ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചതിനെതിരെ ശിവസേന, എൻ.സി.പി കോൺഗ്രസ് എന്നിവർ സുപ്രിംകോടതിയെ സമീപിച്ചു. അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഇവർ സംയുക്തമായി സമർപ്പിക്കുന്ന ഹർജിയിൽ ആവശ്യപ്പെടും. ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രാ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്താണ് ഹർജി. ഭൂരിപക്ഷം ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതെന്ന് ഇവർ ആരോപിക്കുന്നു.
നേരത്തെ കർണാടകയിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ രാത്രിയിൽ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലർച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിർദേശം നല്‍കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. മുതിർന്ന അഭിഭാഷകരായ കപിൽസിബലും മനു അഭിഷേക് സിങ്‌വിയുമാവും കോൺഗ്രസിനുവേണ്ടി ഹാജരാവുക.
അതേസമയം ബി.ജെ.പി പാളയത്തിലേക്ക് അജിത് പവാർ കൂട്ടിയ ഏഴ് വിമത എം.എൽ.എമാർ കൂടി തിരികെ എൻ.സി.പി പാളയത്തിലെത്തി. വൈകിട്ട് നടന്ന നിയമസഭ അംഗങ്ങളുടെ യോഗത്തിൽ ഇവർ പങ്കെടുത്തു. സംസ്ഥാനത്ത് ആകെ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇവരിൽ 35 എം.എൽ.എമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. എന്നാൽ ഇന്ന് വൈകിട്ട് നടന്ന എൻ.സി.പി യോഗത്തിൽ 42 എം.എൽ.എമാർ പങ്കെടുത്തു.