വയനാട്: സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തിൽ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിക്കും അച്ഛനും നേരെ ഭീഷണി. ബാലാവകാശ കമ്മീഷൻ പ്രതിനിധികൾക്ക് മൊഴി നൽകിയ ശേഷമാണ് നാട്ടുകാരിൽ കണ്ടാൽ തിരിച്ചറിയാവുന്ന ഏതാനും ചിലർ ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛൻ രാജേഷിനുമെതിരെ ഭീഷണി മുഴക്കിയത്. വാർത്താമാദ്ധ്യമങ്ങളോട് വിസ്മയയും മറ്റ് കുട്ടികളും സംസാരിച്ചതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. മക്കളെ ഓരോ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ച് ഷഹല പഠിച്ച ബത്തേരി സർവ്വജന സ്‌കൂളിനെ തകർക്കാനാണ് ഉദ്ദേശമെങ്കിൽ നാളെ വിസ്മയയും കുടുംബവും അനുഭവിക്കേണ്ടി വരുമെന്നും നാട്ടിൽ ഒറ്റപെടുത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.
തന്നെ ആരും ഇക്കാര്യങ്ങൾ പഠിപ്പിച്ച് വിട്ടതല്ലെന്നും ഷഹലയ്ക്കായി താൻ ഇനിയും സംസാരിക്കുമെന്നും വിസ്മയ പറഞ്ഞു. നേരത്തെ ഷഹലയുടെ വീട് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും മന്ത്രി വി.എസ്.സുനിൽ കുമാറും ഷഹലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരുന്നു. ഷഹലയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച് പുറത്തിറങ്ങിയ ശേഷം മന്ത്രി സി.രവീന്ദ്രനാഥും മന്ത്രി സുനിൽകുമാറും, സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും ഷഹലയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും പറഞ്ഞു. കേരളത്തിൽ ഏറ്റവും നല്ല വിദ്യാഭ്യാസ രീതിയാണുള്ളതെന്നും വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് നടന്നിട്ടുള്ളതെന്നും ഈ ഒരു വിഷയത്തിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും സി.രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു.
ചിലർ ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ എല്ലാവരെയും മോശമായി കാണരുത്. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകും. അദ്ദേഹം പറഞ്ഞു. ഷഹലയുടെ വീട് സന്ദർശിച്ചശേഷം മന്ത്രിമാർ ഷഹലയ്ക്ക് പാമ്പ് കടിയേറ്റ സ്‌കൂൾ സന്ദർശിച്ചു. ഷഹല ഇരുന്ന ബെഞ്ചിൽ ഇരുന്നുകൊണ്ടാണ് പാമ്പ് ഇരുന്ന മാളം വീക്ഷിച്ചത്. ഓഫീസിൽ അല്പനേരം ഇരുന്നശേഷം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഷഹലയുടെ മരണത്തോടെ വൻ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നത്.