pawar

മഹാരാഷ്ട്ര രാഷ്ട്രീയം ഇളകിമറിഞ്ഞിരിക്കുന്ന വേളയിൽ എല്ലാ കണ്ണുകളും നീളുന്നത് എൻ.സി.പി തലതൊട്ടപ്പൻ ശരദ് പവാറിലേക്കും അനന്തിരവൻ അജിത് പവാറിലേക്കുമാണ്. ഇളയച്ഛനാണോ അനന്തരവനാണോ കോൺഗ്രസിനെയും ശിവസേനയെയും ചതിച്ചുകൊണ്ട് എൻ.സി.പിക്ക് ബി.ജെ.പി പാളയത്തിലേക്ക് ചാടാൻ കളമൊരുക്കിയ സൂത്രധാരൻ എന്നാണ് ഏവരുടെയും ചോദ്യം. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ബി.ജെ.പിയോടൊപ്പം ചേരാനുള്ള അജിത്തിന്റെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ തീരുമാനമല്ല അതെന്നും പറഞ്ഞുകൊണ്ട് ശരദ് പവാർ കൈ കഴുകി. തന്റെ വാദം ഒന്നുകൂടി ഉറപ്പിക്കാൻ ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി പവാർ വാർത്താസമ്മേളനം നടത്തുകയും ചെയ്തു.

അതേസമയം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് താൻ ബി.ജെ.പിയോടൊപ്പം ചേർന്നതെന്നാണ് അജിത് പവാർ പറയുന്നത്. എന്നാൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്നറിയപ്പെടുന്ന ശരദ് പവാർ ഇക്കാര്യത്തിൽ നിഷ്കളങ്കത നടിക്കുകയാണോ എന്ന് സംശയിക്കാൻ ന്യായമായും വകയുണ്ട്. എൻ.സി.പി - കോൺഗ്രസ് - ശിവസേനാ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും അജിത് പവാറിന് മുഖ്യമന്ത്രി സ്ഥാനം നേടാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നിട്ടും അജിത്തിന് മറുകണ്ടം ചാടാൻ ധൈര്യം നൽകിയത് ശരദ് പവാറിന്റെ മൗനാനുവാദമാണെന്നാണ് അഭ്യൂഹം. മുൻ മഹാരാഷ്ട്ര ഗവർണറും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണന്റെ വാക്കുകൾ ഈ വാദം ശരിവയ്ക്കുന്നതാണ്.

പവാർ അറിയാതെ മണിക്കൂർ നേരം കൊണ്ട് അജിത്തിന് ബി.ജെ.പിയോടൊപ്പം ചേരാനാകില്ല എന്ന് ശങ്കരനാരായണൻ ഉറപ്പിച്ച് പറയുന്നു. 'ബ്രഹ്മാവ് അറിയാതെ ജനനമില്ല, യമൻ അറിയാതെ മരണവും' അദ്ദേഹം പറയുന്നു. മാത്രമല്ല എത്ര എം.എൽ.എമാരെ തങ്ങളുടെ കൂടെ നിർത്താൻ കഴിയും എന്ന ഉറപ്പിലാതെ ബി.ജെ.പിയും ഈ നീക്കത്തിന് മുതിരില്ല. അദ്ദേഹം ചൂണ്ടികാട്ടുന്നു. സഖ്യം സംബന്ധിച്ച് ശരദ് പവാർ ബി.ജെ.പിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പവാർ അറിയാതെ അജിത്തിന്റെ ബി.ജെ.പി പ്രവേശനം ഒരു കാരണവശാലും നടക്കില്ലെന്നും അദ്ദേഹം പറയുന്നു. അജിത്തിന് ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ത്രാണിയില്ല. പവാറിനെയും അജിത്തിനെയും ഉദ്ധവിനെയും ഫഡ്നാവിസിനെയുമെല്ലാം നന്നായി അറിയാവുന്ന ആളാണ് താനെന്നും ശങ്കരനാരായണൻ സമർത്ഥിക്കുന്നു. കർഷകരുടെ കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ മോദിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതും ശങ്കരനാരായണന്റെ വാദങ്ങൾ ഉറപ്പിക്കുന്നതാണ്.

ഇതുകൂടാതെ ശരദ് പവാറിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതവും അദ്ദേഹത്തെ ഇക്കാര്യത്തിൽ അവിശ്വസിക്കാനുള്ള കാരണങ്ങൾ നൽകുന്നുണ്ട്:

1. 1978-ൽ കോൺഗ്രസ് ഇന്ദിരാഗാന്ധി പിളർത്തിയപ്പോൾ പവാർ ഇന്ദിരാവിരുദ്ധ പക്ഷത്ത് നിന്നു. എന്നാൽ മഹാരാഷ്ട്ര ഇലക്ഷനിൽ ഇന്ദിരാ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ ജനതാപാർട്ടി അധികാരത്തിൽ വരുന്നത് തടയാൻ ഇന്ദിരാപക്ഷത്തെ പവാർ പിന്തുണച്ചു.

2. വസന്ത് ദാദ പട്ടീൽ സർക്കാരിൽ പവാർ മന്ത്രിയായിരുന്നു. 4 മാസം കഴിഞ്ഞപ്പോൾ അത് പൊളിച്ചു. 38 വയസിൽ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി. ജനതാപാർട്ടിയുടെ പിന്തുണയോടെ.

3. 1999-ൽ സോണിയയോട് വിദേശ പൗരത്വ പ്രശ്നത്തിന്റെ പേരിൽ പിണങ്ങി എൻ.സി.പി രൂപീകരിച്ചു. അത് കഴി​ഞ്ഞ് സോണി​യ നയി​ക്കുന്ന കോൺ​ഗ്രസുമായി​ ചേർന്ന് 15 വർഷം മഹാരാഷ്ട്രയിൽ ഭരണം തുടർന്നു.

4. 2014 ൽ മോദി ഇലക്ഷൻ പര്യടനത്തിനിടയിൽ എൻ.സി.പിയെ അഴിമതി പാർട്ടി എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ആദ്യ ഫട്‌നാവിസ് സർക്കാരിന് പിന്തുണ നൽകണമോ വേണ്ടയോ എന്ന് ശിവസേന ശങ്കിച്ചുനിന്നപ്പോൾ പവാർ പുറത്തുനിന്ന് പിന്താങ്ങാമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചു. തുടർന്നാണ് ശിവസേന ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

5. ശിവസേനയുമായി ഒരു തരത്തിലും കൂട്ടുകെട്ട് വേണ്ട എന്ന തീരുമാനത്തിൽ നിന്ന് സോണിയയെ മാറ്റാൻ പവാറിന് കഴിഞ്ഞു. സോണിയയുടെ മനസ് മാറിയപ്പോൾ പവാർ ഫലത്തിൽ മോദി പക്ഷത്ത് നിൽക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.