ഏതു രഹസ്യശേഖരത്തിനിടയിലും പ്രകൃതി ഒരു തെളിവെങ്കിലും ബാക്കിവച്ചിരിക്കുമെന്നാണല്ലോ പറയാറ്. അത്തരമൊരു തെളിവ് ശേഷിപ്പിക്കാതെ ദിവാകരൻ മരിച്ചു.അതും പൊലീസെത്തും മുമ്പേ. തൂങ്ങിമരണമായിരുന്നു. എന്താണ് കാരണം? ഒരു ദുർസ്വഭാവവുമില്ല. സാമ്പത്തികശേഷിയുമുണ്ട്. വീട്ടിൽ പറയത്തക്ക പ്രശ്നങ്ങളുമില്ല. രണ്ടുമക്കൾ. മര്യാദക്കാർ. പിന്നെന്തിന് ഈ കടുംകൈ പലരും ചോദിച്ചു. സുഹൃത്തായ രവീന്ദ്രനു മാത്രമേ എന്തെങ്കിലും നേരിയ സൂചനകളുള്ളൂ. അതിനും വ്യക്തമായ തെളിവുകളൊന്നുമില്ല. സൂചനകൾ ആരോടും പറയാനാവില്ല. പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല.കഥയെഴുതാത്ത ആളാണ് ദിവാകരൻ. എല്ലാവരെക്കുറിച്ചും നല്ലതേ പറയൂ. കുറേക്കാലം മുമ്പ് താനൊരു കഥ എഴുതിയെന്ന് പറഞ്ഞ് ഒരു കവർ നൽകി. രവീന്ദ്രൻ അത് രാത്രി ഇരുന്നു വായിച്ചു. കഥയ്ക്ക് ദിവാകരന്റെ ജീവിതവുമായി ബന്ധമൊന്നുമില്ല. പക്ഷേ മരണശേഷം എല്ലാം കൂട്ടിച്ചേർത്തു വായിച്ചപ്പോൾ എവിടെയൊക്കെയോ ഒരു നീറ്റൽ.
കഥയിൽ നായകൻ തീവണ്ടിയ്ക്ക് മുന്നിൽ ചാടി മരിക്കുന്നു. കാരണം ആർക്കും പിടികിട്ടുന്നില്ല. നാട്ടുകാരും സംശയദൃക്കുകളും തലപുകഞ്ഞാലോചിച്ചിട്ടും ഒരു തുമ്പും കിട്ടുന്നില്ല. തനിക്ക് ദുഃഖമുണ്ടെന്ന് നായകൻ ആരോടും പറയുന്നുമില്ല. ഭാര്യയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. പക്ഷേ മരണം വരെ അവർ അത് ആരോടും പറയാനിടയില്ല. പറഞ്ഞാൽ അവരെ ജനം പുച്ഛിക്കും, കല്ലെറിഞ്ഞെന്നും വരാം.
അരുതാത്തൊരു ബന്ധത്തിൽ ഭാര്യ പെടുന്നു. ഭർത്താവ് അത് നേരിൽ കാണുന്നു. വാക്കേറ്റമായി, കൈയേറ്റമായി. തന്റെ കുറ്റം ഭർത്താവ് പറയുമോ എന്ന് ഭാര്യ ഭയക്കുന്നു. അത് പ്രതിരോധിക്കാൻ ഭാര്യ ഒരു കടും കൈയ്ക്ക് മുതിരുന്നു. ഭർത്താവ് മക്കളോട് അപമര്യാദയായി സംസാരിച്ചുവെന്ന് വെറുതെ ഒരു പരാതി. പൊലീസ് സ്റ്റേഷനിലെ ഒരു പരിചയക്കാരൻ വിവരം നായകനെ അറിയിക്കുന്നു. പൊലീസിന്റെ വരവ്, ഒരു ജീവിതകാലത്തെ പ്രതിഛായ ഒരു നിമിഷം കൊണ്ട് തകരുന്നത്, ദുഷ്കീർത്തി... നായകൻ ഭയക്കുന്നു. പുണ്യസ്ഥലത്തേക്കുള്ള ഒരു ട്രെയിനിന് മുന്നിൽ ജീവിതത്തിന് വിരാമമിടാൻ അയാൾ വിറയാർന്ന കാലുകളോടെ നടക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ദിവാകരന്റെ കഥ രവീന്ദ്രൻ ആരെയും കാണിച്ചില്ല. പ്രസിദ്ധീകരണയോഗ്യമല്ലാത്ത ഒരു കഥയായി അത് മണ്ണിലൊടുങ്ങട്ടെ. തന്റെ കൈയിലിരുന്നാൽ തന്റെ കാലശേഷം ആ കഥ ആരെങ്കിലും കണ്ടാൽ വെറുതെ സംശയമുനകൾ നീളും. ഇതേപോലെ പുറത്താരും വായിക്കാത്ത, അറിയാത്ത ജീവിതകഥകൾ എത്രയുണ്ടാകും ഈ ഭൂമിയുടെ ഗ്രന്ഥശേഖരത്തിൽ. രവീന്ദ്രൻ ആ കഥ കത്തിച്ചാരമാകുന്നത് സമ്മിശ്രവികാരങ്ങളോടെ നോക്കിയിരുന്നു.
(ഫോൺ : 9946108220)