ബെംഗളുരു : ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനമെന്ന് അവിടെ നിന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. മക്കളെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി നിത്യാനന്ദയ്ക്ക് എതിരെ കേസു കൊടുത്ത ബെംഗളൂരു സ്വദേശിയുടെ മൂന്നു മക്കളിൽ ഒരാളാണ് വെളിപ്പെടുത്തൽ നടത്തിയത്.
2013ലാണ് കുട്ടി ആശ്രമത്തിലെ ഗുരുകുലത്തിൽ ചേരുന്നത്. ആദ്യസമയത്ത് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും 2017ഓടെ അന്തരീക്ഷം മാറിയെന്നും കുട്ടി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സ്വാമിയുടെ പ്രൊമോഷൻ ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു എന്നും ലക്ഷക്കണക്കിന് രൂപയാണ് ഡൊണേഷനായി പിരിച്ചു നൽകിയതെന്നും കുട്ടി പറഞ്ഞു. മൂന്നു മുതൽ എട്ടുലക്ഷം രൂപ വരെയാണ് പിരിച്ചു നല്‍കിയത്.
'പാതിരാത്രികളിൽ ഞങ്ങളെ വിളിച്ചുണർത്തി സ്വാമിജിക്ക് വേണ്ടി വീഡിയോകൾ ചെയ്യിക്കുമായിരുന്നു. അധികം ആഭരണങ്ങൾ ധരിക്കാനും കൂടുതൽ മേക്കപ്പ് ഇടാനും നിർബന്ധിച്ചു. എന്റെ സഹോദരിക്ക് അവിടെനിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. സ്വാമിയുടെ നിർദേശപ്രകാരമാണ് എന്റെ സഹോദരി ഇതെല്ലാം ചെയ്തത്, അതിന് ഞാൻ സാക്ഷിയാണ്. മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നോടും ഇതെല്ലാം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും താൻ വിസമ്മതിച്ചതായി കുട്ടി പറഞ്ഞു.
അധ്യാത്മിക കാര്യങ്ങൾക്ക് എന്ന പേരിൽ തന്നെ രണ്ടുമാസം മുറിക്കുള്ളിൽ പൂട്ടിയിട്ടതായും കുട്ടി വെളിപ്പെടുത്തി. തന്റെ മകളെ നിത്യാന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തടവിലാക്കിയിരിക്കുകയാണ് എന്ന് കാട്ടി പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുരോഗമിക്കുന്നുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. അതേസമയം, നിത്യാനന്ദ രാജ്യം വിട്ടുവെന്നാണ് സൂചന. നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി വ്യാഴാഴ്ച ഗുജറാത്ത് പൊലീസ് ആണ് സൂചിപ്പിച്ചത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.