
ന്യൂഡൽഹി: ഇന്ത്യയിലേയും ലോകത്തിലെയും രാഷ്ട്രീയ മാറ്റങ്ങൾ ഏറെ സൂഷ്മതയോടെ നിരീക്ഷിക്കുന്ന നേതാവാണ് ശശി തരൂർ. ആരെയും ഞെട്ടിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനും ശശി തരൂർ വിരുതനാണ്. മഹാരാഷ്ട്രയിലെ സംഭവവികാസത്തെ തുടർന്ന് തരൂർ ഉപയോഗിച്ച വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ ഒറ്റ വാക്കുകൊണ്ടാണ് തരൂർ വിശേഷിപ്പിച്ചിരിക്കുന്നത്. 2017 ലെ തന്റെ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയുമായി സഖ്യം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ പരോക്ഷമായി വിമർശിച്ച് കൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. സ്നോളിഗോസ്റ്റർ (Snollygoster) എന്ന വാക്കാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. ''ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ'' എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആർ.ജെ.ഡിയുമായും കോൺഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ബി.ജെ.പിയോട് ചേർന്ന സംഭവത്തെ 2017ൽ വിമർശിച്ചതും ആ വാക്ക് ഉപയോഗിച്ചായിരുന്നു.
Correction: Most recent use: 23 November 2019, Mumbai https://t.co/W6KKVro1Ra
— Shashi Tharoor (@ShashiTharoor) November 23, 2019
അതേസമയം മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബി.ജെ.പി പാളയത്തിലേക്ക് അജിത് പവാർ കൂട്ടിയ ഏഴ് വിമത എം.എൽ.എമാർ കൂടി തിരികെ എൻ.സി.പി പാളയത്തിലെത്തി. വൈകിട്ട് നടന്ന നിയമസഭ അംഗങ്ങളുടെ യോഗത്തിൽ ഇവർ പങ്കെടുത്തു. സംസ്ഥാനത്ത് ആകെ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇവരിൽ 35 എം.എൽ.എമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. എന്നാൽ ഇന്ന് വൈകിട്ട് നടന്ന എൻ.സി.പി യോഗത്തിൽ 42 എം.എൽ.എമാർ പങ്കെടുത്തു.