ജീവിതത്തിൽ എന്നെങ്കിലും പാരീസിൽ പോകുമെന്നോ ലോകഅത്ഭുതങ്ങളിലൊന്നായ ഈഫൽ ഗോപുരം കാണാനാകുമെന്നോ ഒരിക്കൽപ്പോലും വിചാരിച്ചിരുന്നില്ല. എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായി ജോലിയിൽ പ്രവേശിച്ച എഴുപതുകളിൽ ഈഫൽ ഗോപുരത്തെക്കുറിച്ചും പാരീസിലെ മറ്റു പല സ്ഥാപനങ്ങളെക്കുറിച്ചും എഴുതേണ്ടിവന്നിട്ടുണ്ട്. പിന്നീട് കാൽനൂറ്റാണ്ടിനുശേഷം ഒന്നുമുതൽ പത്തുവരെയുള്ള സർവവിജ്ഞാനകോശം വാല്യങ്ങളുടെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കുന്നതിന്റെ ചീഫ് കോ - ഓർഡിനേറ്റർ ആയിരുന്ന എനിക്ക് ഈഫൽ ഗോപുരത്തെക്കുറിച്ചും താജ്മഹലിനെക്കുറിച്ചും (രണ്ടും ലോക അത്ഭുതങ്ങൾ) കുറേക്കൂടി നന്നായി പഠിക്കുകയും എഴുതുകയും ചെയ്യേണ്ടിവന്നു. വായിച്ചും പഠിച്ചും അറിഞ്ഞതിനപ്പുറം എത്രയോ ഉയരങ്ങളിലാണ് ഫ്രഞ്ചുജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി മാറിയ ഈ മഹത്തായ ചരിത്രസ്മാരകത്തിന്റെ സ്ഥാനമെന്ന് നേരിൽ കണ്ടപ്പോഴാണ് മനസിലായത്.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ എൻജിനീയറായി ജോലി നോക്കുന്ന മകൻ അരുണിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ സകുടുംബം യൂറോപ്യൻ യാത്രയ്ക്ക് തിരിച്ചത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മൂന്നുവയസുള്ള ഇഷാൻ (മകളുടെ മകൻ) ഉൾപ്പെടെ ഞങ്ങൾ സ്വീഡിഷ് എംബസിയുടെ ചെന്നൈയിലെ റീജിയണൽ ഓഫീസിൽ ഇന്റർവ്യൂവിന് വരെ പോകേണ്ടിവന്നു വിസ കിട്ടാൻ.
തിരുവനന്തപുരത്തുനിന്ന് ദുബായ് വഴി സ്റ്റോക്ഹോമിലേക്കുള്ള വിമാനയാത്ര ഏതാണ്ട് പതിനാലു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. വിമാനത്താവളത്തിൽ അരുണും മകൾ ദിയയും ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിനുള്ളിൽ നിന്നുതന്നെയുള്ള മെട്രോ ട്രെയിനിൽ കയറി അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തി. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ വിശാലമായ ആകാശത്ത് വിമാനം താണുപറന്നപ്പോൾ കണ്ട കാഴ്ചകൾ ആകാംക്ഷയും അമ്പരപ്പും ഉളവാക്കുന്നതായിരുന്നു. ഡൽഹിയിലും മുംബയിലും മറ്റും നിരവധി തവണ പോയിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഒരു നഗരം ആദ്യമായാണ് കാണുന്നത്. ആധുനികരീതിയിലുള്ള ആയിരക്കണക്കിന് അംബരചുംബികൾ. അവയ്ക്കിടയിലൂടെ വളഞ്ഞൊഴുകുന്ന മനോഹരമായ സീൻ നദി. കാശിയുടെ ഹൃദയം ഗംഗയാണെങ്കിൽ പാരീസിന്റെ ജീവനാഡിയാണ് സീൻ നദി. നദിക്കരയിലെ അതിവിശാലമായ മൈതാനത്ത് അംബരചുംബികളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഈഫൽ ഗോപുരം. താണിറങ്ങുന്ന വിമാനത്തിന്റെ ജനാലയിലൂടെയുള്ള പാരീസ് നഗരത്തിന്റെ കാഴ്ച അതിമനോഹരമാണ്.
വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള ദൂരം നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാരീസിലെ തെരുവീഥികളുടെ മനോഹാരിത അത്ര കണ്ട് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കുണ്ടും കുഴികളുമില്ലാത്ത വൃത്തിയും വെടിപ്പും ഉള്ള റോഡുകൾ. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്ന ജനങ്ങൾ. സീബ്രാലൈനുകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ. എവിടെയും ഫ്ലൈഓവറുകളും അണ്ടർ പാസുകളും. നിമ്നോന്നതികളില്ലാതെ ബാഗുകളും മറ്റും ഉരുട്ടിക്കൊണ്ടുപോകാൻ പറ്റുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഫുട് പാത്തുകൾ. സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക ട്രാക്ക് മാർക്ക് ചെയ്തിട്ടുണ്ട്. റോഡിൽ ഒരു സ്ഥലത്തും ചപ്പുചവറുകൾ പോയിട്ട് ഒരു കടലാസ് കഷണം പോലും കാണാനില്ല. റോഡിനിരുവശവും ജംഗ്ഷനുകളിലും വലിയ ചട്ടികൾ നിറയെ പൂത്തുനിൽക്കുന്ന വർണാഭമായ ചെടികൾ. അവയ്ക്കുമപ്പുറം അഴകുള്ള തണൽ മരങ്ങൾ. ഇലക്ട്രിക് പോസ്റ്റുകളിൽ പത്തടി ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന വലിയ ചട്ടികളിൽ നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ. രണ്ടാഴ്ചയിലൊരിക്കൽ ഇതുമാറ്റി പുതിയ പൂച്ചട്ടികൾ അതാതിടങ്ങളിൽ വയ്ക്കുന്നു എന്നത് പൂക്കളുടെ ഭംഗിയും പുതുമയും വർദ്ധിപ്പിക്കുന്നു. ഒപ്പം പാരീസ് എന്ന മഹാനഗരത്തിന്റെ മനോഹാരിതയും. നിറയെ പൂത്തുനിൽക്കുന്ന ഈ ചെടികളും പൂമരങ്ങളും പാരീസിലെ തെരുവീഥികളെ അക്ഷരാർത്ഥത്തിൽ നയന മനോഹരമാക്കുന്നു. ഗോഥ്ക ശൈലിയിലും ഫ്രഞ്ച് വാസ്തുവിദ്യയിലും ഇറ്റാലിയൻ ശൈലിയിലും മറ്റും നിർമ്മിച്ചിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരങ്ങളായ കൊട്ടാരങ്ങൾ.
പാരീസിന്റെ വിവിധ പ്രദേശങ്ങളിലേക്ക് തലങ്ങും വിലങ്ങും ഭൂമിക്കടിയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിനുകൾ. അവയ്ക്ക് പുറമെ ദീർഘദൂരട്രെയിനുകൾ വേറെ. ബസ് സ്റ്റോപ്പുകളും റെയിൽവേ സ്റ്റേഷനുകളും അടുത്തായി സ്ഥിതിചെയ്യുന്നു എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ഒന്നാം ദിവസം ഈഫൽ ടവർ. രണ്ടാം ദിവസം ലുവർ മ്യൂസിയം. മൂന്നാം ദിവസം സീൻ നദിയിലെ ബോട്ട് യാത്ര. അടുത്ത ദിവസം ചരിത്ര സ്മാരകങ്ങളും ഉദ്യാനങ്ങളും. ഈ രീതിയിലാണ് പാരീസിലെ പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നത്. അതിനായുള്ള ടിക്കറ്റുകളും മറ്റും നേരത്തെ റിസർവ് ചെയ്തിരുന്നു. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. ചില സ്ഥലങ്ങളിൽ മണിക്കൂറുകൾ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നവരെയും കാണാൻ കഴിഞ്ഞു. ടിക്കറ്റുകൾ കൈയിൽ ഉണ്ടായിരുന്നിട്ടും ഈഫൽ ടവറിൽ കയറുന്നതിനു വേണ്ടിയുള്ള ക്യൂവിൽ രണ്ടരമണിക്കൂർ ഞങ്ങൾക്കും കാത്തുനിൽക്കേണ്ടിവന്നു. ടവറിന്റെ മുകളിലെ നിലകളിൽ തിരക്കുണ്ടാകാതിരിക്കാൻ വേണ്ടി നിയന്ത്രിതമായാണ് ആളുകളെ മുകളിലേക്ക് അയക്കുന്നത്.
ആകാശത്തിന്റെ നെറുകയിലേക്ക് ചുഴിഞ്ഞുകയറിയ ഈഫൽ ഗോപുരം ശില്പകലയുടെയും സാങ്കേതിക പുരോഗതിയുടെയും ഫ്രഞ്ച് ജനതയുടെ ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്. വിശാലത ഒരുക്കുന്ന വലിയ മൈതാനത്തിന്റെ നടുവിൽ നാല് തൂണുകളിൽ പടുത്തുയർത്തിയിട്ടുള്ള ഈ ഇരുമ്പുഗോപുരം ഏഴ് ലോകഅത്ഭുതങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു. ഇരുമ്പു പാലങ്ങളുടെയും വലിയ അണക്കെട്ടുകളുടെയും നിർമ്മാണത്തിൽ യൂറോപ്പിലെങ്ങും പ്രസിദ്ധനായിരുന്ന ഈഫൽ അലക്സാണ്ടർ ഗുസ്താവ് (1832-1923)ലാണ് ഈ മഹത്തായ ഗോപുരത്തിന്റെ ശില്പി. 1889-ൽ പാരീസിൽ നടന്ന വേൾഡ് എക്സിബിഷന്റെ പ്രവേശന കവാടമായി നിർമ്മിച്ചതാണ് ഈ ഗോപുരം.
വിവിധ തലങ്ങളിലായി മൂന്ന് പ്ലാറ്റ് ഫോറങ്ങൾ (നിലകൾ). കാണികൾക്ക് ഈ നിലകളിൽ ഇറങ്ങി ചുറ്റി നടന്ന് കാഴ്ചകൾ കാണാം. 57മീ.ഉയരത്തിൽ ഒന്നാം നിലയും 115 മീറ്റർ എത്തുമ്പോൾ രണ്ടാം നിലയുമാണ്. 276 മീറ്റർ ഉയരത്തിലെത്തുമ്പോഴാണ് മൂന്നാമത്തെ നില. ഇവിടെവരെ എത്തുന്നതിന് ലിഫ്റ്റ് സൗകര്യം ഉണ്ട്. ആദ്യം ലിഫ്റ്റ് രണ്ടാം നിലയിൽ അവസാനിക്കും. അവിടെ ഇറങ്ങി മുകളിലേക്കുള്ള ലിഫ്റ്റ് മാറി കയറണം. ലിഫ്റ്റ് ഉപയോഗിക്കാതെ പടിക്കെട്ടുകൾ കയറാൻ താത്പര്യമുള്ളവർക്ക് അതിനും സൗകര്യമുണ്ട്. ഒന്നാം നിലയിൽ ചുറ്റിനടന്ന് പാരീസ് നഗരവും ചുറ്റുമുള്ള പച്ചപ്പും സീൻനദിയുടെ ഒഴുക്കും ബോട്ടുകളുടെ ആരവവും ഒക്കെ ഏതാണ്ട് അടുത്തുകാണാം. താണുപറക്കുന്ന വിമാനത്തിന്റെ ജനാലയിലൂടെ കാണുന്നതിന്റെ ആയിരം മടങ്ങ് മനോഹാരിതയാണ് ഈഫൽ ഗോപുരത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യം.
നോക്കത്താദൂരം കുറഞ്ഞത് 100 കി.മീ ചുറ്റളവിൽ പാരീസ് നഗരം പടർന്നു പന്തലിച്ചു നിൽക്കുന്നതിന്റെ വശ്യമോഹനമായ ദൃശ്യവിസ്മയം വാക്കുകളെ കൊണ്ടവതരിപ്പിക്കാനാവുന്നതല്ല. കിഴക്കും പടിഞ്ഞാറും വടക്കും തെക്കും എല്ലാം ഒരേ രീതിയിൽ ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ മുന്നിട്ടു നിൽക്കുന്നു. നോട്ടർഡാമിലെ പള്ളയും ലുവർ മ്യൂസിയവും രാജാവിന്റെ കൊട്ടാരവും യുനെസ്കോ ബിൽഡിംഗും പതിനായിരക്കണക്കിന് ബഹുനില മന്ദിരങ്ങളും അവയൊരുക്കുന്ന വർണവൈവിധ്യങ്ങളും അവാച്യമെന്നേ പറയാനാവൂ. തൊട്ടടുത്ത് താഴേക്ക് നോക്കുമ്പോൾ വിശാലമായ മൈതാനങ്ങളൊരുക്കുന്ന പച്ചപ്പ്. കടും നീലനിറത്തിലുള്ള സീൻ നദിയുടെ സൗന്ദര്യം ഒന്നുവേറെ തന്നെയാണ്. നൂറുകണക്കിന് ബോട്ടുകൾ സഞ്ചാരികളുമായി ഒഴുകി നടക്കുന്നു. അഞ്ഞൂറിനു മുകളിൽ ആളുകൾ കയറുന്ന കപ്പലുകളാണ് ഇതിൽ അധികവും. സീൻനദിക്ക് കുറുകെ ചെറുതും വലുതുമായ നിരവധി പാലങ്ങളുണ്ട്. ആ റോഡുകളിലൂടെ വിശേഷിച്ച് പാലങ്ങൾക്ക് മുകളിലൂടെ കാറുകളും ബസുകളും ട്രക്കുകളും ചീറിപ്പായുന്ന കാഴ്ച മറ്റൊരു മന്ദിരത്തിന്റെ മുകളിൽ നിന്നാലും ഇതുപോലെ കാണാനാകില്ല. തലങ്ങും വിലങ്ങും ട്രെയിനുകളൊരുക്കുന്ന കാഴ്ചയും വേറിട്ട അനുഭവമാണ്.
മൂന്നാം നിലയിൽ കാണികൾക്കായി ഒരുക്കിവച്ചിരിക്കുന്ന ടെലസ്കോപ്പ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. വിദൂരത്തിലുള്ള കാഴ്ചകൾ തൊട്ടടുത്ത് വലുതായി കാണുമ്പോൾ ഉണ്ടാകുന്ന വിസ്മയം ചെറുതൊന്നുമല്ല. മൂന്നുവയസുകാരൻ ഇഷാൻ മറ്റുള്ളവർക്കു മാറിക്കൊടുക്കാതെ അതിൽതന്നെ നോക്കിക്കൊണ്ടു നിന്ന രംഗം ഇപ്പോഴും മനസിലുണ്ട്. കാലാവസ്ഥാ പഠനത്തിനും അന്തരീക്ഷ നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഗോപുരത്തിന്റെ ശില്പിയായ ഈഫൽ അതിഥികളെ സ്വീകരിക്കുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന ഓഫീസ്മുറിയും ഇവിടെയുണ്ട്. സീൻ നദിയിൽ നിന്നു സദാ വീശിയടിക്കുന്ന കുളിർകാറ്റ് നമ്മെ തൊട്ടു തലോടി പോകുമ്പോൾ വെയിലിന്റെ കാഠിന്യം (ജൂലായ് മാസത്തിൽ നല്ല ചൂടാണ് പാരീസിൽ) നാമറിയാതെ പോകുന്നു. മുകളിലെ നിലകളിൽ ഒരുക്കിയിരിക്കുന്ന റസ്റ്റോറന്റുകളിൽ രുചികരമായ ഫ്രഞ്ചു വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. പുറത്തിറങ്ങി കുറച്ചകലെ മാറി പുൽത്തകിടിയിൽ ഇരുന്നുള്ള കാഴ്ച അത്യന്തം ഹൃദയഹാരിയായിരുന്നു. അസ്തമയ സൂര്യന്റെ അരുണ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്ന ഈഫൽ ഗോപുരത്തിന്റെ ഘടനാപരമായ സവിശേഷതകൾ തെളിഞ്ഞുകാണുന്ന ദൃശ്യം പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത പ്രൗഢിയുടെ മകുടോദാഹരമാണ്. കുറേക്കൂടി കഴിഞ്ഞ് രാത്രി ആയപ്പോൾ ഇല്യുമിനേഷൻ എന്ന മാസ്മരികതയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഈഫൽ ഗോപുരം കാണാൻ ചുറ്റുപാടും പതിനായിരങ്ങൾ ഉണ്ടായിരുന്നു. ഇരുപതിനായിരത്തിലധികം ബൾബുകൾ ഉപയോഗിച്ചാണ് ഗോപുരത്തിന്റെ ഇല്യൂമിനേഷൻ നിർവഹിച്ചിരിക്കുന്നത്. സായംസന്ധ്യയുടെ ചാരുതയിൽ അവർണനീയമായ ആലക്തിക ശോഭയിൽ തിളങ്ങി നിൽക്കുന്ന ഈഫൽ ഗോപുരം കാണുമ്പോൾ നാമറിയാതെ പറഞ്ഞുപോകും ഇത് ലോകാത്ഭുതം തന്നെ എന്ന്.
(ലേഖകന്റെ നമ്പർ: 9447037877)