jolly

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിലെത്തിച്ച് തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്, മാതാപിതാക്കൾ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ്‌ അന്വേഷണസംഘം തെളിവെടുത്തത്. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.

അറസ്റ്റിലായതിന് ശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ ജോളി അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയശേഷമാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ആദ്യം വാഴവരയിലെ പഴയ കുടുംബവീട്ടിലെത്തിച്ച ശേഷം വലിയക്കണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. പിതാവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ജോളിയുടെ സാന്നിദ്ധ്യത്തിലല്ല അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.

ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും,​ മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും,​ അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തുകയും കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വാഴവരയിലെ പഴയ കുടുംബ വീട്ടിലുണ്ടായിരുന്ന നായയെ വിഷം നൽകി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു.

കാർഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയാണ് വളർത്തുനായയിൽ പരീക്ഷിച്ചത്. ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് അന്ന് ആർക്കും മനസിലായില്ല. പ്രായമായി ചത്തതാണെന്നാണ് കരുതിയത്. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാൻ ജോളി തീരുമാനിച്ചത്.