര്യ ചാനലിനെ ഒഴികെ ഡി.ഡി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെയോ എന്തുകൊണ്ട് വിളിച്ചില്ല?
സത്യപ്രതിജ്ഞ ചെയ്തു എന്നല്ലാതെ എപ്പോൾ ഫട്നാവിസ് സർക്കാർ രൂപീകരിക്കും?
ഫട്നാവിസ് സർക്കാർ എപ്പോൾ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗവർണർ പറയാതിരുന്നത് എന്തുകൊണ്ട്? - എന്നീ ചോദ്യങ്ങളാണ് സുർജേവാല ഉന്നയിച്ചത്.
അജിത് പവാറിന്റേത് അവസരവാദ നടപടിയാണ്. ജയിലിലേക്ക് പോകേണ്ടിവരുമായിരുന്ന അജിത് പവാറിനെ ബി.ജെ.പി മന്ത്രിമന്ദിരത്തിലേക്ക് അയച്ചതെന്നും സുർജെവാല ആരോപിച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ബി.ജെ.പിയും അജിത് പവാറും സമർപ്പിച്ച രേഖകളിലെ ഒപ്പുകൾ പോലും ഒത്തുനോക്കാതെയെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും വിമർശിച്ചു.