മുംബയ് : ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് ഒരുരാത്രി ഇരുട്ടിവെളുക്കുംമുമ്പാണ് മഹാരാഷ്ട്രയിൽ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷം മുംബയിൽ പാർട്ടി ഓഫീസിന് പുറത്ത് പാർട്ടി പ്രവർത്തകരെ കണ്ട ഫഡ്‌നാവിസിന്റെ ആദ്യ വാക്കുകൾ ഇങ്ങനെയായിരുന്നു 'മോദിയുണ്ടെങ്കിൽ എല്ലാം സാദ്ധ്യം'.
'ഞങ്ങള്‍ സ്ഥിരതയുള്ള ഒരു സർക്കാരിനെ നൽകും. മോദിയുണ്ടെങ്കിൽ എല്ലാം സാധ്യം', ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശം ട്വിറ്ററിൽ തേടിയെത്തി. പുതിയ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി എൻ.സി.പി നേതാവ് അജിത് പവാറിനുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനെ മറികടന്നാണ് അജിത് പവാർ ബിജെപിക്കൊപ്പം നിലകൊള്ളുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന എം.എൽ.എമാർ ഉള്‍പ്പെടെയുള്ളവരെ എത്തിച്ച് ശരത് പവാർ ഇത് ആവര്‍ത്തിക്കുന്നു. എന്നാൽ 170 എം.എൽ.എമാരുടെ പിന്തുണയോടെ ബി.ജെ.പി വിശ്വാസവോട്ട് നേടുമെന്നാണ് അവരുടെ നേതാക്കൾ അവകാശപ്പെടുന്നത്.