ആറാം വയസിലെ ആദ്യ അങ്കം. മേശയ്ക്ക് മുകളിൽ 64 കളങ്ങളുള്ള രണഭൂമി. യുദ്ധത്തിനുള്ള സർവസന്നാഹങ്ങളും ഒരുക്കി ഇരുവശത്തും തയ്യാറായി നിൽക്കുന്ന രാജാവും മന്ത്രിയും ആനകളും കുതിരകളും കാലാളും. തൊട്ടടുത്തുള്ള കസേരയിൽ കട്ടിയുള്ള മൂന്ന് തലയിണകൾക്ക് മുകളിലിരുന്ന് പടക്കളത്തിലേക്ക് എത്തിവലിഞ്ഞ് നോക്കാൻ ശ്രമിക്കുന്ന മെലിഞ്ഞ് കൊലുന്നനെയുള്ള പയ്യൻ. ഇന്ത്യൻ ചെസിലെ അത്ഭുത മലയാളി ബാലൻ നിഹാൽ സരിൻ !
കാണികളെ മുൾമുനയിൽ നിറുത്തി വിജയത്തിലേക്ക് കരുക്കൾ നീക്കിത്തുടങ്ങുമ്പോൾ നിഹാലിന് അതൊരു കുട്ടിക്കളിയായിരുന്നു. ലോകചെസിന്റെ നെറുകയിൽ അഞ്ച് വിരലൊപ്പുകൾ പതിച്ച വിശ്വനാഥൻ ആനന്ദിനെ അടക്കം മുട്ടുകുത്തിച്ച് ഇന്ന് പതിനഞ്ചാം വയസിൽ ലിറ്റിൽ ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടം സ്വന്തമാക്കിയപ്പോഴും അതിൽ മാറ്റമില്ല. നിഹാലിന്റെ ഭാഷയിൽ പറഞ്ഞാൽ 'രസത്തിനായുള്ള ഒരു കളി ". ലോകചെസിന്റെ തേരിലേറിയ ഗമയൊന്നും നിഹാലിനില്ല. ചെറിയനാണത്തോടെ മുറിവാക്കുകളിൽ ഉത്തരം നൽകുന്ന തനി തൃശൂരുകാരനായ കൊച്ചു മിടുക്കൻ. പക്ഷേ, ചെസ് ബോർഡിന് മുന്നിലെത്തിയാൽ അവൻ പുലിയാണ്.
തൃശൂർക്കാരൻ പുലിയാട്ടാ !
തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ അയ്യന്തോൾ ശ്രുതിയിൽ ഡോ.എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മൂത്ത മകനായി 2004 ജൂലായ് 13 നാണ് നിഹാലിന്റെ ജനനം. രണ്ടോ മൂന്നോ വയസിൽ സമപ്രായക്കാരായ കുട്ടികൾ കളിപ്പാട്ടങ്ങൾക്ക് നടുവിൽ തങ്ങളുടെ കുഞ്ഞുലോകം തീർക്കാൻ ശ്രമിച്ചപ്പോൾ നിഹാലിന്റെ ഇഷ്ടങ്ങൾ അല്പം വ്യത്യസ്തമായിരുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അച്ഛനും അമ്മയും അവന് കാറുകളുടെ പേര് പറഞ്ഞു കൊടുക്കാൻ തുടങ്ങി. മൂന്നു വയസാകും മുമ്പേ കൊച്ചു നിഹാൽ അവയൊക്കെ മനപ്പാഠമാക്കി. മൂന്നര വയസായപ്പോൾ 191 രാജ്യങ്ങളുടെ പേരും പതാകയും രേഖപ്പെടുത്തിയ പുസ്തകം ഹൃദിസ്ഥമാക്കി അത് പറഞ്ഞു കേൾപ്പിച്ച് വീണ്ടും ഞെട്ടിച്ചു. പിന്നെ, നിഹാലിന്റെ മുന്നിൽപ്പെട്ടത് ചിത്രശലഭങ്ങളാണ്. അമ്പതിൽപ്പരം ചിത്രശലഭങ്ങളുടെ പേരും ശാസ്ത്ര നാമവും കാണാപ്പാഠമാക്കി വീട്ടുകാരെ വീണ്ടും അമ്പരപ്പിച്ചു. 150 റഷ്യൻ നാടോടിക്കഥകൾ, ഗുണനപ്പട്ടിക അങ്ങനെ നിഹാലിന് മുന്നിൽ ഓരോന്നായി അടിയറവ് പറഞ്ഞു തുടങ്ങി.
നിഹാലിന് നാലുവയസുള്ളപ്പോഴാണ് സരിന് കോട്ടയത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. പുതിയ സ്ഥലം നിഹാലിനെ വല്ലാതെ ബോറടിപ്പിച്ചു. അത് അവസാനിച്ചതാകട്ടെ ഒന്നാന്തരം വികൃതികളിലും. ബോറടിയും ഒപ്പം വികൃതിയും മാറ്റാൻ വാപ്പ മുപ്പതു രൂപ നൽകി എത്തിച്ച കുഞ്ഞൻ ചെസ് ബോർഡാണ് നിഹാലിന്റെ ജീവിതം മാറ്രി മറിച്ചത്. വീടിന്റെ മുന്നിലെ വരാന്തയിലിരുന്ന് മുത്തച്ഛൻ (ഉമ്മയുടെ വാപ്പ) ഉമ്മറിന്റെ കൈവിരലുകളിൽ തൂങ്ങി നിഹാൽ ചതുരംഗ കളത്തിലിറങ്ങി.
ഉമ്മർ തന്നെയാണ് ആദ്യ ഗുരു. തന്റെ റാണിയെയും പടയാളികളെയും മുത്തച്ഛൻ നിഷ്കരുണം വെട്ടിവീഴ്ത്തുമ്പോൾ കുഞ്ഞ് നിഹാൽ ചെസ് ബോർഡ് വലിച്ചെറിഞ്ഞ് വലിയ വായിൽ നിലവിളിക്കുന്ന ഓർമ്മയുണ്ട് ഇപ്പോഴും മാതാപിതാക്കൾക്ക്. പ്രതിസന്ധികളിൽ കണ്ണീരോടെ പിന്തിരിഞ്ഞോടാതെ ആത്മവിശ്വാസത്തിന്റെ കാൽവയ്പ്പുമായി മുന്നോട്ട് നീങ്ങുക എന്ന വലിയ പാഠം നിഹാൽ പഠിച്ചതും ആ വരാന്തയിൽ നിന്നാണ്. കരുത്ത് പകർന്ന് മുത്തച്ഛനും മാതാപിതാക്കളും ഒപ്പം നിന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വീട്ടിലെ സകലരും അടിയറവ് പറഞ്ഞു തുടങ്ങി. കോട്ടയം എക്സെൽഷിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ പഠനം കൂടാതെ മറ്റെന്തെങ്കിലും ആക്ടിവിറ്റി കുട്ടികൾ തിരഞ്ഞെടുക്കേണ്ടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ നിഹാൽ ചെസിനോട് യെസ് പറഞ്ഞു. കോട്ടയം വൈ.എം.സി.എ യിലെ പതിവുകളിക്കാരെ തോൽപ്പിക്കാൻ കൊച്ചു നിഹാൽ കസേരകളിൽ കയറി നിന്ന് കളിച്ചു. ഇത്തിരിയില്ലാത്ത പയ്യനോടൊപ്പം മത്സരിക്കാൻ തയാറല്ലെന്ന് പറഞ്ഞ എതിരാളിയെ നിമിഷങ്ങൾക്കകം തോൽപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. മുത്തച്ഛൻ ഉമ്മറിന് ശേഷം കോട്ടയം പോട്ടൂർ മാത്യു പി. ജോസഫായിരുന്നു ഗുരു.
നേട്ടങ്ങളുടെ നെറുകയിൽ
ആറാം വയസിൽ കേരള അണ്ടർ സെവൻ ചാമ്പ്യൻഷിപ്പ് നേടിയായിരുന്നു തുടക്കം. ആറുവയസ് മുതൽ ജൂനിയർ തലം വരെയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും ജേതാവായിരുന്നു സരിൻ. ആറാം വയസിൽ തന്നെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരം എന്ന റെക്കോഡും അത് നേടിക്കൊടുത്തു. 2013ൽ ചെന്നൈയിൽ നടന്ന നാഷണൽ അണ്ടർ 9 ഉൾപ്പെടെ ഒമ്പത് വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ രണ്ടു തവണ സംസ്ഥാന ചെസ് ജേതാവായി. ഒമ്പത് വയസിൽ താഴെയുള്ളവരുടെ സ്കൂൾ തല ദേശീയ മത്സരത്തിൽ റണ്ണറപ്പുമായി. പതിനൊന്ന് വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഒരു തവണ സംസ്ഥാന ചെസ് ജേതാവ്, തുടർന്ന് യു.എ.ഇയിൽ 2013 - 14 ൽ നടന്ന ലോക അണ്ടർ 10 ബ്ലിറ്റ്സിൽ ഗോൾഡ് മെഡൽ, സൗത്താഫ്രിക്കയിൽ 2014ൽ അണ്ടർ 10 ലോകചാമ്പ്യൻ, ഉസ്ബെക്കിസ്ഥാനിൽ നടന്ന അണ്ടർ 10 ഏഷ്യൻ യൂത്ത് റാപിഡ് ചാമ്പ്യൻ, 2015 ൽ ഗ്രീസിൽ നടന്ന അണ്ടർ 12 മത്സരത്തിൽ വെള്ളി മെഡൽ ജേതാവ് തുടങ്ങിയ നേട്ടങ്ങളും നിഹാൽ സ്വന്തമാക്കി.
2016ൽ അസാമാന്യ പ്രതിഭയ്ക്കുള്ള അവാർഡിനും അർഹനായി. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ആഗസ്റ്റിൽ അബുദാബിയിൽ നടന്ന ഇന്റർനാഷണൽ ചെസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായത്. ഉസ്ബക്കിസ്ഥാന്റെ തെമൂർ കുയ്ബോകറോവിനെ സമനിലയിൽ തളച്ചാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം സ്ഥാനം നിഹാൽ സ്വന്തമാക്കിയത്. ജി.എൻ. ഗോപാലിനും എസ്.എൽ. നാരായണനും ശേഷം ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാൽ. ലോകത്ത് ഈ പദവിയിലെത്തുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ് താരവും.
2019 മെയിൽ സ്വീഡനിലെ മൽമോയിൽ നന്ന സീഗ്മൻ ആൻഡ് കോ ചാമ്പ്യൻഷിപ്പിൽ രണ്ട് സമനിലകൾ സമ്പാദിച്ച നിഹാൽ 2600 എന്ന ഈലോ റേറ്റിംഗിൽ (ചെസ് കളിക്കാരുടെ നിലവാരം അളക്കാനുള്ള ശാസ്ത്രീയ അളവുകോലാണ് ഈ ലോ റേറ്റിംഗ് ) എത്തി. 14 വയസും 10 മാസവും പ്രായമുള്ള നിഹാൽ ഈ റേറ്റിംഗിൽ എത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോകത്ത് പ്രായം കുറഞ്ഞ രണ്ടാമനുമായി.
വിശ്വനാഥൻ ആനന്ദ് 'ചെക്ക് "
2018 നവംബർ 11നാണ് ലോകചെസിന്റെ നെറുകയിൽ തൊട്ട വിശ്വനാഥൻ ആനന്ദിനെ നിഹാൽ സരിൻ സമനിലയിൽ തളച്ചത്. കൊൽക്കത്തയിൽ നടന്ന ഇന്ത്യയിലെ പ്രഥമ സൂപ്പർ ചെസ് ടൂർണമെന്റ് റാപിഡ് ചെസ് മത്സരത്തിലാണ് വിശ്വനാഥൻ ആനന്ദ് അണ്ടർ 14 ലോക ചാമ്പ്യനായ നിഹാലിനോട് സമനില വഴങ്ങിയത്. 25 മിനിറ്റാണ് റാപിഡ് ചെസിന്റെ സമയക്രമം. മത്സരം എട്ട് റൗണ്ട് സമാപിച്ചപ്പോൾ നിഹാൽ ആറ് സമനിലകളാണ് ലോകത്തിലെ കരുത്തർക്കെതിരെ സ്വന്തമാക്കിയത്. ആനന്ദിനെ കൂടാതെ ലോകചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ റഷ്യൻതാരം സെർജി കർജാക്കിൻ, ലോക ചെസ് താരങ്ങളായ മാമദ്യെറോവ്, വെസ്ലി സോ, ഹരികൃഷ്ണ, വിദിത് സന്തോഷ് ഗുജറാത്തി എന്നിവർക്കും ആ മത്സരത്തിൽ നിഹാലിനോട് പരാജയപ്പെടേണ്ടി വന്നു. ഇത് തന്റെ ആദ്യത്തെ സൂപ്പർ ടൂർണമെന്റാണെന്നാണ് കാണികളെയും എതിരാളികളെയും ഒരുപോലെ തളച്ച കൊച്ചുമിടുക്കൻ നിഹാൽ അന്നു പറഞ്ഞത്.
കഠിനാദ്ധ്വാനം തന്നെ മൂലധനം
കുട്ടിക്കളിയാണെന്ന് നിഹാൽ പറയുമ്പോഴും സരിന്റെ കഠിന പ്രയത്നം തന്നെയാണ് ഈ നേട്ടങ്ങൾക്ക് അടിസ്ഥാന ഘടകം. സാധാരണ കളിക്കാർ ദിവസത്തിന്റെ വലിയൊരു പങ്കും പരിശീലനത്തിനായി ചെലവഴിക്കുമ്പോൾ നിഹാലിന്റെ പരിശീലനം ആഴ്ചയിൽ ഒരു ദിവസം മാത്രം. മറ്റുള്ളവർ ഗ്രാൻഡ്മാസ്റ്റർമാരുടെ കോച്ചിംഗ് മാത്രം സ്വീകരിക്കുമ്പോൾ നിഹാലിന് ഇതുവരെ ഒറ്റത്തവണയേ ഗ്രാൻഡ്മാസ്റ്റർ ശിക്ഷണം ലഭിച്ചുള്ളൂ. പ്രൊഫ. എൻ.ആർ. അനിൽകുമാർ, കെ.കെ. മണികണ്ഠൻ, സി.ടി. പത്രോസ്, വർഗീസ് കോശി, ദിമിത്രി കോമറോവ് എന്നിവരുടെ കീഴിൽ പരിശീലനം നേടിയിരുന്നു നിഹാൽ. അതും ഏതാനും മണിക്കൂറുകൾ മാത്രം. ലോകചെസ് ചാമ്പ്യനായ അലക്സാണ്ടർ എലെഖൈയ്നാണ് നിഹാലിന്റെ ആരാധനാപാത്രം. തൃശൂർ ദേവമാതാ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് നിഹാൽ. ചെസ് കഴിഞ്ഞാൽ നിഹാലിന് ഇഷ്ടം ബാഡ്മിന്റൺ കളിക്കാനും കുഞ്ഞനുജത്തി നേഹയ്ക്കൊപ്പം ചെലവഴിക്കാനുമാണ്.
വിലയേറിയ താരം
ചെസ് രംഗത്ത് ഇന്ത്യയിൽ ഏറ്റവും വിലയേറിയ താരം ആരാണെന്ന് ചോദിച്ചാൽ 41കാരൻ വിശ്വനാഥൻ ആനന്ദ് എന്ന മറുപടി ഉടനെത്തും. എന്നാൽ രണ്ടാമൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിഹാൽ. രണ്ട് കസേരയും ഒരു ചെസ് ബോർഡും ബുദ്ധിയുമുണ്ടെങ്കിൽ ലോകചെസ് ചാമ്പ്യൻ ആകാമെന്ന് കരുതിയെങ്കിൽ തെറ്റി. യാത്രകളും പരിശീലനങ്ങളും അടക്കം ലക്ഷങ്ങളുടെ മുതൽമുടക്ക് ഈ ചതുരംഗ കളത്തിന് പുറകിലുണ്ട്. അക്ഷയകല്പ എന്ന പാൽ ഉത്പന്ന ബ്രാൻഡാണ് നിഹാലിനെ സ്പോൺസർ ചെയ്യുന്നത്. ഓർമയും ബുദ്ധിയും രാകി മിനുക്കി ഇനിയുള്ള ലോകപോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിലാണിപ്പോൾ നിഹാൽ. ഇത്തിരി കരുതൽ, അല്പം പ്രോത്സാഹനം, അകമഴിഞ്ഞ പിന്തുണ, കൊച്ചുപ്രായത്തിൽ കൈവരിച്ച നേട്ടങ്ങളെ അംഗീകരിക്കൽ. അതുമതി ഇനിയുള്ള പോരാട്ടങ്ങളിൽ ലോകചാമ്പ്യനായി നിഹാലിന് തിരിച്ചെത്താൻ.