ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെ തുടർന്നുണ്ടായ കോലാഹലങ്ങൾ അടങ്ങിവരുന്നേയുള്ളു. വിവിധ ഭാഷകളും മതങ്ങളുമൊക്കെ ഒത്തുചേർന്ന രാജ്യമാണ് ഇന്ത്യ. ഹിന്ദി സംസാരിക്കാത്ത, അറിയാത്ത നിരവധിയാളുകൾ രാജ്യത്തുണ്ട്. നടി തപ്സിയോട് ഹിന്ദി സംസാരിക്കണമെന്ന് വാശിപിടിച്ച ആരാധകന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗോവയിൽ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ കോൺസർവേഷൻ സെക്ഷനിൽ അതിഥിയായെത്തിയപ്പോഴാണ് തപ്സിയോട് സദസിൽ ഇരിക്കുന്ന ഒരാൾ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത്. 'ഞാനൊരു ദക്ഷിണേന്ത്യൻ നടി കൂടിയാണ്. മാത്രമല്ല, ഇവിടെ സന്നിഹിതരായവരിൽ നല്ലൊരു പങ്കും ഹിന്ദി അറിയാവുന്നവരുമല്ല.'-ഇംഗ്ളീഷിലുള്ള സംസാരം തുടർന്നുകൊണ്ട് തപ്‌സി പറഞ്ഞു.
ഒരു ചിത്രത്തിൽ അഭിനയിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നതിന് തനിക്ക് മൂന്ന് മാർഗങ്ങൾ ഉണ്ടെന്നും താരം വ്യക്തമാക്കി. ഒന്ന്, തന്റെ മുന്നിൽ വരുന്ന പ്രമേയം സിനിമയായാൽ താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ചെലവഴിച്ച് സിനിമയ്‌ക്ക് ടിക്കറ്റെടുക്കാൻ സ്വയം തയാറാകുമോയെന്ന് ആലോചിക്കും. രണ്ട്, തന്റെ കഥാപാത്രം സിനിമ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുമോയെന്ന് നോക്കും. മൂന്നാമത്, ഭാവിയിൽ വിവാഹത്തിലൂടെ തനിക്കുണ്ടായേക്കാവുന്ന കുട്ടികൾക്ക് അവരുടെ അമ്മ ഇത്തരമൊരു വഷളൻ ചിത്രത്തിൽ എന്തിന് അഭിനയിച്ചുവെന്ന് ചോദിക്കാൻ ഇടയാക്കുന്നതാവരുത്.ഈ മൂന്നു കാര്യങ്ങളും ഓകെയായാൽ ചിത്രത്തിന് കൈ കൊടുക്കുമെന്ന് നടി പറയുന്നു. ഹീറോയുടെ താത്പര്യത്തിനനുസരിച്ച് നടിമാർക്ക് അവസരം നഷ്‌ടമാകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.