നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അയോദ്ധ്യ തർക്കഭൂമിക്കേസിൽ അന്തിമ വിധി വന്നിട്ട് രണ്ടാഴ്ചയാകുന്നേയുള്ളു. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പകരം മുസ്ലീങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചു.

ayodhya-

ബാബറി മസ്ജിദ് പൊളിച്ചതിനാലാണ് പുരാതന രേഖകളുടെയും മറ്റും അടിസ്ഥാനത്തിൽ ഇങ്ങനെയൊരു വിധി വന്നത്. എന്നാൽ ബാബറി മസ്ജിദ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ വിധി എങ്ങനെയായിരിക്കും?​ നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. മുഗൾഭരണം നിലനിന്നിരുന്ന സമയത്ത് നിരവധി ക്ഷേത്രങ്ങൾ പൊളിച്ച് ആ സ്ഥാനത്ത് പള്ളികൾ നിർമ്മിച്ചിരുന്നു.

ഇതൊരു സൂചന മാത്രമാണ് മഥുരയും കാശിയും ബാക്കിയുണ്ടെന്നായിരുന്നു 1992ൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം ആയിരക്കണക്കിന് കർസേവകർ മുദ്രാവാക്യം വിളിച്ചത്. അയോദ്ധ്യ പോലെതന്നെ മഥുരയും കാശിയും ഹൈന്ദവരെ സംബന്ധിച്ച് പ്രധാന പുണ്യസ്ഥലങ്ങളാണ്. അയോദ്ധ്യ വിധി വന്നു കഴിഞ്ഞു. ഇനി അറിയേണ്ടത് അയോദ്ധ്യകേസിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധിന്യായം എങ്ങനെ കാശിയേയും മഥുരയേയും ബാധിക്കുമെന്നാണ്.

എന്നാൽ കാശിയിലും മഥുരയിലും ആരെങ്കിലും അവകാശവാദമുന്നയിച്ച് എത്തിയാലും അയോദ്ധ്യവിധി അവിടെ പ്രായോഗികമാകുകയില്ല. കാരണം ഇവിടങ്ങളിലിപ്പോഴും മസ്ജിദുകൾ നിലനിൽക്കുന്നുണ്ട്,​ മാത്രമല്ല അവിടെയൊക്കെ പ്രാർത്ഥനകളും നടക്കുന്നുണ്ട്.