gujarat-

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ഗോധ്ര ട്രെയിൻ തീവയ്‌പ് സംഭവം കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നു ഗുജറാത്ത് സർക്കാരിന് കീഴിലുള്ള ബോർഡ് പുറത്തിറക്കിയ പുസ്തകം. ഗുജറാത്തിന്റെ രാഷ്ട്രീയചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിലാണ് ആരോപണം.

‘ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥ’ എന്ന പേരിൽ യൂണിവേഴ്‌സിറ്റി ഗ്രാന്ത് നിർമാൺ ബോർഡ് (യു.ജി.എൻ.ബി) കഴിഞ്ഞവർഷം ഡിസംബറിലാണു പുസ്തകം പ്രസിദ്ധീകരിച്ചത്. ബി.ജെ.പി മുൻ എം.പിയും ബോർഡ് വൈസ് ചെയർപേഴ്‌സണുമായ ഭാവ്‌നാബെൻ ദാവേയാണു പുസ്തകം എഡിറ്റ് ചെയ്തത്.

”സർക്കാരിനെ അസ്ഥിരമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2002 ഫെബ്രുവരി 27നുണ്ടായ ട്രെയിന്‍ കത്തിക്കൽ. അയോദ്ധ്യയിൽ നിന്ന് തിരിച്ചുവരികയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എ കോച്ചിനു തീവച്ചു. 59 കർസേവകർ കൊല്ലപ്പെട്ടു. ഗോധ്രയിലെ കോൺഗ്രസ് ജനപ്രതിനിധികളാണ് ഈ ഗൂഢാലോചന നടത്തിയത്,” പുസ്തകത്തിൽ പറയുന്നു.

അതേയസമയം, ബോർഡിനെ കാവിവത്കരിക്കാനുള്ള ശ്രമമാണു പുസ്തകത്തിലെ പരാമർശമെന്നു കോൺഗ്രസ് ആരോപിച്ചു. ഗോധ്ര തീവയ്‌പ് കേസിൽ കോടതി വിധി വളച്ചൊടിച്ച എഴുത്തുകാർക്കെതിരേ നിയമനപടികൾ സ്വീകരിക്കുന്നതിൽ അഭിപ്രായം തേടുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ വസ്തുതാവിരുദ്ധമായ ഒന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടില്ലെന്നു ഭാവ്‌നാബെൻ ദാവേ പറഞ്ഞു. കോടതികളുടെ ഉത്തരവുകൾ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതേക്കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും ദാവേ പറഞ്ഞു.

2002 ഫെബ്രുവരി 27നാണ് ഗോധ്രയിൽ ട്രെയിനിനു തീവച്ച് 59 കർസേവകരെ കൊലപ്പെടുത്തിയത്. ഇതു ഗുജറാത്തിൽ വലിയ വർഗീയ കലാപത്തിനു വഴിവയ്ക്കുകയും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആയിരത്തിലേറെ പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.