moly-kannamaly

മലയാള സിനിമാ-സീരിയലുകളിലൂടെ ഹാസ്യ കഥാപാത്രമായെത്തി പ്രേഷക മനസിലിടം നേടിയ താരമാണ് മോളി കണ്ണമാലി. മോളി കണ്ണമാലി എന്ന പേരിനേക്കാളും ചാളമേരി എന്ന പേരിലാണ് മലയാളികൾക്ക് സുപരിചിതയായത്. സ്ത്രീധനം എന്ന പരമ്പരയിലൂടെ മോളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ താരമായി. മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ബിഗ് സ്ക്രീനിലും എത്തി. എന്നാൽ,​ കുറച്ചു നാളുകളായി ഹൃദ്രോഗത്തെ തുടർന്ന് അവശനിലയിലാണ് മോളി.

ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി ക‍ഴിയുകയാണ് അവരിപ്പോള്‍. ഏറെ നാളുകളായി ചികിത്സയിലായിരുന്നു മോളി. എന്നാൽ,​ ഈയിടെ നില വളരെ മോശമായി. ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളിക്ക് അഭിനയത്തിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അടിയന്തരമായി സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ,​ തുച്ഛമായ വരുമാനമുള്ള മക്കൾക്ക് മോളിയുടെ ഭാരിച്ച ചികിത്സാ ചിലവ് എങ്ങനെ താങ്ങാൻ ആകുമെന്ന അങ്കലാപ്പിലാണ്.

അടുത്തിടെ ഒരു സ്റ്റേജ് ഷോയ്ക്കെത്തിയ മോളിയെ കടുത്ത നെഞ്ചുവേദനയെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാരും അറിയിച്ചിരുന്നു. സിനിമയിൽ നിന്നും സീരിയലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാളും മോളി കഴിഞ്ഞുവന്നത്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇനിയും മലയാളികളെ ചിരിപ്പിക്കാൻ അവർക്ക് സാധിക്കുകയുള്ളൂ.