വർഷം 1947; സാഹിത്യകാരൻ ഡോ.എസ്.കെ. വസന്തന് അന്ന് വയസ് പന്ത്രണ്ട്. അച്ഛൻ ഇടപ്പള്ളി കരുണാകരമേനോന്റെ കൈ പിടിച്ച് ഇടപ്പള്ളി വീട്ടിലേക്ക് കയറുമ്പോൾ ചങ്ങമ്പുഴ കൃഷ്ണപ്പിള്ള അയൽപ്പക്കകാരനാണ്, അതിലുപരി അച്ഛന്റെ സുഹൃത്തും. ക്ഷയരോഗം പിടിപെട്ട് മരണശയ്യയിൽ കഴിഞ്ഞിരുന്ന കൃഷ്ണപ്പിള്ളയെ (അച്ഛൻ വിളിക്കുന്നത്) കാണാൻ പോകുമ്പോൾ കൈയിലുണ്ടായിരുന്നത് ഒരു ഗ്ലൂക്കോസ് മാത്രം. മെലിഞ്ഞ ശരീരവും ജഡപിടിച്ച് നീട്ടി വളർത്തിയ താടിക്കുമിടയിൽ അച്ഛനെ കണ്ട് വിതുമ്പിയ ചങ്ങമ്പുഴയുടെ പാതി തെളിഞ്ഞ മുഖം മാത്രമാണ് മനസിൽ അവശേഷിക്കുന്നത്. അന്ന് കൈയിൽ കരുതിയ ഗ്ലൂക്കോസ് പൊതി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ നിൽക്കുന്ന തന്നോട് അച്ഛൻ അത് തൊട്ടടുത്തുള്ള മേശയിൽ വയ്ക്കാൻ പറഞ്ഞു. രോഗത്തിന്റെ ദൈന്യഭാവത്തിലും വാത്സല്യത്തോടെ അദ്ദേഹം തന്നെ അരികിലേക്ക് വിളിച്ചു. തലേ ദിവസം ട്രൗസറിന്റെ കീശയിൽ തിരുകി വച്ച വിയർപ്പിന്റെ നനവിൽ കുതിർന്ന ഓട്ടോഗ്രാഫ് എടുത്ത് നീട്ടി.
അതിൽ അദ്ദേഹം സ്വന്തം പേരെഴുതി ഒപ്പിട്ട് നൽകിയപ്പോൾ വസന്തന് അത് ആദ്യ അവാർഡായിരുന്നു. ഇതായിരിക്കാം ചങ്ങമ്പുഴയുടെ അവസാനത്തെ കൈയൊപ്പ്. വേദനയുടെ വിതുമ്പലും പരാധീനതകളും ജീവിതത്തിന്റെ പ്രതീക്ഷകളും പേറിക്കൊണ്ട് അദ്ദേഹം പറഞ്ഞു 'ഞാനെന്റെ ജീവിതം ധൂർത്തടിച്ചു, ഞാനെന്റെ ജീവിതം ധൂർത്തടിച്ചു..." ആ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങി കേൾക്കുന്നു.
ഇത്രയേറെ ജീവിതത്തെ പ്രണയിച്ച മറ്റൊരു കവി മലയാളക്കരയിലുണ്ടാവില്ല. ''എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരി ജീവിതം"", ''ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ഞാൻ ജീവിതത്തോടു വാങ്ങിടും"" എന്നിങ്ങനെ ഓരോ നിമിഷവും ജീവിതത്തെ പ്രണയിച്ച കവി തന്റെ അവസാന നിമിഷത്തിൽ ജീവിതം ധൂർത്തടിച്ചെന്ന് പറയുമ്പോൾ അത്ഭുതപ്പെടാനില്ല. കാരണം കവിതയിലെന്ന പോലെ ജീവിതത്തിലും ചങ്ങമ്പുഴ വിപരീത ധ്രുവങ്ങളിലൂടെ സഞ്ചരിച്ചിരുന്നു എന്നുവേണം കരുതാൻ. ബാല്യകാലത്ത് താൻ അടുത്തുകണ്ടിരുന്ന മഹാകവിയുടെ ചിന്താശകലങ്ങൾ വസന്തനെ സ്വാധീനിക്കാതിരുന്നില്ല. ഓർമ്മകളിൽ നിന്നും താനറിയുന്ന ചങ്ങമ്പുഴയെ ഓർത്തെടുക്കുകയാണ് സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് കൂടിയായ ഡോ.എസ്.കെ. വസന്തൻ.
അനുസരണയുള്ള ചങ്ങമ്പുഴ
ഒരിക്കൽ ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവിയമ്മ അച്ഛന്റെയടുത്ത് വന്ന് സങ്കടപ്പെട്ട് എന്തൊക്കെയോ പറഞ്ഞു. അന്ന് അതെന്താണെന്ന് എനിക്ക് മനസിലായില്ല. പിറ്റേ ദിവസം അച്ഛൻ പറഞ്ഞു, 'നീ ആ പടിക്കെ നിന്ന് പോസ്റ്റുമാൻ വരുമ്പോൾ എന്നോട് വന്ന് പറയണം.." പോസ്റ്റുമാനൊപ്പം അച്ഛനും, അച്ഛന്റെ പിന്നാലെ ഞാനും ചങ്ങമ്പുഴയുടെ അടുത്തേക്ക് പോയി. പോസ്റ്റ് മാനിൽ നിന്നും ആ മണിയോർഡർ വാങ്ങി അച്ഛൻ പറഞ്ഞു 'കൃഷ്ണപ്പിള്ള ഇതിൽ ഒപ്പിടൂ..." മറുത്തൊന്നും പറയാതെ അനുസരണയുള്ള കുട്ടിയെ പോലെ ചങ്ങമ്പുഴ അത് വാങ്ങി ഒപ്പിട്ടു. പിന്നീടാണ് അറിഞ്ഞത് ചങ്ങമ്പുഴയെക്കുറിച്ചും അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ചും അന്ന് ഇ.എം കോവൂർ മാദ്ധ്യമങ്ങളിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നുവെന്ന്. അതറിഞ്ഞ് നിരവധി സഹായങ്ങൾ ചങ്ങമ്പുഴയെ തേടിയെത്തിയിരുന്നെങ്കിലും അദ്ദേഹം അതെല്ലാം അവഗണിക്കുകയായിരുന്നു. ആയിരം രൂപ മണിയോർഡർ വന്നപ്പോൾ ''എനിക്ക് ഇനി ഏറിപ്പോയാൽ ഒരാഴ്ചയെ ഉണ്ടാവൂ, എനിക്കാരുടെയും കടപ്പാട് വേണ്ട..."" എന്നുപറഞ്ഞ് ചങ്ങമ്പുഴ അത് നിരസിക്കുകയാണുണ്ടായത്. വീണ്ടും മണിയോർഡർ ഒപ്പിട്ട് വാങ്ങിപ്പിക്കാനാണ് ശ്രീദേവിയമ്മ അച്ഛന്റെ അടുത്തേക്ക് വന്നത്. അച്ഛൻ പറഞ്ഞാൽ ചങ്ങമ്പുഴ അനുസരിക്കുമെന്ന അവരുടെ വിശ്വാസം ഒടുവിൽ ഫലം കണ്ടു. ചങ്ങമ്പുഴ ബഹുമാനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നു വടക്കേ ഭാഗത്തെ വാര്യർ. അദ്ദേഹം എന്തുപറഞ്ഞാലും പിന്നെ ചങ്ങമ്പുഴയ്ക്ക് മറുത്തൊരു വാക്കുണ്ടാകില്ല.
കവിതയും കടന്ന് ജ്യോതിഷത്തിലേക്ക്
ചങ്ങമ്പുഴയുടെ ജ്യോതിഷ പാണ്ഡിത്യത്തെ കുറിച്ച് അധികം പേർക്കും അറിയില്ലായിരുന്നു. സ്വന്തം മകന്റെ ജാതകം ഗണിച്ച ചങ്ങമ്പുഴ, തനിക്ക് ആയുർദോഷം വരുത്തുമെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, മകന്റെ അല്പായുസ് പോലെ താനും ഈ ഭൂമിയിൽ അധികകാലം ഉണ്ടാകില്ലെന്ന് കവി മനസിലാക്കിയിരുന്നു. ' ജാതകദോഷം! വന്നെന്തിനെൻ ജായാപദവിവരിച്ചൂ നീ " എന്ന മനസ്വിനിയിലെ വരികൾ ചങ്ങമ്പുഴയ്ക്ക് ജ്യോതിഷത്തിലുള്ള അവഗാഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.സ്പന്ദിക്കുന്ന ആ അസ്ഥിമാടത്തിന് ചുറ്റും ഇന്ന് രക്ത പുഷ്പങ്ങളോ മലരണിക്കാടുകളോ തിങ്ങി വിങ്ങി നിൽക്കുന്നില്ല. ഒരു വേള അതായിരിക്കും പ്രകൃതിയുമായുള്ള ഏകാന്ത സല്ലാപത്തിലേർപ്പെടുന്ന ആ കവിക്കിഷ്ടം. ഒന്നേ പരിഭവമുള്ളൂ പക്ഷികളുടെ ശബ്ദവും ലഹരിപിടിപ്പിക്കുന്ന പൂക്കളും ആ അസ്ഥിമാടത്തിനരികിലില്ലാത്തത്.
'' നക്ഷത്രങ്ങളുടെ സ്നേഹഭാജനം ജന്മം കൊണ്ടിട്ട് 108 വർഷം പിന്നിട്ടു. ഞാൻ എന്റെ ജീവിതം ധൂർത്തടിച്ചു എന്ന അവസാനനാളുകളിലെ ചങ്ങമ്പുഴയുടെ വാക്കുകൾ വികാരഭരിതനായി കേട്ടു നിന്ന പന്ത്രണ്ടു വയസുകാരന്റെ അതേ ലാഘവത്തോടെ എന്റെ കർണത്തിൽ ഇപ്പോഴും മുഴങ്ങി നിൽക്കുന്നുണ്ട്. ഇന്നും ഓർമ്മിക്കാനായി എന്റെ പക്കലിലുള്ളത് കൈയൊപ്പ് പതിഞ്ഞ ഒരു തുണ്ട് കടലാസ് മാത്രമാണ്."" -ഡോ.എസ്.കെ.വസന്തൻ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി.