മുംബയ് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി എൻ.സി..പിയുമായി ദിവസങ്ങൾക്കുമുഴപ് തന്നെ നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ട്..
എൻ.സി.പി നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാറുമായി ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവാണ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു ഭൂപേന്ദ്രയാദവ്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് വന്ന ശേഷം ഭൂപേന്ദ്രയാദവിനോട് പെട്ടെന്ന് മുംബയിലേക്ക് പോകാൻ അമിത്ഷാ നിർദ്ദേശിക്കുകയായിരുന്നു. ഏഴ് മണിയോടെ യാദവ് മുംബൈയിലെത്തി. ദേവേന്ദ്ര ഫട്‍നവിസിനെ കണ്ടു. എന്താകണം അവസാന ഡീലെന്ന് ചർച്ച ചെയ്തു. അവസാനതീരുമാനത്തിലെത്തി.
.
കഴിഞ്ഞയാഴ്ച വരെ ശിവസേനയുമായി സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും ബി.ജെ..പി തുറന്നിട്ടിരുന്നു. അവസാനവാതിലുമടഞ്ഞ ശേഷമാണ് മറ്റ് സാദ്ധ്യതകൾ ബി.ജെ.പി പരിശോധിച്ചത്. നവംബർ 10ന് സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ബി.ജെ.പി ഗവർണറെ അറിയിച്ചു. ഇതിന് ശേഷം ഡൽഹിയിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേർന്നു. അടിയന്തരമായി മുംബൈയ്ക്ക് പറക്കാൻ ജനറൽ സെക്രട്ടറി ഭൂപേന്ദ്രയാദവിന് നിർദേശം നൽകി.
ആദ്യം മഹാരാഷ്ട്രയിലെ നീക്കങ്ങളിൽ പ്രത്യക്ഷത്തിൽ അമിത് ഷാ ഇടപെട്ടിരുന്നില്ല. എന്നാൽ നവംബർ 10-ന് ശേഷം അമിത് ഷാ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു തുടങ്ങി.
അടുത്ത രണ്ടാഴ്ച എന്ത് സംഭവിക്കുന്നുവെന്നറിയാൻ ബിജെപി നേതൃത്വം കാത്തുനിന്നു. 'മാതോശ്രീ'യോ 'സേനാ പ്രമുഖോ' പറയുന്നത് പോലെ നടക്കാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു അമിത് ഷാ. തുടർന്നായിരുന്നു അജിത് പവാറിനെ കൂട്ടുപിടിച്ച് ഫഡ്നാവിസ് സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.