കാളിദാസൻ തന്റെ കൃതിയിൽ ഭാസൻ,സൗമില്ലകൻ,കവിപുത്രൻ തുടങ്ങിയ പൂർവസൂരികളായ നാടകകവികളെ ആദരപൂർവം സ്മരിക്കുന്നതിൽ നിന്ന് കാളിദാസന്റെ കാലഘട്ടം ഭാസനു ശേഷമാണെന്ന നിഗമനത്തിലെത്താം. അപൂർവ്വം ചില ദിക്കുകളിൽ പാണിനിയുടെ നിയമങ്ങൾ കാളിദാസൻ തെറ്റിച്ചിരിക്കുന്നു. ഇത് പകർത്തിയെഴുതിയപ്പോൾ വന്ന തെറ്റാകാം.അതുകൊണ്ട് പാണിനിക്കുശേഷം കാളിദാസൻ ജീവിച്ചിരിന്നുവെന്ന് ഊഹിക്കാം. ഒരു പക്ഷെ ഇന്ന് ലഭ്യമല്ലാതായ ഏതോ ഒരു വ്യാകരണ ഗ്രന്ഥം അദ്ദേഹം പിന്തുടർന്നുവെന്നും വരാം.അഥവാ പാണിനീയം സാർവത്രികമായി അംഗീകരിക്കപ്പെടുന്നതിന് തൊട്ടുപിൻപുള്ള കാലമാകാം കാളിദാസന്റേത്.- ബി.എസ്.രാജേന്ദ്രൻ "കാളിദാസൻ ഒരു പഠനം" കാലാനുവർത്തിയായ സാഹിത്യകാരന്റെ കൃതികളിലേക്കുള്ള ഒരു യാത്രയാണ്.
കാളിദാസകൃതികൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത രാജേേന്ദ്രൻ കാളിദാസന്റെ കാവ്യഭൂമികയിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാർക്ക് അതൊരു പുതിയൊരനുഭവമാകുന്നു.തത്വവിചാരങ്ങൾക്കും ശാസനകൾക്കുമപ്പുറം കവിയുടെ ഭാവനാവിലാസത്തോടുകൂടി പുനരാവിഷ്കരിച്ച കാളിദാസകൃതികൾ എല്ലാക്കാലത്തും ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റിയിട്ടുള്ളവയാണ്. ഇന്ത്യൻ ഷേക്സ്പീയർ എന്ന് ലോകം വിശേഷിപ്പിക്കുന്ന കാളിദാസന്റെ കൃതികൾ പഠനങ്ങൾക്കും വിവർത്തനങ്ങൾക്കും പലകുറി വിധേയമായിട്ടുണ്ട്.വേദം,വേദാന്തം ,രാഷ്ട്രീയം ,ഭൂമിശാസ്ത്രം,തർക്കശാസ്ത്രം,ആയുർവേദം തുടങ്ങിയ സമസ്തശാസ്ത്രങ്ങളിലും പ്രാഗത്ഭ്യം തെളിയിക്കുന്ന കാളിദാസകൃതികൾ എല്ലാക്കാലവും ജീവസുറ്റു നിൽക്കുന്നവ തന്നെയാണ്.
കാളിദാസൻ കൊട്ടാരത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ഒരു സമസ്യ പുറത്തുവന്നു.അത് പൂരിപ്പിക്കുന്ന ആൾക്ക് വമ്പൻ സമ്മാനങ്ങൾ നൽകുമെന്ന് വിളംബരമുണ്ടായി.കഥ ഇങ്ങനെ . കാളിദാസൻ സുന്ദരിയായ ഒരു യുവതിയുടെ വീട്ടിൽ ഒളിച്ചുപാർക്കുകയാണ്.ഭൂർജപത്രത്തിൽ എന്തൊക്കെയോ തന്റെ അതിഥി കുത്തിക്കുറിക്കുന്നത് അവൾ കണ്ടിരുന്നു. ചിലത് വായിച്ചു നോക്കാൻ ശ്രമിച്ചു കഴിയുന്നില്ല. ഒരുകാര്യം അവൾക്ക് ബോധ്യപ്പെട്ടു. തന്റെ ഒപ്പമുള്ളത് കവിയാണ്.അപ്പോഴാണ് ആ സമസ്യയും വിളംബരവും അവൾ കേൾക്കുന്നത്. അവൾ അത് കാളിദാസനോട് പറഞ്ഞു.അത് പൂരിപ്പിച്ചു നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കാളിദാസൻ കേട്ട സമസ്യ ഇതാ.
കുസുമേ കുസുമോൽപ്പത്തി..
ശ്രൂയതേ ന ച ദൃശ്യതേ (പൂവിനുള്ളിൽ ഒരു പൂവിന്റെ ഉൽപ്പത്തി -ഒരു പൂവിരിക്കുന്നു.പറഞ്ഞാൽ -കേട്ടാൽ മനസ്സിലാകും..പക്ഷെ കണ്ടാൽ മനസിലാകില്ല.)
കവിയുടെ പൂരണം ഉടൻ ഉണ്ടായി.
ബാലേ തവ മുഖാമഭോജെ
നേത്രമിന്ദീവരദ്വയം
കുസുമേ കുസുമോൽപ്പത്തി:.
ശ്രൂയതേ ന ച ദൃശ്യതേ:
അല്ലയോ ബാലേ ,നിന്റെ മുഖമാകുന്ന താമരപ്പൂവിൽ ഇന്ദീവരമായ നീലോൽപ്പലമായ രണ്ട് കണ്ണുകൾ ഇരിക്കുന്നു.സമസ്യ ചമച്ചയാൾ ഒരു പൂവിനുളിൽ മറ്റൊരു പൂവിരിക്കുന്നു എന്നു മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളൂ. കവിയാകട്ടെ ഇരട്ടവെടി പൊട്ടിക്കുക തന്നെ ചെയ്തു.
കാളിദാസൻ കൊട്ടാരത്തിൽ മടങ്ങിയെത്താൻ ഇനിയെന്തുവേണം.ചിന്തോദ്ദീപകവും രസകരവുമായ വായനാനുഭവമാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാളിദാസൻ ഒരു പഠനം സമ്മാനിക്കുന്നത്.