woman-abuse

കൊച്ചി : ക്ഷേത്രദർശനം നടത്താനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തർ കൈയേറ്റം ചെയ്തു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ 3:30നാണ് സംഭവം നടന്നത്. കൊച്ചി ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് മർദ്ദനമേറ്റത്. സംഭവത്തിൽ പട്ടികജാതിക്കാരിയായ എറണാകുളം സ്വദേശിനി ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ച ശേഷം ദേവസ്വം വിജിലൻസ് ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തി. എന്നാൽ ഈ വിഷയത്തിൽ പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തിൽ വച്ചാണ് തന്നോട് ദേവസ്വം ബോർഡിന്റെ തൃശൂർ ആസ്ഥാനത്തുള്ള ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇയാളുടെ ഡ്രൈവറും ചേർന്ന് മോശമായി പെരുമാറിയതെന്നാണ് യുവതി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. യുവതി ബഹളം വച്ചതോടെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തരുൾപ്പെടെ ഓടിക്കൂടുന്നതും ഇവരെ ഇരുവരെയും കൈകാര്യം ചെയ്യുന്നതും. ദേവസ്വം വിജിലൻസ് പരാതിക്കാരിയിൽ നിന്നും ദേവസ്വം ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയായിട്ടുണ്ട്.

ഭക്തരുടെ മർദ്ദനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ആരോപണ വിധേയൻ. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് ഓർഗനൈസേഷൻ ബോർഡിന് പരാതി നൽകി. അതേസമയം പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും അറിയുന്നു.