fadnavis

മുംബയ്: മഹാരാഷ്ട്രയിലെ 'മഹാ രാഷ്ട്രീയ അട്ടിമറിയിൽ' രാജ്യം മുഴുവൻ പകച്ച് നിൽക്കുമ്പോൾ, എൻ.സി.പിയുമായി ബി.ജെ.പി ഒരുകാലത്തും സഖ്യമുണ്ടാക്കില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ പഴയ ട്വീറ്റ് ചർച്ചയാകുന്നു. സോഷ്യൽമീഡിയയിൽ കുത്തിപൊക്കിയ ട്വീറ്റ് വർഷങ്ങൾക്കിപ്പുറം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വാർത്താ ശ്രദ്ധനേടുകയാണ്.

'ബി.ജെ.പി ഒരുകാലത്തും ഒരിക്കലും ഒരുതരത്തിലും എൻ.സി.പിയുമായി സഖ്യമുണ്ടാക്കില്ല. ഊഹാപോഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നിയമസഭയിൽ എൻ.സി.പിയുടെ അഴിമതി തുറന്നുകാണിച്ചത് ബി.ജെ.പിയാണ്.

മറ്റുള്ളവർ നിശബ്ദരായിരുന്നു'- എന്നായിരുന്നു ദേവേന്ദ്ര ഫട്നാവിസസ് 2014 സെപ്തംബർ 26ന് ട്വീറ്റ് ചെയ്തത്.

ഒരുകാലത്തും എൻ.സി.പിക്കൊപ്പം സഖ്യം ചേരില്ലെന്ന് പറഞ്ഞ് നേരം ഇരുട്ടി വെളുത്തപ്പോൾ അവർക്കൊപ്പം ചേർന്ന് സർക്കാർ ഉണ്ടാക്കിയ ഫഡ്നാവിസിനെതിരെ ട്വീറ്റ് കുത്തിപ്പൊക്കി വലിയ വിമർശനമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്നത്.

എൻ.സി.പി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിലേറിയത് രാവിലെയാണ്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലർച്ചെ 5.45നാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിൻവലിച്ചത്.