അഭിനയിച്ച രണ്ട് ചിത്രങ്ങളും ഹിറ്റായ കഥയാണ് നടി അന്ന ബെന്നിന് പറയാനുള്ളത്. കുമ്പളങ്ങിയിലെ ബേബിമോളിൽ നിന്നും രണ്ടാമത്തെ ചിത്രമായ ഹെലനിലെ കേന്ദ്രകഥാപാത്രത്തിലേക്കുള്ള അന്നയുടെ യാത്ര ആരെയും അത്ഭുതപ്പെടുത്തും. ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന രണ്ട് വേഷങ്ങൾ... അന്ന സംസാരിക്കുന്നു.
''ഒരു തുടക്കക്കാരിയെന്ന നിലയിൽ 'ഹെലൻ" ചലഞ്ചിംഗ് തന്നെയായിരുന്നു. സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. എല്ലാരും ചോദിക്കുന്നത് കോൾഡ് സ്റ്റോറേജിൽ കിടന്നതൊക്കെ ഒറിജിനലാണോ എന്നാണ്. തണുപ്പ് ഒട്ടും സഹിക്കാൻ പറ്റുന്നൊരാളല്ല ഞാൻ. എ.സി പോലും ഇഷ്ടമല്ല. ആ എന്നെയാണ് കോൾഡ് സ്റ്റോറേജിലാക്കി ഷൂട്ട് ചെയ്തത്. മൈനസ് മൂന്നു ഡിഗ്രി വരെയൊക്കെയായിരുന്നു തണുപ്പ്. ശ്വാസമെടുക്കാൻ പോലും പലപ്പോഴും ബുദ്ധിമുട്ടി. ഏതാണ്ട് പതിനഞ്ച് ദിവസത്തോളം ഫ്രീസറിനകത്തായിരുന്നു ഷൂട്ട്. നല്ലതുപോലെ കഷ്ടപ്പെട്ടു. ഇപ്പോൾ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ കഷ്ടപ്പെട്ടതിനൊക്കെ ഫലമുണ്ടായെന്ന് തോന്നുന്നു. ""
അങ്ങനെ ഹെലൻ സംഭവിച്ചു
ഹെലന്റെ കഥ കേട്ടപ്പോൾ തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. കാരക്ടർ റോൾ എപ്പോഴും കിട്ടുന്നതല്ല. കിട്ടിയപ്പോൾ രണ്ടാമതൊന്ന് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പിന്നെ, വിനീത് ശ്രീനിവാസന്റെ പ്രൊഡക്ഷൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ സന്തോഷമായി. അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. കഥ കേട്ട ശേഷം ഈ ചിത്രം നിർമ്മിക്കട്ടെയെന്ന് അദ്ദേഹം ഇങ്ങോട്ടേക്ക് ചോദിച്ചുവെന്ന് അറിയുന്നത് തന്നെ സന്തോഷമാണ്. ഡബിംഗിലും വിനീതേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്തു. കുമ്പളങ്ങിയിൽ എനിക്ക് സിങ്ക് സൗണ്ടായിരുന്നു. അതുകൊണ്ട് ഡബിംഗിനെ കുറിച്ച് വലിയ പിടിയൊന്നുമില്ലായിരുന്നു. ആ പേടി മാറ്റി തന്നത് അദ്ദേഹമാണ്.
ലാലങ്കിൾ എനിക്ക് പപ്പയാണ്
ചിത്രത്തിൽ ലാലങ്കിളാണ് എന്റെ അച്ഛനായിട്ട് എത്തുന്നത്. അദ്ദേഹത്തെ കുഞ്ഞിലേ മുതൽ അറിയാം. പപ്പയുടെ അടുത്ത സുഹൃത്താണ്. എനിക്ക് പപ്പയെ പോലെ തന്നെയാണ് ലാലങ്കിളും. അതുകൊണ്ട് പപ്പായെന്ന് വിളിക്കാൻ മടിയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ മകൾ ബന്ധം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞതും ആ പരിചയം കൊണ്ടാണ്. അദ്ദേഹമാണ് ഹെലനാകാൻ എന്റെ പേര് നിർദ്ദേശിച്ചതെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
ബേബിമോളെ മറന്നിട്ടില്ല
ഹെലനും ബേബിമോളും രണ്ട് വ്യത്യസ്ത സ്വഭാവക്കാരാണ്. ഹെലൻ കുറച്ചൂടെ പക്വതയുള്ള കഥാപാത്രമാണ്. തുടക്കക്കാരിയായതു കൊണ്ടാകാം ഒത്തിരി ചലഞ്ചിംഗായിട്ട് ഒന്നും ചെയ്യാൻ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നില്ല. ഹെലനിൽ കഥ തന്നെ ചലഞ്ചിംഗാണ്, ഫിസിക്കലി, മെൻഡലി ആ ചാലഞ്ച് ഏറ്റെടുക്കേണ്ടി വന്നു. ഹെലൻ കടന്നു പോകുന്ന അനുഭവം എനിക്ക് തീർത്തും അപരിചിതമാണ്. എന്നിട്ടും അത് നന്നാക്കി ചെയ്യാനുള്ള ധൈര്യം തന്നത് കൂടെയുള്ളവരാണ്. കിട്ടിയ രണ്ട് വേഷങ്ങളും പരമാവധി നന്നായി തന്നെ അഭിനയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
ഇനി ഹെലൻ എന്ന് കേൾക്കട്ടെ
കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. സിനിമയിൽ എത്തിയ സമയത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ബേബിമോൾ ആയി. ഇപ്പോൾ ഹെലൻ എന്ന വിളിയും കേട്ട് തുടങ്ങിയിട്ടുണ്ട്. ഇനി ഹെലൻ എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹം. ആക്ടിംഗിന്റെ ആദ്യ പാഠമായിട്ടാണ് കുമ്പളങ്ങിയെ ഞാൻ കാണുന്നത്. രണ്ടാമത്തെ പാഠം ഹെലനും. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അഭിനയിച്ച രണ്ട് ചിത്രങ്ങളും നല്ല അഭിപ്രായങ്ങൾ നേടുമ്പോൾ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നുന്നുണ്ട്.
എല്ലാവരെയും ഞെട്ടിച്ച എൻട്രി
വീട്ടിൽ സിനിമയുള്ളതു കൊണ്ടാകാം എനിക്കും ഈ മേഖലയോട് ഇഷ്ടം തോന്നിയത്. പഠിക്കുന്ന കാലത്തേ സിനിമയുടെ ഭാഗമാകണമെന്ന മോഹം മനസിലുണ്ടായിരുന്നു. പക്ഷേ അതിന് വേണ്ടി ശ്രമിച്ചിരുന്നില്ല. ഒടുവിൽ ആഷിഖ് ചേട്ടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടതാണ് നിമിത്തമായത്. അത് കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്സിന്റെ കാസ്റ്റിംഗ് കോളിലേക്ക് മെയിൽ അയക്കുന്നത്. ഓഡിഷനെല്ലാം കഴിഞ്ഞ് സെലക്ട് ആയതിന് ശേഷമാണ് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന് എല്ലാരും അറിഞ്ഞത്. വീട്ടിലും പറഞ്ഞിരുന്നില്ല ഓഡിഷന് അപേക്ഷിച്ചതൊന്നും. അങ്ങനെ എന്റെ സിനിമാ എൻട്രി ഭയങ്കര സർപ്രൈസുകളുടേതായിരുന്നുവെന്ന് പറയാം.
അമിത പ്രതീക്ഷകളില്ല
സിനിമയിൽ ഇനിയും ഏറെ സഞ്ചരിക്കാൻ ആഗ്രഹമുണ്ട്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടണമെന്നേയുള്ളൂ. പപ്പയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എത്രയും പെട്ടെന്ന് സംഭവിക്കട്ടെ. ഇപ്പോൾ കഥ കേൾക്കുമ്പോൾ പപ്പയുമായി ചർച്ച ചെയ്യാറുണ്ട്. ഇനി വരാനുള്ളത് കപ്പേള എന്നൊരു ചിത്രമാണ്. അതും നല്ലൊരു വേഷമാണ്. കഥകളൊക്കെ കേൾക്കുകയാണ്, ശരിയായ സമയത്ത് ശരിയായ കാര്യം സംഭവിക്കുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. അമിതമായ പ്രതീക്ഷകളൊന്നും വച്ചു പുലർത്താറില്ല.