labuschange

പാകിസ്ഥാൻ പതറുന്നു

ബ്രിസ്ബേൻ:ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്രിൽ തോൽവി ഒഴിവാക്കാൻ പാകിസ്ഥാൻ പൊരുതുന്നു. 340 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 64/3 എന്ന നിലയിൽ പതറുകയാണ്. 7 വിക്കറ്റ് കൈയിലിരിക്കേ ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ പാകിസ്ഥാന് 276 റൺസ് കൂടിവേണം.

സ്കോർ: പാകിസ്ഥാൻ 240/10, 64/3. ആസ്ട്രേലിയ 580/10.

മൂന്നാം ദിനം 312/1 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ്‌ക്ക് രണ്ടാം ദിവസത്തെ സെഞ്ച്വറിക്കാരൻ ഡേവിഡ് വാർണറെ (155) അധികം വൈകാതെ നഷ്ടമായി. അരങ്ങേറ്രക്കാരൻ പതിനാറുകാരൻ താരം നസീം ഷാ വാർണറെ വിക്കറ്ര് കീപ്പർ മൊഹമ്മദ് റിസ്‌വാന്റെ കൈയിൽ എത്തിക്കുകയായിരുന്നു.

നസീമിന്റെ കന്നി ടെസ്റ്ര് വിക്കറ്രായിരുന്നു ഇത്.

എന്നാൽ അദ്ദേഹത്തിനൊപ്പം ഇന്നലെ ഓസീസ് ഇന്നിംഗ്സ് പുനരാംഭിച്ച ലബുസ്ചാംഗെ കന്നി സെഞ്ച്വറിയുമായി (185) ഓസീസിനെ പിന്നീട് മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. മാത്യു വേഡ് (60) ലബുസ്ചാംഗെയ്ക്ക് മികച്ച പിന്തുണ നൽകി. സ്റ്റിവൻ സ്മിത്ത് (4) റൺസെടുത്ത് യാസിർഷായുടെ പന്തിൽ ക്ലീൻബൗൾഡായി. 279 പന്ത് നേരിട്ട് 20 ഫോർ ഉൾപ്പെട്ടതാണ് ലബുസ്ചാംഗെയുടെ ഇന്നിംഗ്സ്. പാകിസ്ഥാനായി യാസിർ ഷാ 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് സൊഹൈൽ രണ്ട് വിക്കറ്ര് നേടി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാന് മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്‌ടമാവുകയായിരുന്നു. സ്റ്രാർക്ക് രണ്ടും കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി.

185 റൺസ് കന്നി സെഞ്ച്വറി നേടിയ ലബുസ്ചാംഗയുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്.

അവസാനം കളിച്ച 8 ഇന്നിംഗ്സുകളിൽ അഞ്ചിലും ലബുസ്ചാംഗെ അമ്പതിൽ കൂടുതൽ റൺസ് നേടി.

205 റൺസാണ് ആസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ പാക്‌ബൗളർ യാസിർ ഷാ വഴങ്ങിയത്. 48.4-1-205-4 എന്നാണ് യാസിറിന്റെ ബൗളിംഗ് പ്രകടനം.ടെസ്റ്റിൽ ഏറ്രവും കൂടുതൽ തവണ ഒരിന്നിംഗ്സിൽ ഇരുന്നൂറ് റൺസിലധികം വഴങ്ങുന്ന താരമെന്ന റെക്കാഡ് യാസിറിന്റെ പേരിലായി. മൂന്ന് തവണ യാസിർ ഒരിന്നിംഗ്സിൽ 200 റൺസിലധികം വഴങ്ങി. 68 ടെസ്റ്റുകൾ ഇതുവരെ ഷാ കളിച്ചിട്ടുണ്ട്.