ajith-pawar

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി നൽകി എൻ.സി.ുപിയുടെ പുതിയ നീക്കം. അജിത് പവാറിന്റെയൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം എം.എൽ.എമാരെയും എൻ.സി.പി ക്യാംപിൽ തിരിച്ചെത്തിച്ചു. ഇനി അജിത് പവാറിനൊപ്പം മൂന്ന് പേർ മാത്രമാണ് ബാക്കിയുള്ളത്. മുംബയിൽ വൈബി ചവാൻ സെന്ററിൽ ഇപ്പോൾ 50 എൻ.സി.പി എം.എൽ.എമാരും എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

അതേസമയം നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ എൻ.സി.പി നേതൃത്വം നീക്കം ചെയ്തു. ജയന്ത് പാട്ടിലിനെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു.

സംസ്ഥാനത്ത് ആകെ 54 എംഎൽഎമാരാണ് എൻ.സി.പിക്കുള്ളത്. ഇവരിൽ 35 എം.എൽ.എമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം.

ഇതിനിടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് പാർട്ടികളും സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഹർജി ഇന്ന് പരിഗണിക്കാൻ സാദ്ധ്യതയില്ല എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ തിരുപ്പതി ക്ഷേത്ര ദർശനത്തിനായി പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.