മുംബയ്: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും കോൺഗ്രസും എൻ.സി.പി.യും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് 11.30ന് പരിഗണിക്കും. ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച നടപടി അടക്കം ചോദ്യം ചെയ്തുകൊണ്ടാണ് ശിവസേനയും എൻ.സി.പിയും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്നും ദേവേന്ദ്ര ഫട്നാവിന്റെയും അജിത് പവാറിന്റേയും സത്യപ്രതിജ്ഞ നിയമപരമല്ല എന്നും ഹർജിയിൽ ആരോപിക്കുന്നു. 24 മണിക്കൂറിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവിസിനോട് ആവശ്യപ്പെടാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
നിലവില്‍ 54 എന്‍.സി.പി എം.എല്‍.എമാരില്‍ ആറ് പേരുടെ പിന്തുണ മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസിനുള്ളതെന്നാണ് ഹര്‍ജിയില്‍ എന്‍.സി.പി ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടക പ്രശ്‌നത്തില്‍ അന്ന് സുപ്രീംകോടതിയില്‍ ഹാജരായ അഭിഷേക് മനു സിംഗ്‌വി, കബില്‍ സിബല്‍, വിവേക് തങ്കി എന്നിവര്‍ ഇത്തവണ ത്രികക്ഷി സഖ്യത്തിന് വേണ്ടി ഹാജരാവുന്നുണ്ട്.