കണ്ണിൽ കണ്ടതെല്ലാം ഫോട്ടോ എടുക്കുക എന്നിട്ട് അതിൽ ആവശ്യത്തിലും അതിലധികവും മിനുക്കു പണികളും മോടിപിടിപ്പിക്കലും ചെയ്യുക ഇന്ന് അത്ര പ്രയാസമുള്ള കാര്യമല്ല. പിന്നെ വാലും തലയുമില്ലാതെ അവ സോഷ്യൽ മീഡിയായിൽ പോസ്റ്റുചെയ്യുക അതിനേക്കാൾ എളുപ്പവുമാണ്. എന്നാൽ നല്ലരീതിയിൽ ഒരു ചിത്രം കിട്ടുക അല്ലെങ്കിൽ പകർത്തുക കഠിന തപസുപോലെ ശ്രമകരമായ ഒന്നാണ്. നല്ല ക്ഷമയും ഒരുപരിധിവരെ ഭാഗ്യവും ഇതിനാവശ്യമാണ്. അങ്ങനെ കിട്ടിയ ഒരു ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഗ്ലാസുകൾ, മിനുസമുള്ള ഷീൽഡുകൾ തുടങ്ങിയവയുടെ ഫോട്ടോ എടുക്കുക കുറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല അതിൽ റിഫ്ളക്ഷനുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ. ഷീൽഡിലെ റിഫ്ളക്ഷൻ എന്നാണ് തലക്കെട്ട് എങ്കിലും ഇത് ശരിക്ക് ഒരു ഷീൽഡിലെ പ്രതിഫലനമല്ല. വളരെ ക്ഷമയോടെ കാത്തിരുന്നു പകർത്തിയ ഒരപൂർവ ദൃശ്യമാണ്. ഫോട്ടോ എടുക്കുന്ന എന്റെ രൂപം, ഞാൻ നിൽക്കുന്ന തറ, അടുത്തുള്ള തൂണ്, ആകാശവും നീല മേഘങ്ങളും അല്പം ദൂരെയുള്ള കെട്ടിടത്തിന്റെ വെളുത്ത ചുമരും ഒക്കെ ഒരു കോൺവെക്സ് മിററിലെപ്പോലെ ഇതിൽ കുറച്ച് വളഞ്ഞു (കർവായി) പ്രതിഫലിച്ചു കാണാം. ഒറ്റ നോട്ടത്തിൽ ഒരു ദ്വാരത്തിലൂടെ ഫിഷ് ഐ ലെൻസുപയോഗിച്ചുടുത്ത ചിത്രമാണെന്നേ തോന്നൂ.
എന്നാൽ ഇത് മറ്റൊന്നാണ്. രാവിലെ കാമറയുമായി നടക്കുമ്പോൾ ഒരു കെട്ടിടത്തിന്റെ ചുറ്റുമതിലിൽ ഒരു കാക്കയിരിക്കുന്നതു കണ്ട് കുറെ അടുത്തേക്കുചെന്നു. സാധാരണഗതിയിൽ കറുത്ത ബാഗ്, കാമറ , നമ്മുടെ അംഗ ചലനങ്ങൾ ഒക്കെ ഏറെ ശ്രദ്ധിക്കുന്ന സംശയാലുക്കളായ കാക്കകൾ ഉടൻ പറന്നു പോകുകയാണ് പതിവ്. ഈ കാര്യങ്ങൾ നന്നായി അറിയാവുന്ന ഞാൻ ആവശ്യമായ ലെൻസ് കാമറായിൽ ഫിറ്റുചെയ്തു ഒരു സംശയവും തോന്നാത്തരീതിയിൽ ശ്വാസമടക്കിപ്പിടിച്ച് ഒട്ടും ശബ്ദമുണ്ടാക്കാതെ ഓരോ ചുവടുകൾ മുന്നോട്ടു വച്ച് കുറച്ചുകൂടി അടുത്തെത്തി. ഇതെല്ലാം നോക്കി എനിക്കുവേണ്ടി ഒരു ഭാവഭേദവും കൂടാതെ ആ കാക്ക പോസ്സ് ചെയ്തപോലെ ഇരുന്നു. കൂടുതൽ അടുത്തേക്ക് ചെന്നാൽ പറന്നുപോകുമെന്നുറപ്പാണ്. ഏതായാലും ഒരുപരീക്ഷണത്തിനു പോകാതെ അവിടെ നിന്ന് തന്നെ ക്ലിക്കുചയ്യാൻ തീരുമാനിച്ചു . അങ്ങനെനിന്നു കൊണ്ടു് സ്ലോമോഷനിൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഫോക്കസ് ചെയ്തു അതിന്റെ കണ്ണിലെ കൃഷ്ണമണിയുടെ ക്ലോസപ്പ് ഞാനുദ്ദേശിച്ച രീതിയിൽ ഒരുഫോട്ടോ എടുത്തു. അപ്പോഴേക്ക് അത് പറന്നുപോയി. കാക്കയുടെ കണ്ണിന്റെ വലിപ്പം എത്രയെന്നും ഒരു കാക്കയുടെ അടുത്ത് നമുക്ക് ചെല്ലാവുന്ന ദൂരം എത്രയെന്നുംകൂടി ആലോചിക്കുക. ചുറ്റുപാടുകൾ മുഴുവൻ പ്രതിഫലി ച്ചുകാണുന്ന കാക്കയുടെ കണ്ണിന്റെ അവിശ്വസനീയമായ ഈ ക്ളോസപ്പ് ചിത്രം അങ്ങനെ കിട്ടിയതാണ്.
നാഷണൽ ജ്യോഗ്രഫി മാഗസിൻ ഉൾപ്പെടെ പല വിദേശ മാദ്ധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിരുന്നു.