navaneeth

ആലപ്പുഴ: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി രണ്ട് ദിവസം മുമ്പാണ് നവനീത് എന്ന പന്ത്രണ്ടുകാരനെ മരണം കൊണ്ടുപോയത്. സഹപാഠിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ തെറിച്ചുവീണ ബാറ്റായി ഉപയോഗിച്ച തടിക്കഷണം തലയിൽ കൊണ്ടാണ് ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് മരണപ്പെട്ടത്. ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിനടുത്തേക്ക് പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നിൽ ബാറ്റ് പതിക്കുകയായിരുന്നു

ചൂനക്കര ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ നവനീതിന്റെ മരണം സഹപാഠികൾക്ക് ഇതുവരെ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ബാറ്റ് തലയിൽ പതിച്ച ശേഷം എന്തെങ്കിലും പറ്റിയോ എന്ന് അന്വേഷിച്ച കൂട്ടുകാരോട് കുഴപ്പമില്ല ചേട്ടാ എന്നും പറഞ്ഞ് അവൻ നടന്നു നീങ്ങി. ആ പോക്ക് മരണത്തിലേക്കായിരിക്കുമെന്ന് ചങ്ങാതിമാർ ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

നവനീതിന്റെ മരണവാർത്ത ഏറ്റവും തളർത്തിയത് ബാറ്റ് ചെയ്ത സഹപാഠിയെയാണ്. മരണവിവരം അറിഞ്ഞ ശേഷം അവൻ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. അബദ്ധത്തിലാണെങ്കിലും ആ മരണത്തിൽ തനിക്കുള്ള പങ്ക് ഓർത്ത് നീറി നീറി കഴിയുകയാണ് ആ വിദ്യാർത്ഥി. അവനെ അടിയന്തരമായി കൗൺസിലിംഗിന് വിധേയനാക്കണമെന്ന് ആർ. രാജേഷ് എം.എൽ.എയും പൊലീസും നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നവനീതിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. മൂന്ന് മണിയോടെ വീടിനോട് ചേർന്ന് തെക്കുവശത്ത് ഒരുക്കിയ ചിതയിലേക്കെടുത്തു. അനുജൻ നവീനാണ് ചിതയ്ക്ക് തീകൊളുത്തിയത്. എന്നും ചിരിച്ചുകൊണ്ട് നവീനെ സ്കൂളിലേക്ക് യാത്രയാക്കാറുള്ളത് നവനീതായിരുന്നു. ഇന്നലെയാണ് ചേട്ടന്റെ മരണവിവരം അവനറിയുന്നത്. ചേട്ടൻ സൈക്കിളിൽ നിന്ന് വീണ് പരിക്ക് പറ്റി ആശുപത്രിയിലാണെന്നായിരുന്നു നവീനോട് പറഞ്ഞിരുന്നത്. അച്ഛനെയും അമ്മയേയും സമാധാനിപ്പിക്കാനും എവരും പാടുപെട്ടു. ഒരു നാടിനെ മുഴുവൻ കരയിപ്പിച്ചുകൊണ്ടാണ് നവനീത് യാത്രയാകുന്നത്.